18 June Tuesday

മോഹവിലയുടെ പ്രതീക്ഷയിൽ നേന്ത്രവാഴ വിളവെടുപ്പ‌്

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

മണക്കടവിലെ എം പി ഉപേന്ദ്രൻ നേന്ത്രവാഴ വിളവെടുത്തപ്പോൾ.

 നീലേശ്വരം

നേന്ത്രവാഴക്കുലയ്ക്ക് മോഹവില. മടിക്കൈയിൽ നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പാരംഭിച്ചു. വേനൽ മഴയോടൊപ്പം വന്ന കാറ്റിനെ അതിജീവിച്ച്  ബാക്കിയായ നേന്ത്രവാഴകളുടെ വിളവെടുപ്പാണ‌് കർഷകർക്ക‌് ആഘോഷമായത‌്.   ഏപ്രിലിൽ  ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ആയിരക്കണക്കിന് നേന്ത്രവാഴകളാണ് ഒടിഞ്ഞത്. അന്ന് കർഷകരുടെ പാടത്ത് വീണ കണ്ണീർ തുടക്കാനെന്ന പോലെ നേന്ത്രവാഴക്കുലക്ക് ഈ വർഷം മോഹവിലയാണ് ലഭിക്കുന്നത്. കിലോയ്ക്ക് അമ്പതിന് മുകളിലാണ് വില.കഴിഞ്ഞ വർഷം കിലോക്ക് 30 രൂപയ്ക്ക് താഴെയായിരുന്നു. കുല ശേഖരിക്കാൻ അമ്പലത്തുകരയിൽ നേന്ത്രവാഴ ശേഖരണ സൊസൈറ്റിയുമുണ്ട്. കഴിഞ്ഞ പ്രാവശ്യം 1.5 കോടി രൂപയുടെ നേന്ത്രക്കുല ശേഖരിച്ചിരുന്നു. ഇപ്രാശ്യം ഇത് ഇരട്ടിയാകും. മണക്കടവ്, ആലയി, പോത്തംകൈ, ചാളക്കടവ്, കക്കാട്ട്, പള്ളത്തുവയൽ, കണിച്ചിറ, കാലിച്ചാംപൊതി എന്നിവിടങ്ങളിലെ വയലുകളിലാണ് പ്രധാനമായും വാഴ കൃഷി. കാലവർഷത്തിന്റെ തുടക്കത്തിൽ വെള്ളപ്പൊക്കമില്ലാതിരുന്നത് കർഷകർക്ക് ആശ്വാസമായി. പയ്യന്നൂർ,  കണ്ണൂർ, മംഗളുരു ഭാഗങ്ങളിലേക്കാണ് മടിക്കൈയിൽ നിന്നും കുലകൾ കയറ്റിയയക്കുന്നത‌്. 
 
 
പ്രധാന വാർത്തകൾ
 Top