05 August Wednesday
ജില്ലാ പൊലീസ്‌ മേധാവി റിപ്പോർട്ട്‌ കൈമാറി

തട്ടിയെടുത്ത വഖഫ്‌ ഭൂമി തിരിച്ചുപിടിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
തൃക്കരിപ്പൂർ
വഖഫ് ഭൂമി തട്ടിയെടുത്തത് തിരിച്ച് പിടിക്കാൻ വഖഫ് ബോർഡ് നടപടിയാരംഭിച്ചു.  ജില്ലാ പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് വഖഫ് ബോർഡിന്റെ എറണാകുളത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ തൃക്കരിപ്പൂരിൽ പ്രവർത്തിക്കുന്ന ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരം, ജെംസ് സ്‌കൂൾ  എന്നീ വഖഫ് സ്വത്ത്‌ വിറ്റ ആധാരം റദ്ദാക്കി ഭൂമി തിരിച്ച് പിടിക്കണമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. 2015 ൽ  ഇതേ കമ്മിറ്റി വിൽപന നടത്തിയ ഭൂമിയും തിരിച്ച് പിടിക്കാനും 15 വർഷമായി കൈവശം വെച്ചതിന് നിയമ നടപടിയെടുക്കാനും ശുപാർശയുണ്ട്. 
എം സി കമറുദീൻ എംഎൽഎ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ ജി സി ബഷീർ ട്രഷററുമായ ടാസ്‌ക്‌ ട്രസ്‌റ്റിന്‌ വേണ്ടിയാണ് വഖഫ് ഭൂമി ചുളുവിലക്ക് തട്ടിയെടുത്തത്. കമ്മിറ്റിയുടെ പേരിൽ 12 ആധാരങ്ങളിലായി 4.15 ഏക്കർ ഭൂമിയാണുള്ളത്‌. ഇവ 2012 ൽ അന്നത്തെ സ്‌കൂൾ മാനേജരായിരുന്ന ഒ ടി അഹമ്മദ് ഹാജിക്ക്  ലീസായി രജിസ്‌റ്റർ  ചെയ്‌തു.  ഇതിലുൾപ്പെട്ട 34.98 സെന്റ്‌ ഭൂമി ഒ ടി അഹമ്മദ് ഹാജി വിലക്ക് വാങ്ങി. ഭൂമിക്ക് പുറമെ കെട്ടിടം കാണിച്ചതിലും കൃത്രിമം കാട്ടിയത് നേരത്തെ പുറത്ത് വന്നിരുന്നു.  വഖഫ് സ്വത്തുക്കൾ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ്  കൈമാറിയത്. നിയമപരമായി തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്‌ സമസ്‌തയും മുന്നറിയിപ്പ് നൽകിയിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top