19 September Thursday

തേജസ്വിനിയും ചൈത്രവാഹിനിയും വറ്റി മലയോരം കടുത്ത വരൾച്ചയിലേക്ക‌്

സ്വന്തം ലേഖകൻUpdated: Saturday May 18, 2019
വെള്ളരിക്കുണ്ട്
തേജസ്വിനി പുഴയും ചൈത്രവാഹിനി പുഴയും വറ്റിവരണ്ടു.  സമീപകാലത്ത് ഒന്നും ഉണ്ടാവാത്ത വിധം കടുത്ത വരൾച്ചയാണ് മലയോരം നേരിടുന്നത്. മലയോരത്തെ പ്രധാന ജലസ്രോതസുകളാണ് കർണാടകയിൽ ഉത്ഭവിച്ച് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൂടെ ഒഴുകുന്ന തേജസ്വിനിയും ചൈത്രവാഹിനിയും. 
ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിലൂടെ കണ്ണൂർ കാസർകോട് ജില്ലകളെ അതിരിട്ട് ഒഴുകുന്ന തേജസ്വിനിയും ബളാൽ, വെസ്റ്റ്എളേരി പഞ്ചായത്തുകളിലൂടെ  ഒഴുകി മുക്കടയിൽ കാര്യങ്കോട് പുഴയിൽ ലയിക്കുന്ന ചൈത്രവാഹിനി പുഴയും കടുത്ത വേനലിലും ജലസമൃദ്ധമായിരുന്നു. എന്നാൽ ഇപ്പോഴത്തെ വേനൽ ചൂടിൽ   ഈ പുഴകളിൽ  ഒഴുക്ക് നിലച്ചു.   കരിമ്പിരിക്കയം, എരുമക്കയം, കാപ്പുംകുണ്ട്, ആവുള്ളങ്കയം തുടങ്ങിയ  ഇന്നുവരെ അടിത്തട്ട് കാണാതിരുന്ന കയങ്ങൾ വരെ വറ്റി. പുഴയരികിലെ  കുളങ്ങളും കിണറുകളും  വറ്റിവരണ്ടു. 
മലയോരം അടുത്തകാലത്തൊന്നും ഇത്രയേറെ വരൾച്ചനേരിട്ടിട്ടില്ല. കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്നവർ അലക്കാനും കുളിക്കാനും പാടുപെടുന്നു. കാർഷിക മേഖലയിലും വർൾച്ച വൻ പ്രതിസന്ധിയായി. തെങ്ങ്, കവുങ്ങ് എന്നിവ കരിഞ്ഞുണങ്ങാൻ തുടങ്ങി. സാധാരണ ലഭിക്കാറുള്ള വേനൽ മഴയും ലഭിക്കാത്തതിനാൽ പ്രതിസന്ധി രൂക്ഷമാവാനാണ‌് സാധ്യത.  കൊടുംചൂട് കാരണം പലരും റബർ ടാപ്പിങ‌് നിർത്തി. കശുവണ്ടിയാകട്ടെ പൂവാകുമ്പോഴേ  കരിഞ്ഞതിനാൽ  കർഷകരുടെ പ്രതീക്ഷയും തകർന്നു. വരൾച്ച കാരണം പുല്ലിന് ക്ഷാമം നേരിട്ടതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലായി.
കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കാൻ ഉപയോഗിക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സായ ചൈത്രവാഹിനി പുഴയിലെ എരുമക്കയത്തെ കിണറും വെള്ളം കുറഞ്ഞ് ഏത് നിമിഷവും വറ്റാവുന്ന സ്ഥിതിയിലാണ്. 
ഇതിനിടെ ചില പുഴയോര വാസികൾ അവശേഷിക്കുന്ന ജലാശയങ്ങളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് ജലം ഊറ്റുന്നതായി പരാതി ഉയർന്നു. 24 മണിക്കൂറും സ്പ്രിംഗ്ളർ വെച്ച് ചിലർ വെള്ളമൂറ്റുന്നു. ചിലർ പുഴയോരത്താണ് മോട്ടോർ സ്ഥാപിച്ചതെങ്കിൽ മറ്റുചിലർ പുഴയിൽ തന്നെ മോട്ടോർ സ്ഥാപിച്ചിട്ടുണ്ട്. ഇതൊന്നും കണ്ടഭാവം അധികൃതർ കാണിക്കുന്നില്ല. പുഴ കൈയേറ്റവും നിർമാണ പ്രവർത്തനങ്ങളും എല്ലാം പുഴകളുടെ നാശത്തിന് കാരണമാകുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top