26 March Tuesday

പുസ‌്തക പ്രകാശനം നാളെ വിഷമഴയെ തോൽപിച്ച‌് അക്ഷരങ്ങളുടെ കൂട്ടുകാരി

സ്വന്തം ലേഖകൻUpdated: Friday Mar 15, 2019
ചെറുവത്തൂർ
എല്ലുകൾ നുറുങ്ങുന്ന വേദനയിലും അക്ഷരങ്ങളോട‌് കൂട്ടുകൂടിയ ശിൽപ ഒടുവിൽ കഥാകാരിയായി. ശിൽപയുടെ "നിറഭേദങ്ങൾ' എന്ന കഥാസമാഹാരം ഇനി വായനക്കാരിലേക്ക്. ചീമേനി എലിക്കോട്ട് പൊയിലിലെ കെ ബി ശിൽപ എൻഡോസൾഫാൻ ദുരിതബാധിതയാണ്. എല്ലുകൾ പൊടിയുന്ന രോഗമാണ് വിഷമഴ സമ്മാനിച്ചത‌്. 
വീടിനുള്ളിൽ കഴിഞ്ഞിരുന്ന ശിൽപയെ ഒമ്പത് വർഷം മുമ്പ‌ാണ‌് വേണുഗോപാലൻ എന്ന അധ്യാപകൻ പഠനത്തിന്റെ ലോകത്തെത്തിച്ചത‌്. നാലിലാംകണ്ടം ഗവ. യുപി സ്‌കൂളിൽ രണ്ടാംക്ലാസിലെ അധ്യാപകനായിരുന്നു വേണുഗോപാലൻ. തുടർച്ചയായി ക്ലാസിൽ ഹാജരാകാതിരുന്ന ശിൽപയെതേടി  അദ്ദേഹം വീട്ടിലെത്തുകയായിരുന്നു. അവളുടെ അവസ്ഥ കണ്ട‌് വീട്ടിൽതന്നെ പഠനത്തിന‌് സൗകര്യമൊരുക്കി. പിന്നെ അക്ഷരങ്ങൾ  ശിൽപയ‌്ക്ക‌് കൂട്ടുകാരായി. കവിതകൾ എഴുതുന്ന ചേച്ചി ശാലിനിയും പഠനത്തിനു കൂട്ടായി. അഞ്ചു വിഷയങ്ങളിൽ എ പ്ലസും, രണ്ടു വിഷയങ്ങളിൽ എ യും ഉൾപ്പെടെ എസ്എസ്എൽസി പരീക്ഷയിൽ മിന്നുംജയം നേടി. എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ആണ് ശിൽപയെ കഥകളുടെ ലോകത്തേക്ക് നയിച്ചത്. 
കാഞ്ഞങ്ങാട് നെഹ്‌റു  കോളേജ് സാഹിത്യവേദിയാണ് ശിൽപയുടെ കഥാസമാഹാരം പുറത്തിറക്കുന്നത്. ശനിയാഴ‌്ച രാവിലെ 9.30ന് നെഹ്‌റു കോളജിൽ നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവം ഉദ്ഘാടന ചടങ്ങിൽ കവി സച്ചിദാനന്ദൻ പുസ‌്തകം പ്രകാശനം ചെയ്യും. എലിക്കോട്ട് പൊയിലിലെ ഭുവനചന്ദ്രന്റെയും നിഷയുടെയും മകളാണ് ശിൽപ.
പ്രധാന വാർത്തകൾ
 Top