08 December Wednesday

ഭൂമിയായി; പുതിയ സാധ്യതകൾ നെയ്യാം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
മുന്നാട് 
പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിലുള്ള മുന്നാട്ടെ നൂൽനൂൽപ്പ് കേന്ദ്രത്തിന്‌ പത്തുസെന്റ്‌ സ്ഥലം സംസ്ഥാന സർക്കാർ കൈമാറും. മറ്റുസ്ഥാപനങ്ങളുടെ കെട്ടിടത്തിൽ പുലരുന്ന സ്ഥാപനത്തിന്‌ ഇനി, അഭിമാനത്തിന്റെ പുതിയ കെട്ടിടമുയരും.
മുന്നാട് എയുപി സ്‌കൂളിന് സമീപം പത്ത്‌ സെന്റ്‌ ഭൂമിയാണ്‌ കഴിഞ്ഞ ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗം അനുവദിച്ചത്. 100 രൂപ സൗജന്യ നിരക്കിൽ 30 വർഷത്തേയ്ക്ക് പാട്ടത്തിനാണ്‌ റവന്യു ഭൂമി നൽകുന്നത്‌. 1990 ലാണ്‌ സ്ഥാപനം തുടങ്ങിയത്‌. അമ്പതുജീവനക്കാരെയാണ്‌ നിയമിച്ചത്‌. എന്നാൽ 25 പേർ മാത്രമാണ്‌ തൊഴിൽ തുടർന്നത്‌. നിലവിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ പണിത വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് നൂൽനൂൽപ്പ് കേന്ദ്രം പ്രവർത്തിക്കുന്നത്. 2014ൽ സ്ഥാപനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൈത്തറി കേന്ദ്രവും തുടങ്ങി. ഇവിടെ സാരി, കാവി മുണ്ട്‌, മറ്റു കോട്ടൺ തുണികൾ എന്നിവയാണ്‌ നെയ്യുന്നത്‌. ദിദേശ്‌ ബീഡി കേന്ദ്രത്തിലാണ്‌ ഇതിന്റെ കെട്ടിടം പ്രവർത്തിക്കുന്നത്‌. 25 പേർ ഇവിടെ ജോലി ചെയ്യുന്നു. 
രണ്ടിടത്തും നിന്നുതിരിയാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്‌. പരമ്പരാഗത വ്യവസായത്തെ പോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഇപ്പോൾ സ്ഥലം അനുവദിച്ചത്‌. മുപ്പത്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിലാണ്‌ സ്ഥലം ലഭിച്ചത്‌.
ദീർഘകാലം ജോലി ചെയ്‌ത സ്ഥാപനം സ്വന്തം കാലിൽ നിൽക്കാനുള്ള തയ്യാറെടുപ്പിലാണ്‌. അതിന്‌ സഹായം നൽകിയ സർക്കാരിൽ ജീവനക്കാർക്ക്‌ വലിയ പ്രതീക്ഷയുണ്ട്‌. വലിയ സാധ്യതകളാണ്‌ സ്ഥാപനത്തിനുള്ളത്‌. സ്വന്തം കെട്ടിടമായാൽ, നൂൽപ്‌ കേന്ദ്രവും കൈത്തറി കേന്ദ്രവും ഒരിടത്ത്‌ തന്നെ പ്രവർത്തിപ്പിക്കാനുമാകും
ഓമന വേളാഴി, പ്രസിഡന്റ്‌
ജില്ലാ ഖാദി വർക്കേഴ്‌സ്‌ യൂണിയൻ 
 
കോവിഡിന്‌ ശേഷം തുറക്കുന്ന വിപണിയിലേക്ക്‌ വലിയ സംഭവന നൽകാൻ ഈ സ്ഥാപനത്തിനാകും. നിലവിലെ പ്രരാധബ്ധങ്ങൾ മറി കടക്കുക എന്നതാണ്‌ വലിയ വെല്ലുവിളി. സ്വന്തം സ്ഥലം ലഭിച്ചത്‌, സ്ഥാപനത്തിന്റെ കുതിപ്പിന്‌ ഗുണം ചെയ്യും. സർക്കാർ സഹായത്തോടെ മാനേജുമെന്റ്‌ വേണ്ട രീതിയിൽ ഇടപെടുമെന്നാണ്‌ പ്രതീക്ഷ
സി സുശീല, ഖാദി ഇൻസ്‌ട്രക്ടർ 
 
വർഷങ്ങളുടെ കാത്തിരിപ്പിന്‌ ശേഷമാണ്‌ സ്ഥാപനത്തിന്‌ ഭൂമി ലഭിക്കുന്നത്‌. വലിയ പ്രതിസന്ധിയിലൂടെയാണ്‌ ഞങ്ങൾ കടന്നുപോയത്‌. സ്വന്തം സ്ഥലത്ത്‌ സ്വന്തം കെട്ടിടമായാൽ സ്ഥാപനത്തിന്റെ വളർച്ചയ്‌ക്കും ബിസിനസിനും അത്‌ സഹായമാകും.
എം രത്‌ന, തൊഴിലാളി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top