26 November Thursday

അതിജീവനത്തിന്റെ അനുകരണീയ യുവജന മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കാസർകോട്‌
കോവിഡ് മഹാമാരിക്കെതിരെ കേരളം നടത്തുന്ന അതിജീവന പോരാട്ടത്തിൽ അനുകരണീയമായ മാതൃകയാണ്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യുവജനങ്ങൾ തീർത്തത്‌.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി  നടപ്പിലാക്കിയ റീ സൈക്കിൾ കേരളയിൽ കാസർകോട്‌ ജില്ലാ കമ്മിറ്റി നൽകിയത്‌ 64,21,884 രൂപ. ഇത്‌ സ്വരൂപിക്കാനായി യുവജനങ്ങൾ നടത്തിയ പ്രവർത്തനങ്ങളാണ്‌ ഏറെ ശ്രദ്ധേയം.  
പഴയ പത്രക്കെട്ടുകളും  ആക്രി സാധനങ്ങളും പാഴ് വസ്തുക്കളും ശേഖരിച്ചു, പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ കോരി പുഴ വൃത്തിയാക്കി,   ചക്കയും മാങ്ങയും തേങ്ങയും ഉൾപ്പെടെയുള്ള സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തി.കെട്ടിട നിർമാണത്തിനാവശ്യമായ കല്ലുകൾ ചുമന്നും വാഹനങ്ങൾ കഴുകിയും കിണറുകൾ ശുചീകരിച്ചും മൽസ്യ വിൽപന നടത്തിയും  മറ്റ് നിരവധി ജോലികൾ ചെയ്തും കിട്ടിയ വരുമാനം സംഭാവനയായി നൽകി. വള്ളിക്കൊട്ടകളും മൺപാത്രങ്ങളുംവരെ റീസൈക്കിൾ കേരളയുടെ ഭാഗമായി. കലാകാരന്മാർ നൽകിയ ചിത്രങ്ങളും ശിൽപങ്ങളും ബോട്ടിൽ ആർട്ടുകളും കരകൗശല വസ്തുക്കളും ഉൾപ്പെടെ വിൽപ്പന നടത്തി. യുവതയുടെ സമാനതയില്ലാത്ത സേവനപ്രവർത്തനങ്ങളിൽ  കലാ-കായിക -സാംസ്‌കാരിക-രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർവരെ പങ്കാളികളായി.  ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്തിന്റെ പെയിന്റിങ്ങുകൾ സ്വന്തമാക്കിയത്‌ ക്രിക്കറ്റ്‌ താരം ശ്രീശാന്തും ഫുട്‌ബോൾ താരം ഐ എം വിജയനുമാണ്‌. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തുടക്കംമുതൽ  മറ്റാർക്കും ചെയ്യാനാവാത്ത കാര്യങ്ങൾപോലും  ഡിവൈഎഫ്‌ഐ ഏറ്റെടുത്തു.  ഐസൊലേഷൻ വാർഡുകൾ സജജീകരിച്ചു. മാസ്കുകളും സാനിറ്റൈസറുകളും ഭക്ഷണവും വിതരണം ചെയ്തു. റിസൈക്കിൾ കേരളയ്‌ക്കൊപ്പം  കാർഷിക രംഗത്ത്‌ സജീവമായി ഇടപെടുകയാണ്‌ യുവജനസംഘടന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top