18 July Thursday
മഴക്കാലമെത്തി... മോഷ്ടാക്കളും

പാലക്കുന്നിൽ കടയുടെ ചുമർ തുരന്ന് കവർച്ച

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

പാലക്കുന്ന് മാർജിൻ ഫ്രീ സുപ്പർമാർക്കറ്റിലെ ചുമർ കുത്തിതുറന്ന നിലയിൽ

ഉദുമ

പാലക്കുന്നിൽ വീണ്ടും കടയുടെ ചുമർ തുരന്ന് കവർച്ച. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് മുൻവശത്തെ എംപീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന തെക്കിൽ സ്വദേശി ഖലീൽ റഹ‌്മാന്റെ  മാർജിൻ ഫ്രീ സുപ്പർമാർക്കറ്റിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. 
കടയുടെ പിറകുവശത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മേശ വലിപ്പിൽ ഉണ്ടായിരുന്ന ഏഴായിരം രൂപയും ചില്ലറ സാധനങ്ങളുമാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച  രാവിലെ കട തുറന്നപ്പോഴാണ് കവർച്ച അറിയുന്നത്. കവർച്ചയുടെ  ദൃശ്യം കടയുടെ അകത്തുള്ള സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
മുഖംമൂടിയും കയ്യുറയുമിട്ടയാളാണ‌് സിസിടിവിയിൽ പതിഞ്ഞത്.  പിൻവശത്തെ ചുമർ ഒരാൾക്ക് കടക്കാൻ പാകത്തിലാണ് തുരന്നത്. സമീപത്തെ സ്കൈ സെന്ററിൽ പ്രവർത്തിക്കുന്ന മുഹമ്മദിന്റെ ന്യൂ ജനത സ്റ്റോർസിലും കവർച്ച ശ്രമമുണ്ടായി.  പൂട്ടുകൾ പൊളിച്ചെങ്കിലും അകത്ത് കടന്നില്ല.  ബേക്കൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം പാലക്കുന്നിലെ മുതലാസ് കോർണർ സൂപ്പർമാർക്കറ്റിലും ഇതേ രീതിയിൽ കവർച്ചയുണ്ടായി.. 
കാലവർഷം തുടങ്ങിയതോടെ മോഷണം പെരുകി വരുന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പാലക്കുന്നിൽ രാത്രികാലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
ഐങ്ങോത്ത് 2 വീടുകളിലും കുടുംബശ്രീ ഹോട്ടലിലും കവർച്ച
കാഞ്ഞങ്ങാട്
മഴക്കാലമായതോടെ കവർച്ച പെരുകി. കഴിഞ്ഞ ദിവസം പടന്നക്കാട് ഐങ്ങോത്ത് രണ്ടു വീടുകളിലും ഒരു കുടുംബശ്രീ ഹോട്ടലിലും കവർച്ച നടന്നു. ഐങ്ങോത്ത് പരേതനായ കുന്നത്ത് മറ്റത്തിൽ ജോസ് ഫിലിപ്പോസിന്റെ ഭാര്യ റോഷ്നി ജോസഫ് താമസിക്കുന്ന വീട്ടിലും തൊട്ടടുത്ത റിട്ട. എൻജിനിയർ എൻ വി പത്മനാഭന്റെ വീട്ടിലുമാണ് കവർച്ച . രണ്ടു വീടുകളിലും ആൾതാമസില്ല.റോഷ്നി എറണാകുളത്തും പത്മനാഭൻ സിങ്കപ്പൂരിലുമായിരുന്നു.രണ്ടു വീടുകളുടെയും പ്രധാന വാതിൽ തകർത്ത നിലയിലാണ്.ഉടമസ്ഥർ എത്തിയാലേ എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലാകൂ. 
വിരലടയാള വിദഗ്ദർ തെളിവുകൾ ശേഖരിച്ചു. സമീപത്ത‌് ദേശീയ പാതയോരത്ത് കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലിലും കവർച്ച നടന്നു. മേശയിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
പ്രധാന വാർത്തകൾ
 Top