21 October Monday

പേമാരി ഒഴിഞ്ഞു; വേണം ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

 കാസർകോട്‌

മഴ കുറഞ്ഞതോടെ വെള്ളപ്പൊക്കവും നാശ നഷ്ടവുമുണ്ടായ ജില്ലയിലെ തെക്കൻപ്രദേശങ്ങളിൽ  ജനജീവിതം സാധാരണ നിലയിലേക്ക്‌ മടങ്ങിതുടങ്ങി. ഞായറാഴ്‌ച കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ചിലർ വീടുകളിൽ നിന്ന്‌ വെള്ളം ഇറങ്ങിയതോടെ മടങ്ങി. മഴ വന്നാൽ ജാഗ്രത വേണമെന്ന്‌ അധികൃതർ അറിയിച്ചു. ജില്ലയിൽ 1169   കുടുംബങ്ങളിലെ 3790 പേരാണ്‌ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്‌. ഹൊസ്‌ദുർഗിൽ താലൂക്കിൽ 21 ഉം വെള്ളരിക്കുണ്ടിൽ  ഒമ്പതും ക്യാമ്പുകൾ പ്രവർത്തിക്കുന്നു.  ഹൊസ്‌ദുർഗിൽ  കയ്യൂർ വില്ലേജിൽ നാലും ചെറുവത്തൂർ, നീലേശ്വരം,സൗത്ത് തൃക്കരിപ്പൂർ വില്ലേജുകളിൽ മൂന്നു വീതവും പേരോൽ, ക്ലായിക്കോട്, കാഞ്ഞങ്ങാട് വില്ലേജുകളിൽ രണ്ടുവീതവും  പടന്ന, വലിയ പറമ്പ, അജാനൂർ വില്ലേജുകളിൽ ഒന്നും വീതവും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വെള്ളരിക്കുണ്ട് താലൂക്കിൽ  പരപ്പ, കള്ളാർ വില്ലേജുകളിൽ രണ്ടു വീതവും പനത്തടി, മാലോത്ത്, ചിറ്റാരിക്കൽ, കോടോത്ത്, വെസ്റ്റ് എളേരി  വില്ലേജുകളിൽ ഒന്നു വീതവും ക്യാമ്പുകളും പ്രവർത്തിക്കുന്നു. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത് 189.75 മില്ലി മീറ്റർ മഴ. മൺസൂൺ ആരംഭിച്ചതിന് ശേഷം ഇതുവരെ 2287.1135 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. കനത്തമഴയിലും ശക്തമായ കാറ്റിലും ഇതുവരെ 21 വീടുകൾ പൂർണമായും 282 വീടുകൾ ഭാഗികമായും തകർന്നു. മഴക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ ജില്ലാ അധികൃതരുടെ നേതൃത്വത്തിൽ ഹൊസ്‌ദുർഗ് താലൂക്ക് ഓഫീസിൽ കളക്ഷൻ സെന്ററും  പടന്നക്കാട് കാർഷിക കോളേജിൽ ദുരിതാശ്വാസ സഹായ കേന്ദ്രവും തുടങ്ങി.
പ്രധാന വാർത്തകൾ
 Top