06 August Friday

കലിതുള്ളി കാലവർഷം--

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

മതില്‍ ഇടിഞ്ഞ് പാണത്തൂര്‍ പട്ടുവം റോഡ് തടസപ്പെട്ട നിലയില്‍

കാസർകോട്‌

കാലവർഷം കലിതുള്ളി, തുള്ളിക്കൊരു കുടം പേമാരിയായി തുടരുന്നു. വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. വ്യാപകമായി കൃഷി നശിച്ചു. 
ഹൊസ്ദുർഗ്‌ താലൂക്കിൽ എട്ടും മഞ്ചേശ്വരത്ത് മൂന്നും വീടുകൾ ഭാഗികമായി തകർന്നു.  ചൊവ്വ, ബുധൻ ദിവസങ്ങളിലും കനത്ത മഴ തുടരും.  താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ  ജാഗ്രത പാലിക്കണം.
24 മണിക്കൂറും സേവനം ലഭ്യമാകുന്ന കൺട്രോൾ റൂമുകൾ താലൂക്ക്തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ  04994 257700, കാസർകോട്   04994 230021, മഞ്ചേശ്വരം 0499 8244044, ഹോസ്ദുർഗ് 04672204042, 0467 2206222, വെള്ളരിക്കുണ്ട് 0467 2242320
കാഞ്ഞങ്ങാട്‌ കിഴക്കൻ കൊഴുവൽ തെത്രോം വീട്ടിൽ തമ്പായിയുടെ വീട്ടു കിണർ താഴ്‌ന്നു.  അത്തിക്കോത്ത് ആണ്ടിയുടെ വീട്‌, മരം പൊട്ടിവീണു ഭാഗികമായി തകർന്നു.
ചെറുവത്തൂർ വെള്ളാട്ട് അയ്യപ്പഭജനമഠത്തിന് സമീപം മണ്ണിടിഞ്ഞ് വൻ നാശമുണ്ടായി. മഠത്തിന്റെ അലുമിനിയം ഷീറ്റ് തകർന്നു. പാത്രങ്ങൾ നശിച്ചു.  കെട്ടിടത്തിന്റെ ഭിത്തിയും അപകടത്തിലാണ്‌. കയ്യൂരിൽ തെങ്ങും വൃക്ഷത്തൈകളും പൊട്ടിവീണു. കയ്യൂർ അരയാക്കടവത്ത് മാധവിയുടെ വീട് ഭാഗികമായി തകർന്നു. വടക്കുമ്പാടെ പി വി ചന്ദ്രന്റെ കിണർ താണു. തുരുത്തി കാരിയിൽ പ്രദേശങ്ങളിലും വ്യാപകമായി കൃഷി നശിച്ചു.
മടിക്കെെ എരിക്കുളം ദിനേശ് ബീഡി കമ്പനിയുടെ അമ്പതോളം ഓടുകൾ കാറ്റിലിളകി വീണു. ഞായറാഴ്ച വീശിയടിച്ച കാറ്റിലാണ് ഓടുകൾ വീണത്. കാഞ്ഞിരപ്പൊയിൽ ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ടിലെ പൂമരം കടപുഴകി വീണു. ചാർത്താങ്കാൽ ചാലിന്റെ വശങ്ങളിലിൽ കെട്ടിയ നടപ്പാത തകർന്നു.
മതിൽ ഇടിഞ്ഞു റോഡിലേക്ക് വീണ്‌ പാണത്തൂർ പട്ടുവം റോഡ് തടസപ്പെട്ടു. പട്ടുവത്തെ പടിഞ്ഞാറെക്കൂറ്റ് പി ടി തോമസിന്റെ വീട്ടുമതിലാണ്‌ വീണത്‌. ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.
പടന്ന ഓരി തെക്കുപുറത്തെ  പി  ഗോപാലന്റെ വീട്‌ മരം വീണ് തകർന്നു.
മുക്കൂട് കാരക്കുന്ന് ബദർ ജുമാ മസ്ജിദിലെ ഷെഡ്‌ തകർന്നു. ഒരു ഭാഗം തൊട്ടടുത്തുള്ള കെ കെ അഷ്‌റഫിന്റെ വീട്ടിലേക്ക് തകർന്നു വീണു. പള്ളിയുടെ തൊട്ടടുത്തുള്ള വാഴത്തോട്ടവും  നശിച്ചു. ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top