27 May Monday

സി വിജിൽ ആപ്പ‌ിലൂടെ ഇതുവരെ പരിഹരിച്ചത് 1334 പരാതി

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
കാസർകോട‌്
ലോക‌്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികൾക്കുള്ള സി വിജിൽ (സിറ്റിസൺസ് വിജിൽ) ആപ്ലിക്കേഷനിലൂടെ ജില്ലയിൽ ഇതുവരെ പരിഹരിച്ചത് 1334 പരാതി. 11 ഉച്ചവരെയുള്ള കണക്കാണിത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പോസ്റ്റർ, ബാനർ, കൊടി തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു സി വിജിലിലൂടെ ലഭിച്ച പരാതികളിൽ ഏറെയും. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ അനുവാദമില്ലാതെ സ്ഥാപിച്ച പോസ്റ്റർ, കൊടി എന്നിവയ്‌ക്കെതിരെയും പരാതികളുണ്ടായിരുന്നു. 
തെരഞ്ഞെടുപ്പ് ചട്ട ലംഘനം കണ്ടാൽ അത് മൊബൈൽ ഫോൺ കാമറയിൽ ഫോട്ടോയോ വീഡിയോ ആയി പകർത്തി സി വിജിൽ ആപ്പ് വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് സന്ദേശം അതത് നിയമസഭാ മണ്ഡലം സ്‌ക്വാഡുകൾക്കു കൈമാറും. സ്‌ക്വാഡുകൾ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടൻ  പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ചു ചട്ട ലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ‌്‌ലോഡ‌് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോഅപ്പ് മൊബൈലിൽ തന്നെ ട്രാക്ക് ചെയ്യാൻ വോട്ടർക്കും കഴിയും. ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. 
മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധമാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ചട്ട ലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ഈ ആപ്പ് വഴി അയക്കാൻ സാധിക്കൂ. മറ്റുള്ളവർ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങൾ അയക്കാൻ സാധിക്കില്ല. അതിനാൽ  വ്യാജമായ പരാതി ഒഴിവാക്കാൻ കഴിയും. തുടർച്ചയായി അഞ്ചു മിനിറ്റു മാത്രമേ ഈ ആപ്പ് പ്രവർത്തിക്കു. അഞ്ചു മിനുട്ട് കഴിഞ്ഞാൽ ആപ്പിന്റെ പ്രവർത്തനം നിലയ്ക്കും. വീണ്ടും ആപ്പ് തുറന്നു പരാതി അഞ്ചു മിനുറ്റിൽ ഒതുക്കി പകർത്തി അയയ്ക്കേണ്ടി വരും. സി വിജിൽ ആപ് പ്ലേസ്റ്റോറിൽ ലഭിക്കും. www.ceo.kerala.gov.in/home.html
മറ്റുതരത്തിലുള്ള തെരഞ്ഞെടുപ്പ് പരാതി  04994 255825, 04994 255676 എന്നീ നമ്പറുകളിലാണ് വരുന്നത്. ഈ പരാതികളിലും ഉടൻതന്നെ നടപടി സ്വീകരിക്കും. വോട്ടർമാർക്കുള്ള സഹായത്തിനായി 1950 എന്ന നമ്പറിലേക്കും വിളിക്കാം.
 
പ്രധാന വാർത്തകൾ
 Top