22 October Tuesday

രജനിക്കും മക്കൾക്കും പൊന്നോണം സ്‌നേഹവീട്ടിൽ

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2019

സിപിഐ എം ചുള്ളിക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ ഏരിയാ സെക്രട്ടറി എം വി കൃഷ്‌ണൻ കൈമാറുന്നു

രാജപുരം
ഇനി രജനിക്കും മക്കൾക്കും ഓണമുണ്ണാൻ വാടക വീട് വേണ്ട. സിപിഐ എം പ്രവർത്തകർ കൈകോർത്തപ്പോൾ സഫലമായത് ഒരു കുടുംബത്തിന്റെ ഏറെ കാലത്തെ ആഗ്രഹം. സിപിഐ എം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര നായിക്കയത്തെ രജനി തങ്കപ്പന്  സ്‌നേഹ വീട് നിർമിച്ച്‌ നൽകിയതോടെ ഈ കുടുംബത്തിന്റെ പതിറ്റാണ്ടുകളുടെ സ്വപ്‌നമാണ്  പൂവണിഞ്ഞത്. 
കൂലിപ്പണിയെടുത്ത് ജീവിതം കഴിയുന്ന ഇവർക്ക് സ്വന്തമായി ഒരു വീട് വയ്‌ക്കാൻ കഴിയാതെ വന്നതോടെയാണ്‌ 58 ദിവസംകൊണ്ട്  സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ  പുതിയ കോൺക്രീറ്റ് വീടൊരുക്കിയത്‌. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഇവർക്ക് പലപ്പോഴും പഞ്ചായത്ത് വീടുകൾക്ക് തടസമായപ്പോൾ ആ ദൗത്യം സിപിഐ എം ഏറ്റെടുക്കുകയായിരുന്നു. അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ നിർമിച്ച വീടിന്റെ താക്കോൽദാനം സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്‌ണൻ നിർവഹിച്ചു. വീട് നിർമാണ കമ്മിറ്റി ചെയർമാൻ ബി കുഞ്ഞമ്പു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്‌ണൻ, ടി കോരൻ, യു ഉണ്ണികൃഷ്ണൻ, പി ദാമോദരൻ, എ സി മാത്യു, ടി ബാബു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സിനുകുര്യക്കോസ് സ്വാഗതവും രമ്യ രാജൻ നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top