22 July Monday

മതവികാരം ഇളക്കിവിടുന്ന ഉണ്ണിത്താന്റെ പ്രസംഗത്തിനെതിരെ എൽഡിഎഫ് പരാതി നൽകി

പ്രത്യേക ലേഖകൻUpdated: Friday Apr 12, 2019
കാസർകോട്
വോട്ടർമാരുടെ മതവികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തിയ യുഡിഎഫ് കാസർകോട് മണ്ഡലം സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താനെതിരെ എൽഡിഎഫ് പരാതി നൽകി. 
പയ്യന്നൂർ അരവഞ്ചാലിലാണ് ഏപ്രിൽ എട്ടിന് ഉണ്ണിത്താൻ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസംഗം നടത്തിയത്‌. എൽ ഡി എഫ് കാസർകോട് മണ്ഡലം സെക്രട്ടറി ടി വി രാജേഷ് എംഎൽഎയാണ് മുഖ്യ വരണാധികാരി കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നൽകിയത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഈ പ്രസംഗം ആവർത്തിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ശബരിമല വിധിയുമായി ബന്ധപ്പെട്ട്  സുപ്രിംകോടതിയെ  അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്നതാണ് പ്രസംഗം. എൽഡിഎഫ് സർക്കാർ വിശ്വാസികൾക്കെതിരാണെന്നും ഉണ്ണിത്താൻ പറയുന്നുണ്ട്. വിവിധ മതങ്ങളുടെ വികാരം ഇളക്കിവിടുന്ന രീതിയിലാണ് പ്രസംഗം. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിഷ്കർഷിച്ചിരുന്നു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കിയിരുന്നു. 
തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ച യുഡിഎഫ് സ്ഥാനാർഥി ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ടി വി രാജേഷ് പരാതിയിൽ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top