27 January Monday

മുളിയാറിലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത‌് 144 പേർ എൻഡോസൾഫാൻ മേഖലയിൽ ആശ്വാസകിരണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

‘ദുരിതമേഘമേ ഇനിയും നൊമ്പരമഴ ചൊരിയരുതേ’... ബോവിക്കാനം ബിഎആർ സ‌്കൂളിൽ നടന്ന എൻഡോസൾഫാൻ രോഗികൾക്കായുള്ള ക്യാമ്പിലേക്ക‌് അഡൂർ നൂജിബെട്ടുവിലെ വിശ്വനാഥയെ കൊണ്ടുവരുന്നു. ഫോട്ടോ > സുരേന്ദ്രൻ മടിക്കൈ.

കാസർകോട് 
ദുരിതബാധിതർക്കായി ആഗസ‌്തിൽ സ‌്പെഷ്യലിസ‌്റ്റ‌് മെഗാ മെഡിക്കൽ ക്യാമ്പ‌് സംഘടിപ്പിക്കുമെന്ന സർക്കാർ തീരുമാനം വന്നതോടെ എൻഡോസൾഫാൻ മേഖലയിൽ ആശ്വാസത്തിന്റെ വെളിച്ചം. വിഷയം രാഷ്ട്രീയമായി മുതലെടുക്കാൻ ചിലർ നടത്താനിരുന്ന നീക്കം പാളിച്ചാണ‌് ക്യാമ്പ‌് തുടങ്ങുന്നതിന‌് മുമ്പായി സർക്കാർ പ്രഖ്യാപനം വന്നത‌്. കഴിഞ്ഞ ക്യാമ്പിൽ സ്ലിപ‌് ലഭിച്ചിട്ടും ഹർത്താൽ മൂലം പങ്കെടുക്കാൻ സാധിക്കാത്തവർക്കായാണ‌് ബുധനാഴ‌്ച ബോവിക്കാനം ബിഎആർ സ‌്കൂളിൽ ക്യാമ്പ‌് സംഘടിപ്പിച്ചത‌്. രോഗികളുടെ എണ്ണക്കൂടുതൽ ഉൾപ്പടെയുള്ള മേഖലയിലെ പ്രശ‌്നങ്ങൾ സിപിഐ എം ജില്ലാ കമ്മിറ്റി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രദേശത്ത‌് നിരന്തരം ഇടപെടൽ നടത്തുന്ന കാറഡുക്ക ഏരിയാകമ്മിറ്റിയും പ്രശ‌്നത്തിന്റെ തീവ്രത അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ‌് സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിച്ചത‌്. 
ബോവിക്കാനം  ബിഎആർഎച്ച്എസ് സ്‌കൂളിൽ ബുധനാഴ‌്ച നടത്തിയ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചത് 144 പേരെ. മുളിയാറിൽ 2017 ഏപ്രിൽ എട്ടിന് നടത്തിയ  ക്യാമ്പിൽ പങ്കെടുക്കാന് സാധിക്കാത്ത  276 പേർക്കാണ് സ്ലിപ്പ് നൽകിയത്. ഇവരിൽ ക്യാമ്പിൽ എത്തിയ 144 പേരെയാണ് വിദഗ്ധ ഡോക്ടർമാർ വിശദമായി പരിശോധിച്ചത്.  പുതുതായത്തിയ 84 പേരുടെ രജിസ്‌ട്രേഷനും ക്യാമ്പിൽ നടത്തി.
സർജറി, അസ്ഥിരോഗം,  ന്യൂറോളജി, ഇ എൻ ടി, മനോരോഗം, നേത്രരോഗം , ശിശു രോഗം, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ത്വക്ക് രോഗം എന്നീ 10 വിഭാഗത്തിലെ  ഡോക്ടർമാരാണ്  പരിശോധിച്ചത്. 
സർജറി വിഭാഗത്തിൽ നാല് പേരും അസ്ഥിരോഗ വിഭാഗത്തിൽ 16 പേരും ന്യൂറോളജി വിഭാഗത്തിൽ 23 പേരും  ഇ എൻ ടി വിഭാഗത്തിൽ 17 പേരും മനോരോഗ വിഭാഗത്തിൽ 37 പേരും നേത്രരോഗ വിഭാഗത്തിൽ അഞ്ചു പേരുമാണ് വിദഗ്ധ  പരിശോധനയ്ക്ക് വിധേയമായത്. ശിശുരോഗ വിഭാഗത്തിൽ ഒരാളേയും ജനറൽ മെഡിസിനിൽ 29 പേരേയും ഗൈനക്കോളജി  വിഭാഗത്തിൽ ഏഴു പേരേയും ത്വക‌് രോഗവിഭാഗത്തിൽ അഞ്ചുപേരെയും ഡോക്ടർമാർ പരിശോധിച്ചു.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കേണ്ടവർക്കുള്ള സ്ലിപ്പുകൾ മുളിയാർ ക്യാമ്പിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളായ മുളിയാർ, ചെങ്കള, ബേഡടുക്ക, ദേലംപാടി,കാറഡുക്ക,മൊഗ്രാൽ പുത്തൂർ,കുറ്റിക്കോൽ, മധൂർ എന്നിവിടങ്ങളിലെയും കാസർകോട് മുനിസിപ്പാലിറ്റിയിലെയും ആരോഗ്യ സ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്തത്.  ഇത്    ക്യാമ്പിൽ പങ്കെടുപ്പിക്കാൻ ഏറെ സഹായകരമായി. 
മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരാണ്   രോഗികളെ പരിശോധിച്ചത്.  വിദഗ്ധ പരിശോധന നടത്തിയ 144 പേരിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഭാഗത്തിൽപ്പെടുത്താൻ കഴിയുമെന്ന് (ബയോളജിക്കൽ പോസിബിലിറ്റിയുള്ളവരെന്ന്)  ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നവരെ ക്കുറിച്ച് ഫീൽഡ് തല അന്വേഷണം നടത്തും. ഈ രണ്ടു റിപ്പോർട്ടുകളും മൂന്നാം ഘട്ട പരിശോധന നടത്തി കലക്ടർ മുഖേനെ എൻഡോസൾഫാൻ ദുരിതബാധിത ബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്ലിൽ സമർപ്പിക്കും. ഈ പട്ടിക സെല്ലിൽ അംഗീകരിച്ചാൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കും.  
എൻഡോസൾഫാൻ സ്‌പെഷൽ സെൽ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ പി ആർ രാധിക ക്യാമ്പിന് നേതൃത്വം നൽകി. ഓരോ വിഭാഗത്തിലും ഒരു ഡോക്ടർ, 2 നേഴ്‌സ്, ഒരു ആശാ വർക്കർ എന്നിവർ ഉണ്ടായിരുന്നു. മൊഗ്രാൽ പുത്തൂർ എഫ് എച്ച് സി, കാസർകോട് അർബൻ പി എച്ച് സി,ചെങ്കള പി എച്ച് സി, മുളിയാർ സി എച്ച് സി,  മുള്ളേരിയ  എഫ് എച്ച് സി, അഡൂർ പി എച്ച് സി എന്നിവിടങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ , സ്‌കൂൾ ഹെൽത്ത് നേഴ്‌സുമാർ , വിവിധ സി എച്ച് സി യിലെ പി ആർ ഒ മാർ, ആശാ വർക്കേഴ്‌സ് , എൻ എസ് എസ് വിദ്യാർഥികൾ ക്യാംപിൽ പങ്കെടുത്തു. പൊലീസ‌് സേവനവും ഉണ്ടായിരുന്നു.
ക്യാമ്പിൽ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും 
കാസർകോട് 
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി മുളിയാർ ബോവിക്കാനം  ബിഎആർഎച്ച്എസ് സ്‌കൂളിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്തവർക്കും മറ്റും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കുടിവെള്ളവും നൽകി.ബോവിക്കാനം  ബിഎആർഎച്ച്എസ് സ്‌കൂളിലെ 20 എൻ എസ് എസ് വാളണ്ടിയർമാരാണ് ഭക്ഷണ വിതരണ ത്തിന‌് നേതൃത്വം നൽകിയത്.
 
 
പ്രധാന വാർത്തകൾ
 Top