24 February Monday

പടനിലങ്ങളിലെ ആദ്യപഥികർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
കേരളത്തിന്റെ ചരിത്രഗതി തിരുത്തിയ 1939ലെ പിണറായി പാറപ്രം സമ്മേളനത്തിലെ പ്രതിനിധികളായ 42 പേരിൽ രണ്ട്‌ പേർ കാസർകോട്ടുകാരായിരുന്നു. ടി എസ്‌ തിരുമുമ്പും വി വി കുഞ്ഞമ്പുവും. പാർടിയുടെ പരസ്യപ്രവർത്തനത്തിന്റെ വിളംബരമായി ‘കമ്യൂണിസ്‌റ്റ്‌ പാർടി സിന്താബാദ്‌, വിപ്ലവം ജയിക്കട്ടെ, ജന്മിത്വം തുലയട്ടെ’ എന്ന മുദ്രാവാക്യം ഈ നാടിന്റെ ഗ്രാമാന്തരങ്ങളിൽ ചുവരെഴുത്തുകളായി പ്രത്യക്ഷപ്പെട്ട കാലം. .  കർഷകരുടെയും തൊഴിലാളികളുടെയും സിരകളിൽ മാറ്റത്തിന്റെ ആവേശക്കനൽ ജ്വലിപ്പിച്ച്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സന്ദേശം ഒഴുകിത്തുടങ്ങി. ഇതിന്‌ വിത്ത്‌ പാകിയത്‌ നിസ്വാർഥരായ ഒരുപറ്റം മനുഷ്യ സ്‌നേഹികൾ. മാനവമോചനത്തിന്റെ പതാകയുമേന്തി, കണ്ണിൽ പ്രത്യാശയുടെ നക്ഷത്രം വിരിയിച്ച്‌,  വിശപ്പെരിയുന്ന വയറുമായി അവർ നാട്ടിടവഴികളിൽ ആശയപ്രചാരകരായി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇടത്‌ ആശയധാര സജീവമാകുന്നത്‌ പൂർണസ്വരാജ്‌ പ്രഖ്യാപിക്കപ്പെട്ട 1927 ഡിസംബറിലെ  മദിരാശി സമ്മേളനത്തോടെയാണ്‌. 1928  മെയ്‌ 25 മുതൽ 27വരെ പയ്യന്നൂരിൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മലബാർ കുടിയായ്‌മ നിയമം ചർച്ചയ്‌ക്കെടുത്തത്‌  പുതിയ  രാഷ്ട്രീയ ഉണർവിലേക്ക്‌ മലബാറിലെ കർഷകജനതയെ സഞ്ചരിപ്പിച്ചു. 1930ലെ സിവിൽ നിയമലംഘനപ്രസ്ഥാനത്തിൽപി കൃഷ്‌ണപിള്ള, എകെജി, കെപിആർ, കെ പി ഗോപാലൻ, കെ മാധവൻ തുടങ്ങിയവർ അറസ്‌റ്റിലായി. അവരെ പാർപ്പിച്ചത്‌ കണ്ണൂർ സെൻട്രൽ ജയിലിൽ. ബംഗാളിലെ വിപ്ലവസംഘടനയായ ‘അനുശീലൻ സമിതി’യിൽ ചേർന്ന്‌ പ്രവർത്തിക്കാൻ കൃഷ്‌ണപിള്ള ഉൾപ്പടെ തീരുമാനിച്ചതും മറ്റ്‌ നേതാക്കളുമായുള്ള സമ്പർക്കവും തടവറയെ  ഇടത്‌ രാഷ്ട്രീയപാഠശാലയാക്കി. 1934ൽ സിവിൽ നിയമലംഘനപ്രസ്ഥാനം ഗാന്ധി പിൻവലിച്ചത്‌ സോഷ്യലിസ്‌റ്റ്‌ ആശയഗതിക്കാരിൽ കോൺഗ്രസിനോടുള്ള വിയോജിപ്പ്‌ വളർത്തി. 1938ൽ കെപിസിസിയുടെ സംഘടനാ നേതൃത്വം ഇടതുപക്ഷത്തിന്റെ കൈകളിലമർന്നതിൽ കാഞ്ഞങ്ങാട്ടുകാരനായ എ സി കണ്ണൻനായരുടെ വോട്ടാണ്‌ നിർണായകമായത്‌. കണ്ണൻ നായരുടേത്‌ ഉൾപ്പടെ രണ്ട്‌ വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ഇഎംഎസും അബ്ദുൾ റഹ്‌മാൻ സാഹിബും കെപിസിസി അമരക്കാരായി എന്നത്‌ കാസർകോടിന്റെ അഭിമാനചിത്രം. 
പാറപ്രം സമ്മേളനത്തിന്‌ ശേഷം പി സുന്ദരയ്യ, പി കൃഷ്‌ണ പിള്ള തുടങ്ങിയ നേതാക്കൾ ഒളിവിലിരിക്കെ ജില്ലയിൽ പ്രവർത്തനത്തിനെത്തി. 1040ൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കാസർകോട്‌ താലൂക്ക്‌ ഘടകം കെ മാധവന്റെ നേതൃത്വത്തിൽ രഹസ്യപ്രവർത്തനം തുടങ്ങി. എ വി കുഞ്ഞമ്പു, കേരളീയൻ, ഇ കെ നായനാർ തുടങ്ങിയ നേതാക്കൾ രഹസ്യപ്രവർത്തനത്തിന്‌ എത്തി. തിരുമുമ്പ്‌, മടിക്കൈ കുഞ്ഞിക്കണ്ണൻ, പി അമ്പുനായർ, എൻ നാരായണവാര്യർ, കെ വി കമ്മാരൻ, എൻ ജി കമ്മത്ത്‌, ചന്തുമാഷ്‌, കെ കുട്ടൻ, ബി വി കുഞ്ഞമ്പു, എം ഹരിദാസ്‌ തുടങ്ങിയ ത്യാഗികളാണ്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രവഴിയിൽ കാസർകോട്ടെ ആദ്യപഥികർ. അവർക്കൊപ്പം ചരിത്രത്തിലെ മുഖമില്ലാത്ത നൂറുകണക്കിന്‌ നാട്ടുമനുഷ്യരും.
പ്രധാന വാർത്തകൾ
 Top