20 February Wednesday

അർജന്റീനിയൻ ഫുട്‌ബോളിനെ സ്‌നേഹിച്ച സോക്കർ

പി വിജിൻദാസ്‌Updated: Saturday Jun 9, 2018

ചെറുവത്തൂര്‍

ലോക കപ്പ്‌ ഫുട്‌ബോൾ മത്സരം കണ്ട്‌ നാട്ടിൽ ക്ലബ്ബും ടീമും ഉണ്ടാക്കിയ കഥയുണ്ട്‌ ചെറുവത്തൂരിന്‌ പറയാൻ. കാൽപന്തിനെ അത്രമേൽ സ്‌നേഹിക്കുന്നു ഈ നാടും ജനതയും. ലോകമെങ്ങും അതിർത്തികളില്ലാതെ പച്ചപ്പുൽ മൈതാനത്തിലേക്ക്‌ ഓടുമ്പോൾ ഈ നാട്ടിലെ യുവത്വവും പിന്നിലല്ല.  സോക്കര്‍ ചെറുവത്തൂര്‍ എന്ന ക്ലബ്ബിനെ അറിയാത്തവർ ചുരുക്കം. അതേ, ഈ ക്ലബ്‌ പിറന്നത്‌ ഒരു ലോക കപ്പിന്റെ ആവേശത്തിലാണ്‌. 
ഫുട്‌ബോളിലെ മാന്ത്രിക ടീമായി അര്‍ജന്റീന തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു അത്‌. 1990 ലെ വേള്‍ഡ് കപ്പിന്റെ ആവേശം ഉള്‍ക്കൊണ്ട ഒരുപറ്റം അര്‍ജന്റീനിയന്‍ ആരാധകരാണ് സോക്കര്‍ ചെറുവത്തൂരിന്‌ രൂപം നൽകുന്നത്‌.  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റായിരുന്ന പരേതനായ എം വി കണ്ണന്റെ നേതൃത്വത്തിലായിരുന്നു അത്‌.  നാട്ടിടവഴികളിലും ഇടുങ്ങിയ സ്ഥലങ്ങളിലും പന്ത് തട്ടി അവര്‍ ഒത്തിണക്കമുള്ള ഫുട്‌ബോള്‍ ടീമായി വളർന്നത്‌ വളരെ വേഗത്തിലായിരുന്നു. 
അര്‍ജന്റീനിയന്‍ ആരാധകരായതിനാൽ ടീം േജഴ്‌സി നീലയും വെള്ളയും നിറത്തിലുള്ള അര്‍ജന്റീനിയൻ ജേഴ്‌സിയോട് സാമ്യമുള്ളതാണ്‌. നാട്ടിന്‍പുറത്തെ ചെറിയ മത്സരങ്ങളിലൂടെ സാന്നിധ്യമറിയിച്ച സോക്കര്‍ 1993ല്‍ ഫുട്‌ബോള്‍ അേസാസിയേഷനിൽ അംഗമായി. പിന്നീട് സോക്കർ ഇല്ലാത്ത ഫുട്‌ബോള്‍ മത്സരങ്ങള്‍ ഉണ്ടായില്ല. പ്രാദേശിക മത്സരങ്ങളില്‍ നിരവധി തവണ കപ്പുകള്‍ ഉയര്‍ത്തി. ജില്ല ഫുട്‌ബോള്‍ അസോസിയേഷന്റെ ബി ഡിവിഷൻ ചാമ്പ്യന്മാരുമായി. അധികം വൈകാതെ എ ഡിവിഷനിലും മേധാവിത്വം നേടി. തൃശൂരില്‍ നടന്ന ഇന്റർ ക്ലബ്‌  മത്സരത്തില്‍ പങ്കെടുത്ത് മികച്ച കളി കാഴ്ചവെക്കുകയും ചെയ്തു. ഈ കളിയോടെ ടീമിലെ മുനീർ തിരുവനന്തപുരം ടൈറ്റാനിയത്തിലെത്തി. കലേഷ്, സജേഷ്, ഷിജു എന്നിവര്‍ ഇന്ത്യന്‍ ആര്‍മിയും സുരേഷ്ബാബുവിനെ സെന്‍ട്രല്‍ എക്‌സൈസും തങ്ങളുടെ ടീമിലേക്ക്‌ തെരഞ്ഞെടുത്തു. നിരവധി ജില്ലാ താരങ്ങളും സോക്കറിന്റെ മൈതാനത്തിൽ പിറന്നു. 
ഇപ്പോഴത്തെ  ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വീരമണി ചെറുവത്തൂര്‍, സജീഷ്, സുരേശന്‍, രാജന്‍, പ്രഭാഷ് എന്നിവര്‍ ജില്ലക്ക് വേണ്ടി ബൂട്ടണിഞ്ഞവരാണ്‌. ക്ലബ്‌  പ്രസിഡന്റ് ഭാസ്‌കരന്‍ കോതോളി ലക്കിസ്റ്റാര്‍ കണ്ണൂരിന്റെ താരമായിരുന്നു. കോച്ചായും റഫറിയായും ഇപ്പോഴും കളിക്കൊപ്പം തന്നെയുണ്ട് ഇദ്ദേഹം.
മെസി ടോസില്‍ താരം, ജര്‍മനി ടീം 
കളിയുടെ ആരവങ്ങളിലാണ് നാടും നാട്ടുകാരുമിപ്പോള്‍. ഇഷ്ടപ്പെട്ട ടീം വിജയിക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. മികച്ച പരിശീലകരുടെ കീഴില്‍ അടവുകള്‍ പഠിച്ച് ലോക കപ്പ് കളിച്ച് പരിചയമുള്ള ടീമുകളാണ് ഇത്തവണഎത്തുന്നത്. ആര്‍ക്കും വിജയം അനായാസമാകില്ല. ജര്‍മനിയാണ് ഇഷ്ടപ്പെട്ട ടീം. ഒലിവര്‍ഖാനും  ബല്ലാക്കുമായിരുന്നു ഇഷ്ടതാരങ്ങള്‍. മറ്റു ടീമുകള്‍ക്ക് സ്വതസിദ്ധമായ ശൈലിയുണ്ട്.  ജര്‍മനിയെ കുറിച്ച് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ആവശ്യമായ സമയങ്ങളില്‍ ശൈലി മാറ്റി എതിര്‍ ടീമിനെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. 
എടുത്തുപറയാന്‍ ലോകോത്തര താരങ്ങള്‍ അവര്‍ക്കുണ്ടാകില്ല. ടീമിന്റെ കൂട്ടായ ശ്രമം വിജയം സമ്മാനിക്കും. കഴിഞ്ഞ ലോക കപ്പില്‍ എതിരാളികളെ അനായാസം പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചതാണ്. ഫൈനലില്‍ അര്‍ജന്റീനക്കുമുന്നില്‍ സമ്മര്‍ദം നേരിട്ടെങ്കിലും അതിനെ അതിജീവിച്ച് കപ്പ് നേടുകയും ചെയ്തു. ജര്‍മനി വിജയിക്കണം എന്നാണ് ആഗ്രഹം. ഇത്തവണ പരിചയ സമ്പന്നര്‍ കുറവാണ്. യുവ നിരയാണ് എത്തുന്നത്. എങ്കിലും ഇതേ ടീമാണ് കോണ്‍ഫെഡറേഷന്‍ കപ്പ് ജര്‍മനിക്ക് നേടിക്കൊടുത്തത് എന്നത് ആശ്വാസം നല്‍കുന്നുണ്ട്. മധ്യനിരയിലെ മെസി ടോസിലാണ് ഇഷ്ടതാരം. പ്രാഥമിക റൗണ്ട് മുതല്‍ മത്സരം കടുത്തതായിരുക്കും ഓരോ ടീമിനും.
പ്രധാന വാർത്തകൾ
 Top