24 August Saturday
വനിതാ മതിൽ

ചേറ്റുകുണ്ടിൽ പൊലീസിനെ ആക്രമിച്ച 37 ബിജെപിക്കാർക്കെതിരെ കുറ്റപത്രം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
കാഞ്ഞങ്ങാട്
വനിതാ മതിലിൽ പങ്കെടുത്ത സ‌്ത്രീകളെ  ചേറ്റുകുണ്ടിൽ  ആക്രമിച്ചവരെ  തടഞ്ഞ പൊലീസിനെ ആക്രമിക്കുകയും ഔദ്യോഗിക വാഹനങ്ങൾക്ക് കേടുവരുത്തുകയും ചെയ‌്ത കേസിൽ ബിജെപി, ആർഎസ‌്എസ‌് പ്രവർത്തകർക്കെതിരെ കുറ്റപത്രം നൽകി. ബേക്കൽ പൊലീസാണ‌് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) കുറ്റപത്രം നൽകിയത്. 2019 ജനുവരി ഒന്നിന‌് വൈകിട്ട‌ാണ‌് സംഭവം. 
കേസിലാകെ 37 പ്രതികളാണുള്ളത‌്. മൂന്ന‌് പേർ പ്രായപൂർത്തിയാകാത്തവരാണ്. റെയിൽവേ ട്രാക്കിന‌് പടിഞ്ഞാറുഭാഗത്തെ വയലിൽ നിന്ന് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ബിജെപി, ആർഎസ‌്എസ‌് പ്രവർത്തകരാണ‌് അക്രമം നടത്തിയത‌്. ഡിവൈഎസ‌്പി ജെയ്സണിന്റെ നേതൃത്വത്തിൽ ബേക്കൽ, കാസർകോട്, ജില്ലാ ഹെഡ് ക്വാർട്ടേഴ്സ‌്, കെഎപി നാലാം ബറ്റാലിയൻ എന്നിവിടങ്ങളിലെ പൊലീസ‌്  സേനയാണ് സ്ഥലത്തുണ്ടായിരുന്നത്. 
   പൊലീസുകാരെ ആക്രമിക്കുന്നത‌് അറിഞ്ഞെത്തിയ  എഎസ‌്പി പ്രശോഭിന്റെ വാഹനം ബിജെപിക്കാർ എറിഞ്ഞു തകർത്തു. പിരിഞ്ഞു പോകണമെന്ന ആജ്ഞ ലംഘിച്ചതോടെ മൂന്ന‌് ഗ്രനേഡും മൂന്നു ടിയർ ഗ്യാസ് ഷെല്ലും പ്രയോഗിച്ചു. എന്നിട്ടും അക്രമികൾ പരിഞ്ഞുപോകാതെ പൊലീസിനെയും വനിതാമതിലിനെത്തിയ സ‌്ത്രീകളെയും അക്രമിച്ചുകൊണ്ടിരുന്നു. 
മാധ്യമപ്രവർത്തകർക്കും  ആക്രമണത്തിൽ പരിക്കേറ്റു.  തുടർന്നെത്തിയ ജില്ലാ പൊലീസ‌്മേധാവിയുടെ ചുമതലയുണ്ടായിരുന്ന യു അബ്ദുൽ കരീം കൂടുതൽ സേനയുമായി സ്ഥലത്തെത്തി. ഇദ്ദേഹത്തിന്റെ സർവീസ് പിസ്റ്റളിൽ നിന്ന് ആകാശത്തേക്ക് ഒരു റൗണ്ട് വെടിയുതിർത്തു. അപ്പോഴേക്കും കാഞ്ഞങ്ങാട് ഡിവൈഎസ‌്പി പി കെ സുധാകരനും സ്ഥലത്തെത്തി. ഇദ്ദേഹത്തിന്റെ വാഹനവും കല്ലെറിഞ്ഞ‌് തകർത്തതോടെ ആകാശത്തേക്ക‌് വീണ്ടും നാല‌് റൗണ്ട് വെടിയുതിർത്തു. 
ഔദ്യോഗിക വാഹനങ്ങൾ കല്ലെറിഞ്ഞ‌് തകർത്തതിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസർകോട് കെഎപിയിലെ സിവിൽ പൊലീസ‌് ഓഫീസർ ഓഫീസർ രോഹിത്തിന് കല്ലേറിൽ പരിക്കുമേറ്റിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top