24 April Wednesday

പ്രളയദുരിതം

സ്വന്തം ലേഖകർUpdated: Wednesday Aug 15, 2018

റാണിപുരം റോഡിൽ മരം വീണ് ഗതാഗതം സ്‌തംഭിച്ചപ്പോൾ

കാസർകോട്‌
ഇടവേളയ്‌ക്കുശേഷം ജില്ലയിലും കാലവർഷം ശക്തമായി. മലയോര‐ തീരദേശ മേഖലകളിലാണ്‌ കനത്ത നഷ്ടമുണ്ടായത്‌. ഭീമനടി  കുന്നുെകെയിൽ മണ്ണിടിഞ്ഞ്‌ വീണിടത്ത്‌ ആളുകൾ കുടുങ്ങിയതായ ആശങ്കയ്‌ക്ക്‌ വിരാമമായി. ഇവിടുത്തെ മണ്ണ്‌ ഏറെക്കുറെ പൂർണമായും നീക്കി. ചൊവ്വാഴ്‌ച വൈകിട്ട്‌ പി കരുണാകരൻ എംപി കുന്നുകൈയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീറും സ്ഥലത്ത്‌ എത്തിയിരുന്നു. ജില്ലയുടെ തീരമേഖലയിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്‌. 
ബളാൽ പഞ്ചായത്തിലെ ചെറിയപുഞ്ചയിലെ വയമ്പിൽ ചിറ്റയുടെ വീടിനകത്തേക്ക് കല്ലും മണ്ണും വന്നുവീണ് വീട് തകർന്നു. വീടിനകത്ത് വെള്ളവും  മണ്ണും  കയറിയതിനാൽ വീട്ടുപകരണങ്ങളും നശിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂരിലെ കെ നാരായണന്റെ വീട്‌  മരം വീണ് വീട് തകർന്നു. കമല്ലൂരിലെ ചെമ്മഞ്ചേരി ബാലകൃഷ്ണന്റെ കിണർ ഇടിഞ്ഞ്  താണുപോയി. ഭീമനടി വില്ലേജിലെ കുറുഞ്ചേരിയിലെ ഏത്തക്കടവ് ജോൺസന്റെ വീടിന് ഉള്ളിലേക്ക് ഭീമൻ പാറക്കല്ല് വന്നിടിച്ച് വീട് പൂർണമായും തകർന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ജോൺസന്റെ കട്ടിലിലിടിച്ചാണ് കല്ല് നിന്നത്. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. വീട്ടിൽ ജോൺസണും അമ്മ സെലിനും മാത്രമാണ് ഉണ്ടായിരുന്നത്. 
കുറ്റിക്കോലിൽ ചില സ്ഥാപനങ്ങളുടെ നൈയിംബോർഡുകളും  ആസ്‌ബസ്‌റ്റോസും പറന്നുപോയി. പടുപ്പ് ഹോമിയോ  ഡിസ്പൻസറിയുടെ  മുകളിൽ വീണ മരം  നാട്ടുകാരും  ഫയർഫോഴ്സും മുറിച്ച്  മാറ്റി.
പടന്ന, തൃക്കരിപ്പൂർ മേഖലയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും  വ്യാപക നഷ്ടം.  തലിച്ചാലത്ത് 33 കെ വി ലൈനിൽ കവുങ്ങ് കടപുഴകി പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ മേഖലയിൽ മണിക്കൂറോളം വൈദ്യുതി മുടങ്ങി. ചൊവ്വാഴ്ച രാവിലെഏട്ടോടെ ഉദിനൂരിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. നടക്കാവിലെ ഓട്ടോ ഡ്രൈവർ പൂച്ചോലിലെ പി വി ബാബുവിന്റെ വീട് ഭാഗികമായി തകർന്നു. ഓട് മേഞ്ഞ വീടിന്റെ അടുക്കള യാണ് മഴയിൽ പൂർണമായും തകർന്നത്. കാലപ്പഴക്കം മൂലം ചോർന്നൊലിക്കുന്ന  വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നതോടെ കുടുംബത്തെ മറ്റൊരു വീട്ടിലേക്കി മാറ്റി. പടന്ന ടൗണിൽ പ്രവർത്തിക്കുന്ന ബേബി മാളിന്റെ രണ്ടാം നിലയിലെ ചില്ലുകൾ  തകർന്നു. തിങ്കളാഴ്ച അർധ രാത്രിയാണ് ശക്തമായകാറ്റിൽ ഗ്ലാസ്  തകർന്നത്.
കാനത്തൂരിൽ ചൊവ്വാഴ്ച രാവിലെ നാലോടെ  ശക്തമായ കാറ്റ് വീശി. മൂടയംവീടിലെ  രോഹിണിയുടെ വീടിന്‌ തേക്ക് മരം വീണ് വീട് തകർന്നു. രണ്ട് മരം കടപുഴകി വീണു.  ആളപായമില്ല. കാനത്തൂർ ടൗണിൽ ചന്തുവിന്റെ തുണിക്കട   പൂർണമായും തകർന്നു. തൊട്ടടുത്ത സ്റ്റേഷനറി കടയും  നശിച്ചു. അക്കേഷ്യ മരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.  വൻ അക്കേഷ്യ മരങ്ങൾ വീണ് വൈദ്യുത ലൈനുകളും പോസ്റ്റും തകർന്നിട്ടുണ്ട്. അടുത്തിടെ സ്ഥാപിച്ച സ്റ്റീൽ ഇലക്ട്രിക് പോസ്റ്റ്  മരം വീണ് ചെരിഞ്ഞ അവസ്ഥയിലാണ് . നാട്ടുകാരുടെ  സഹായത്തോടെ  ഒമ്പതോടെയാണ്‌  പുനഃസ്ഥാപിച്ചത്.  
പനത്തടി, കള്ളാർ, കോടോം ബേളൂർ പഞ്ചായത്തുകളിൽ വ്യാപകമായി മണ്ണ് ഇടിച്ചിലും കരയിടിച്ചിലും.  പല സ്ഥലത്തും റോഡുകളും  ചെറുതോടുകളും വെള്ളത്തിനടിയിലായി.  പുഴകളിലും തോടുകളിലും വെള്ളം കയറി കരയിടിച്ചിൽ വ്യാപകമായി. പല സ്ഥലത്തും ഗതാഗതം തടസ്സപ്പെട്ടു. റാണിപുരം ടൂറിസ്റ്റ്  കേന്ദ്രത്തിലേക്കുള്ള റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കള്ളാർ നാട്ടകോലിലെ  മുണ്ടോട്ട് കോളേജ് അധ്യാപകൻ തോമസ് സ്‌കറിയയുടെ വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞ് വീണു.  പൂടംകല്ല് കരിന്ത്രം കല്ലിലെ ആച്ചിക്കൽ ബിനോയുടെ വീടിന്റെ മുൻവശത്തെ സംരക്ഷണ മതിൽ തകർന്നു.  കോളിച്ചാൽ പാടിയിലെ ബിജുവിന്റെ ഷീറ്റ് ഇട്ട  വീടിന് മരം വീട് പൂർണമായും  തകർന്നു. വിവിധ പ്രദേശങ്ങളിൽ വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ കടപുഴകി വീണ് വെള്ളത്തിനടയിലായി.  നാശം വിതച്ച പ്രദേശങ്ങൾ  പാണത്തൂർ, കള്ളാർ, തട്ടുമ്മൽ, കോടോം, ബേളൂർ വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം സന്ദർശിച്ച് നഷ്ടം കണക്കാക്കി വരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top