22 June Tuesday

മഴയും കാറ്റും; വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

മഴയിലും കാറ്റിലും തകർന്ന പനത്തടി ഓറോട്ടിക്കാനത്തെ കെ പി രാജന്റെ വീട്

കാസർകോട്

ശക്തമായ വേനൽ മഴയിലും കാറ്റിലും  മിന്നലിലും ജില്ലയിൽ പലയിടത്തും വ്യാപക നാശം. മലയോരത്ത് മിക്ക പഞ്ചായത്തുകളിലും  കനത്ത നാശമാണ് മഴയും കാറ്റും വരുത്തിയത്. കാർഷിക വിളകൾ നശിച്ചു. വെെദ്യുതി വിതരണം താറുമാറായി. വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിൽ നിരവധി വീടും കൃഷിയും നശിച്ചു.  വെസ്റ്റ് എളേരി നരമ്പച്ചേരി കോളനിയിലെ ഹരിയുടെ വീട്  മിന്നലേറ്റ് തകർന്നു. ഹരിക്കും കുടുംബംഗങ്ങൾക്കും പൊള്ളലേറ്റു. വീടിന് കേട്പാട് സംഭവിച്ചു. വീടിന്റെ ഭിത്തിയിൽ വലിയ ഗർത്തം രൂപപ്പെട്ട് അടുത്ത മുറിയിലേക്ക് കടന്നു. ഇവിടെ  ഹരിയും കുടുംബാംഗങ്ങളും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും കിടന്നിരുന്നു. പൊള്ളലേറ്റ ഹരിയും കുടുംബവും വെള്ളരിക്കുണ്ട് സഹകരണ ആശുപതിയിൽ ചികിത്സ തേടി. ശക്തമായ കാറ്റിൽ മരം വീണ് വെള്ളരിക്കുണ്ട് കരുവള്ളടുക്കത്തെ വട്ടമലയിൽ ഷൈനിയുടെ വീട് തകർന്നു. തൊട്ടടുത്ത പറമ്പിലെ രണ്ട് മരങ്ങളാണ് വീടിന് മുകളിൽ വീണത്. വീട്ടിൽ ആളില്ലായിരുന്നു.  കട്ടിലും മേശയും ടെലിവിഷൻ സെറ്റും ഉൾപ്പെടേയുള്ള ഗൃഹോപകരണങ്ങൾ  തകർന്നു. 
വെള്ളരിക്കുണ്ട് കാറളത്തെ പാലത്തിങ്കിൽ വർക്കിയുടെ ഓട് മേഞ്ഞ വീട് കാറ്റിൽ ഭാഗികമായി തകർന്നു. ഇയാളുടെ 300  വാഴ, 50 കവുങ്ങ്, മൂന്ന് തെങ്ങ്  എന്നിവ നിലംപൊത്തി. മൂന്ന് വർഷമായ 200 ഓളം റബർ മരങ്ങൾ കാറ്റിൽ  ചാഞ്ഞു.  പാറപ്പായി ഷൈജസിന്റെ വീടിനു മുകളിൽ മരം പൊട്ടി വീണു. വെള്ളരിക്കുണ്ട് കാറളം റോഡിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെെദ്യുതി തൂണുകളും പൊട്ടി.  പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം താറുമാറായി. വെസ്റ്റ് എളേരി കുളത്തുകാട്ടെ താന്നിക്കൽ ഷാജിയുടെ വീടും  തകർന്നു. 
കനത്ത മഴയിൽ പനത്തടി  ഓറോട്ടിക്കാനത്തെ കെ പി രാജന്റെ വീട് പൂർണമായും തകർന്നു.  സമീപത്തെ മതിൽ ഇടിഞ്ഞാണ് വീട് തകർന്നത്.  നിരവധി പേരുടെ കമുങ്ങ്, വാഴ, റബർ, തെങ്ങ് എന്നിവ നശിച്ചു. വീട് തകർന്ന പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി എം കുര്യക്കോസ്,. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ എം വി പത്മകുമാരി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ സുപ്രിയ ശിവദാസൻ എന്നിവർ സന്ദർശിച്ചു.
 ശക്തമായ  മിന്നലിൽ മരക്കാപ്പ് കടപ്പുറത്തും പരിസരങ്ങളിലും വ്യാപക നാശം. ഞെക്ലിയിൽ സുലോചനയുടെ വെെദ്യുതി  മീറ്ററും മെയിൻ സ്വിച്ചും പൂർണമായി കത്തി നശിച്ചു. വൈദ്യുത ഉപകരണങ്ങൾ കേടായി.  വീടിന്റെ സൺ ഷൈഡ് പൊട്ടിപ്പൊളിഞ്ഞു. കാഞ്ചന, റീന,  സവിത, ശോഭിനി എന്നിവരുടെ വീട്ടിലെ ഫാൻ, ടി വി എന്നിവയും കേടായി. 
ചീമേനി കിളിക്കുളം, അള്ളറാട്ട്  എന്നവിടങ്ങളിലെ നിരവധി മരങ്ങൾ കടപുഴകി വീണു. വെെദ്യൂതി തൂണുകളും തകർന്നു. മരം പൊട്ടി വീണ് വീടുകൾക്കും കേടുപാട് സംഭവിച്ചു.
കിനാനൂർ -കരിന്തളം മേലാഞ്ചേരി ബളാൽ കൃഷ്ണന്  മിന്നലിൽ പരിക്കേറ്റു. വീട്ടിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി സന്ദർശിച്ചു. പുലിയന്നൂർ കുഞ്ഞിപ്പാറയിലെ എം പി യശോദയുടെ വീടിന് മുകളിൽ തേക്ക് മരം വീണ് വീട് ഭാഗികമായി നശിച്ചു.
നീലേശ്വരം ബസാറിൽ മരം പൊട്ടി വീണു ഗതാഗത തടസപ്പെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്‌.  മിന്നലിൽ  തൈക്കടപ്പുറത്തെ ആസ്യയുടെ വീട് തകർന്നു. വീട്ടുപകരണങ്ങളും നശിച്ചു.  വീട് നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, കൗൺസിലർ അബൂബക്കർ എന്നിവർ സന്ദർശിച്ചു.  പട്ടേന പത്തിലകണ്ടത്തിലെ പി വി കൗസല്ല്യയുടെ വീടിന് മിന്നലേറ്റു. വീട്ടുമുറ്റത്തുണ്ടായ തെങ്ങ് നശിച്ചു. 
മടിക്കൈ  കാലിച്ചാംപൊതിയിൽ പാലങ്കി വയൽ, മാപ്ലപള്ളം, കണിച്ചിറ എന്നിവിടങ്ങളിൽ മുന്നൂറോളം നേന്ത്രവാഴകൾ നശിച്ചു. ടി വി ബാലൻ, എൻ കൃഷ്ണൻ, നാരായണൻ കാഞ്ഞിരക്കൽ, പി കൃഷ്ണൻ കാലിച്ചാംപൊതി, കെ കൃഷ്ണൻ, മോഹനൻ കുരിക്കൾ വീട്,  ഗോപാലൻ കക്കാണൻ വീട് എന്നിവരുടെ വാഴകളാണ് നശിച്ചത്.
മടിക്കൈ മുണ്ടോട്ടെ  സി  വത്സലയുടെ പ്ലാസ്റ്റിക് ഷീറ്റിട്ട വീട് മരം വീണ്  പൂർണ്ണമായും തകർന്നു. മരം വീണ് പച്ചക്കുണ്ടിലെ മനോജിന്റെ ആസ്ബറ്റോസ് ഇട്ട വീട് മരം വീണ്‌ ഭാഗികമായി തകർന്നു. ചാളക്കടവിലെ കല്യോടൻ നാരായണന്റെ വീടും മരം വീണ്  തകർന്നു.  പച്ചക്കുണ്ടിലെ സഹോദരങ്ങളായ ബാലൻ,  അശോകൻ എന്നിവരുടെ   253 നേന്ത്രവാഴകൾ  നശിച്ചു.  മുൻ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരൻ, പള്ളത്തുവയലിലെ കൊട്ടൻകുഞ്ഞി, അശോകൻ, കുഞ്ഞിരാമൻ, നാരായണി, കാരാക്കോട്ടെ മാണിക്കം, അടുക്കത്ത് പറമ്പിലെ തങ്കമണി എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങൾ  നശിച്ചു. പച്ചക്കുണ്ടിലെ രാമകൃഷ്ണന്റെ വീടിന്റെ  മെയിൻ സ്വിച്ചിനും മീറ്ററിനും തീ പിടിച്ചു.  തമ്മണങ്കര ബാലന്റെ വീടിന്റെ ഓട് കാറ്റിൽ  തകർന്നു. പേരിയോട്ട് ദാമോദരന്റെ വീടിന്റെ തറ  മിന്നലേറ്റ്  പിളർന്നു. വണ്ണാത്തിക്കാനത്തെ ബാലന്റെ ഗർഭിണിയായ ആട്, പട്ടി എന്നിവ മിന്നലേറ്റ് ചത്തു. വീടിന് കേടുപാടും സംഭവിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, വൈസ് പ്രസിഡന്റ് വി പ്രകാശൻ എന്നിവർ സ്ഥലം സന്ദർശിച്ചു.  
പനയാൽ കിഴക്കേക്കരയിലെ കെ അശോകന്റെ വീടിന്‌ മിന്നലേറ്റു. അശോകന്റെ അമ്മ ജാനകിയെ  പരിക്കേറ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ വയറിങ്, വാട്ടർ ടാങ്ക്‌, ബ്രിഡ്‌ജ്‌, ടിവി എന്നിവ നശിച്ചു. അടുക്കള ഭാഗത്തെ വീടിന്റെ ചുമരിന്‌ വിള്ളൽ വീണു.  ബാര, അംബാപുരം, കൂളിക്കുന്ന്‌ പ്രദേശങ്ങളിൽ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക്‌ കേടുപാടുണ്ടായി.  ശക്തമായ മഴയിൽ  മുളിയാർ  മുണ്ടക്കൈ ഖാജാവളപ്പിലെ സിദിഖിന്റെ കിണറിന്റെ മണ്ണിടിഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top