13 November Wednesday

വാഹനങ്ങൾ വഴി തിരിച്ചുവിട്ടു; ട്രെയിൻ ഗതാഗതം നിർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
കാസർകോട്‌
ടാങ്കർ മറിഞ്ഞ്‌ പാചകവാതക ചോർച്ചയുണ്ടായത്‌ മുതൽ കാസർകോടിനും എരിയാലിനുമിടയിൽ പൊലീസ്‌ വാഹന ഗതാഗതം നിയന്ത്രിച്ചു. ഇതുവഴി പോകേണ്ട വലിയ വാഹനങ്ങളെ വിദ്യാനഗർ‐ ഉളിയത്തടുക്ക‐ സീതാംഗോളി റൂട്ടിലും ചെറുവാഹനങ്ങളെ ഉളിയത്തടുക്ക‐ ചൗക്കി റൂട്ടിലും വഴിതിരിച്ചുവിട്ടു. അടുക്കത്ത്‌ബയലിലേക്കുള്ള ഇടവഴികളിലും പൊലീസിനെ നിയോഗിച്ച്‌ അതുവഴിയെത്തുന്നവർക്ക്‌ ബോധവൽക്കരണം നടത്താനും പ്രത്യേക ശ്രദ്ധചെലുത്തി. അപകടസ്ഥലത്തുനിന്ന്‌ അര കിലോമീറ്റർ അടുത്താണ്‌ റെയിൽപാളമെന്നതിനാൽ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട്‌ ട്രെയിൻ ഗതാഗതവും നിർത്തിവയ്‌പ്പിച്ചു. ചോർച്ച അടച്ചശേഷമാണ്‌ ട്രെയിൻ ഗതാഗം പുനഃസ്ഥാപിച്ചത്‌. കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിലും കറന്തക്കാടും എരിയാലിലും റോഡ്‌ ഗതാഗതം തടഞ്ഞ്‌ പൊലീസ്‌ നിലയുറപ്പിച്ചു. രണ്ട്‌ കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളെ വീടുകളിൽനിന്ന്‌ ഒഴിപ്പിക്കാനും പൊലീസ്‌ ജാഗ്രത കാട്ടി. 
അപകടം നടന്നയുടൻ ജില്ലാ പൊലീസ്‌ മേധാവി ജെയിംസ്‌ ജോസഫ്‌,  ഡിവൈഎസ്‌പി പി പി സദാനന്ദൻ, സിഐമാരായ സി എ അബ്ദുൾറഹീം, വി വി മനോജ്‌, എസ്‌ഐമാരായ പി നളിനാക്ഷൻ, ഷെയ്‌ഖ്‌ അബ്ദുൾറസാഖ്‌, കെ ബാലകൃഷ്‌ണൻ എന്നിവർ സ്ഥലത്തെത്തി  മാർഗനിർദേശങ്ങൾ നൽകി.
പ്രധാന വാർത്തകൾ
 Top