28 February Friday

ഇടയിലെക്കാട് കാവിൽ കുരങ്ങ്‌ ചത്തനിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
തൃക്കരിപ്പൂർ
ഇടയിലെക്കാട് കാവിനകത്ത് ദുരൂഹ സാഹചര്യത്തിൽ കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തി. കാവിനകത്തേക്കുള്ള തെക്കുഭാഗത്തെ വഴിയിൽ നിന്നും പത്തു മീറ്റർ പടിഞ്ഞാറ് മാറിയാണ് ചീഞ്ഞഴുകിയ നിലയിൽ ഒരു കുരങ്ങിന്റെ ജഡം കണ്ടെത്തിയത്.
കുരങ്ങിന് പതിവായി ഭക്ഷണം നൽകി വന്ന ചാലിൽ മാണിക്കത്തിന് അസുഖമായതിനാൽ ഭക്ഷണം കൊടുക്കുന്ന പതിവ് തെറ്റിയത് ചർച്ചയായിരുന്നു. ഇപ്പോൾ ഇടയിലെക്കാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ കെ മഹേഷും നാട്ടുകാരും ഉപ്പു ചേർക്കാത്ത ചോറും പഴങ്ങളും പച്ചക്കറികളും സ്ഥിരമായി നൽകി വരുന്നുണ്ട്. രണ്ടു വർഷം മുമ്പെ പത്തോളം കുരങ്ങുകളെ വിഷം കൊടുത്തു കൊന്ന സംഭവമുണ്ടായിരുന്നു. മനുഷ്യരോട് ഏറെ ഇണക്കമുള്ളതാണ് ഈ കാവിലെ വാനരർ. കാവിനകത്തു നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട  പരിസ്ഥിതി പ്രവർത്തകർ നിരീക്ഷണം നടത്തിയപ്പോഴാണ് ജഡം കണ്ടെത്തിയത്. എറണാകുളം ജില്ലയിൽ നിന്നുള്ള ചാത്തോത്ത് എൻഎസ്എസ് എൽ പി സ്കൂൾ വിദ്യാർഥികളുടെ സംഘം കാവിനകത്ത് പരിസ്ഥിതി പഠന സന്ദർശനം നടത്തുന്നതിനിടയിലാണ് ദുർഗന്ധം വമിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വാനരരുടെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന വാർത്തകൾ
 Top