17 August Saturday

ആത്മവിശ്വാസമുറപ്പിച്ച‌് പടനായകന്റെ പര്യടനം

സ്വന്തം ലേഖകൻUpdated: Thursday Apr 18, 2019
കാസർകോട‌്
തെരഞ്ഞെടുപ്പ‌് പ്രചാരണ പ്രവർത്തനങ്ങളെ ആവേശത്തിൽ ജ്വലിപ്പിച്ച‌് ഇടതുപക്ഷത്തിന്റെ പടനായകന്റെ പര്യടനം. കാസർകോട‌് പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌് ചന്ദ്രനെ മിന്നുന്ന ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളുടെ ഭാഗമായി നടത്തിയ റാലികളിലേക്കാണ‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ‌് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ‌്ണൻ എത്തിയത‌്. നാടിനെ ചുവപ്പിൽ മുക്കിയ തേരോട്ടത്തിൽ ആവേശത്തിന്റെ കൊടിയേറ്റം പോലെ പകൽപ്പൂരങ്ങളായി പടനായകന്റെ പര്യടനം മാറി.
പെരിയയിൽ മധ്യാഹ്ന വെയിലിനെ കൂസാതെ കാത്തുനിൽക്കുന്നവർക്കിടയിലേക്ക‌് കോടിയേരി ഇറങ്ങിയപ്പോൾ ആവേശം അലതല്ലി. തൊപ്പിപ്പാള വച്ചവരും ബലൂണുകൾ കൈയിലേന്തിയ കുട്ടികളും ചേർന്ന‌് വരവേറ്റു. അക്രമത്തിന്റെ പേരിൽ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നവരെ വിചാരണ ചെയ‌്ത‌് മന്ദസ്ഥായിയിൽ തുടങ്ങിയ പ്രസംഗം കണക്കും കാര്യങ്ങളും അവതരിപ്പിച്ച‌് മുന്നേറിയപ്പോൾ സദസ്സിന്റെ കരഘോഷം. പെരിയയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെ പാർടി തള്ളിപ്പറഞ്ഞതും നടപടിയെടുത്തതും വിശദീകരിച്ചു. എന്നാൽ സമാന സംഭവങ്ങളിൽ കോൺഗ്രസ‌് സ്വീകരിച്ച നിലപാട‌് തുറന്നുകാട്ടിയപ്പോൾ അത‌് പ്രസ്ഥാനം ഇതുവരെ അനുഭവിച്ച സഹനങ്ങളുടെ കണക്കെടുപ്പായി. ഒരു വിഭാഗം മാധ്യമങ്ങളും കോൺഗ്രസിന്റെയും ബിജെപിയുടെയും പക്ഷം ചേരുന്നത‌് നാടിനെ എവിടെയെത്തിക്കുമെന്ന‌് അദ്ദേഹം വിശദീകരിച്ചു. ഒരു തരത്തിലുമുള്ള അക്രമങ്ങൾക്കും സിപിഐ എം അനുകൂലമല്ല. അതുകൊണ്ടാണ‌് പിണറായി സർക്കാർ അക്രമം നടത്തുന്ന വ്യക്തികളിൽനിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമം ആവിഷ‌്കരിച്ച‌് കർശനമായി നടപ്പാക്കിയത‌്. എന്നാൽ, സിപിഐ എമ്മുകാരനോട‌് അക്രമം നടത്തണമെന്നും അവന്റെ വീട‌് തകർക്കപ്പെടണമെന്നുമുള്ള പൊതുബോധം നിർമിക്കാനാണ‌് ചില മാധ്യമങ്ങളുടെ ശ്രമം. അയ്യപ്പന്റെ പേര‌് പറഞ്ഞാൽ ജയിലടക്കുകയാണ‌് കേരളത്തിൽ എന്നാണ‌് മോഡിയും അമിത‌് ഷായും പറയുന്നത‌്. എന്നാൽ, അങ്ങനെ ഒരു സംഭവമെങ്കിലും ചൂണ്ടിക്കാട്ടാൻ അവർക്കു സാധിക്കുമോ. വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ അക്രമം നടത്തിയവരെയും മറ്റുള്ളവരുടെ തല തേങ്ങയെറിഞ്ഞ‌് പൊട്ടിച്ചവരെയും ജയിലലടച്ചിട്ടുണ്ട‌്. അത്തരത്തിൽ ഒരാളാണ‌് ഇപ്പോൾ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി. വിശ്വാസികളെ ഇടതുപക്ഷത്തിന‌് എതിരാക്കാമെന്ന നിങ്ങളുടെ പരിപാടി കേരളത്തിൽ ചെലവാകില്ല. ആദ്യ മുസ്ലിം പള്ളിയും ആദ്യ ക്രിസ‌്ത്യൻ പള്ളിയുമുയർന്ന കൊടുങ്ങല്ലൂരിൽ കമ്യൂണിസ‌്റ്റുകാരൻ ജയിച്ച ചരിത്രം നിങ്ങൾ മറിച്ചുനോക്കുന്നത‌് നന്നായിരിക്കും. 
കോൺഗ്രസിന‌് വോട്ട‌് ചെയ‌്താൽ എന്ത‌് പ്രയോജനം എന്നതാണ‌് നീലേശ്വരത്തെ മുനിസിപ്പൽ റാലിയിൽ കോടിയേരി വിശദീകരിച്ചത‌്. തുരുത്തിയിൽ കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടിലെ ഇരട്ടത്താപ്പാണ‌് വിശദീകരിച്ചത‌്. ന്യൂനപക്ഷങ്ങൾക്ക‌് രക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്നും കോടിയേരി വിശദീകരിച്ചു.
പെരിയയിൽ പി രാമചന്ദ്രൻ നായർ അധ്യക്ഷനായി.  ടി വി രാജേഷ‌് എംഎൽഎ,  കെ വി 
കൃഷ‌്ണൻ എന്നിവർ സംസാരിച്ചു. എൻ ബാലകൃഷ‌്ണൻ സ്വാഗതം പറഞ്ഞു‌.
നീലേശ്വരം മുൻസിപ്പൽ തല തെരഞ്ഞെടുപ്പ് റാലിയിൽ പി വിജയകുമാർ അധ്യക്ഷനായി. പി കരുണാകരൻ എംപി, എം രാജഗോപാലൻ എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി കെ രവി, പ്രൊഫ. കെ പി ജയരാജൻ, സുരേഷ് പുതിയേടത്ത്, ജോൺ ഐമൺ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അസീസ് കടപ്പുറം എന്നിവർ സംസാരിച്ചു. കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. മാർക്കറ്റ് ജങ്ഷനിൽ നിന്നും ഡിവൈഎഫ്ഐ നേതൃത്വത്തിലും കോൺവെന്റ് ജങ്ഷനിൽ ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിലും റോഡ്ഷോ നടന്നു.
മടക്കരയിലെ ചെറുവത്തൂർ പഞ്ചായത്ത് റാലിയിൽ എ അമ്പൂഞ്ഞി അധ്യക്ഷനായി. മുസ്ലിം ലീഗ് വിട്ട് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച അഡ്വ. സി ഷുക്കൂർ, പി സുബൈർ തുരുത്തി, അബ്ദുൾ കബീർ മടക്കര എന്നിവരെ കോടിയേരി സ്വീകരിച്ചു. പി കരുണാകരൻ എംപി, സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ, എം രാജഗോപാലൻ എംഎൽഎ, ടി വി രാജേഷ് എംഎൽഎ, സി പി ബാബു,  റിയാസ്, കെ കുഞ്ഞിരാമൻ,  കെ പി വത്സലൻ, കെ സുധാകരൻ, മുകേഷ് ബാലകൃഷ്ണൻ, അഡ്വ: സി ഷുക്കൂർ, പി വി ഗോവിന്ദൻ, മാധവൻ മണിയറ, ലത്തീഫ് എന്നിവർ സംസാരിച്ചു. പി വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top