27 May Monday

പെരുമാറ്റച്ചട്ട ലംഘനം തടയാൻ സി വിജിൽ ആപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കാസർകോട‌്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടർമാർക്കുതന്നെ തടയാനുള്ള മൊബൈൽ ആപ്ലിക്കേഷൻ സിറ്റിസൺസ് വിജിൽ (സി വിജിൽ) ജില്ലയിൽ പ്രവർത്തന സജ്ജമായി. മൊബൈൽ ആപ്പിലൂടെ ചട്ടലംഘനം മിനിറ്റുകൾക്കുള്ളിൽ റിട്ടേണിങ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയും വിധത്തിലാണ് ആപ്പ് സജ്ജീകരിച്ചത്. ജില്ലാ കലക്ടറേറ്റിലാണ് സി വിജിലിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുക. 
ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയോ വീഡിയയോ എടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്താൽ പരാതിയായി പരിഗണിക്കും. ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്‌ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ ഇതിന്റെ ഫോളോഅപ്പ് മൊബൈലിൽ തന്നെ ട്രാക്ക് ചെയ്യാൻ വോട്ടർക്കു കഴിയും. ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപോർട്ട് ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 
പരാതിക്കാരന്റെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകൾ ഇതിലുണ്ട്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി മാത്രമേ സ്വീകരിക്കൂ. ഫോട്ടോയോ വീഡിയയോ ക്ലിക്ക് ചെയ്ത ശേഷം സംഭവം റിപോർട്ട് ചെയ്യാൻ അഞ്ചു മിനിറ്റ് ലഭിക്കും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയയോ പഴയ ഫോട്ടയോ അപ്‌ലോഡ് ചെയ്യാൻ സാധ്യമല്ല. ആപ്പ് വഴി നൽകുന്ന പരാതി കൺട്രോൾ റൂമിൽ ലഭിക്കുകയും ഇവിടെ നിന്നും ആൻഡി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന് കൈമാറുകയും ചെയ്യും. പരാതി യാഥാർത്ഥ്യമാണെങ്കിൽ സ്വീകരിച്ച നടപടികളെ കുറിച്ച് 100 മിനുറ്റിനകം പരാതിക്കാരന് മറുപടി ലഭിക്കും.
പ്രധാന വാർത്തകൾ
 Top