07 June Sunday

ചികിത്സാ വിലക്ക്‌, ബിജെപിക്കുള്ളിൽ കലാപം

വെബ് ഡെസ്‌ക്‌Updated: Thursday Apr 9, 2020
കാസർകോട്‌
കർണാടക സർക്കാർ മംഗളൂരുവിലേക്ക്‌ പോകാനനുവദിക്കാത്തതിനാൽ ചികിത്സ കിട്ടാതെ വിഎച്ച്‌പി നേതാവ്‌ മരിച്ചത്‌ ബിജെപിക്കുള്ളിൽ  പുകയുന്നു. ബിജെപി കർണാടക അധ്യക്ഷൻ നളിൻകുമാർ കട്ടീലിന്റെ ദുർവാശി കാരണം 11 രോഗികളാണ്‌  ചികിത്സ കിട്ടാതെ മരിച്ചത്‌.  മരിച്ചവരിൽ മഞ്ചേശ്വരം ഹൊസങ്കടിയിലെ രുദ്രപ്പ വിഎച്ച്‌പി, ആർഎസ്‌എസ്‌ സംഘാടകനാണ്‌. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അടുത്തയാളാണ്‌ ഇയാൾ. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലും കാസർകോട്‌ ലോകസഭാ മണ്ഡലത്തിലും സുരേന്ദ്രൻ മത്സരിച്ചപ്പോൾ നിഴലായി  രുദ്രപ്പ  ഉണ്ടായിരുന്നു. ഹൊസങ്കടിയിലെ അയ്യപ്പ് ഭജനമന്ദിരത്തിന്റെയും ഗണേശോത്സവത്തിന്റെയും മുഖ്യസംഘാടകനായിരുന്ന അദ്ദേഹം സംഘ്‌പരിവാറിന്റെ എല്ലാ പരിപാടികളിലും മുന്നിരയിലുണ്ടായിരുന്നു. ചെറുകിട കരാറുകാരനായിരുന്ന രുദ്രപ്പ ഒന്നര വർഷം മുമ്പാണ്‌ മംഗളൂരുവിലെ ആശുപത്രിയിൽ ഹൃദയ ശസ്‌ത്രക്രിയ നടത്തിയത്‌. തുടർ ചികിത്സ നടത്തുന്നുണ്ടായിരുന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കായി കൈയും മെയ്യും മറന്നു പ്രവർത്തിച്ചിരുന്നു. ഹൃദ്രോഗം കലശലായി മംഗളൂരു ആശുപത്രിയിൽ ചികിത്സയ്‌ക്കായി പോകവെ തലപ്പാടിയിൽ തടഞ്ഞപ്പോൾ ഒരു ബിജെപി നേതാവും രക്ഷക്ക് എത്തിയില്ല.  
 ബിജെപിയുടെ രാഷ്‌ട്രീയ തിമിരത്തിന്റെ രക്തസാക്ഷിയാണ്‌ രുദ്രപ്പ അടക്കമുള്ള 11  പേർ. മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി നടത്തിയ ഇടപെടലിലാണ്‌ കർണാടക സർക്കാർ അയഞ്ഞത്‌.  നേരത്തെ തുറന്നിരുന്നുവെങ്കിൽ രുദ്രപ്പയുടെ അടക്കം 11 ജീവനുകൾ പൊലിയില്ലായിരുന്നുവെന്നാണ്‌ ബിജെപി പ്രദേശിക നേതാക്കളും അണികളും പറയുന്നത്‌.  രുദ്രപ്പയുടെ കാര്യത്തിൽ കെ സുരേന്ദ്രനോ  കാസർകോട്‌ ജില്ലാ കമ്മിറ്റിയോ ഇടപെടാത്തതിൽ അണികൾ രോഷാകുലരാണ്‌.  ബിജെപി ശക്തികേന്ദ്രങ്ങളെന്ന്‌ നേതാക്കൾ  പറയാറുള്ള മഞ്ചേശ്വരം, കാസർകോട്‌ പ്രദേശങ്ങളിലെ രോഗികൾക്ക്‌ രക്ഷകനായത്‌ പിണറായി വിജയനായിരുന്നുവെന്ന്‌ മുതിർന്ന ബിജെപി നേതാവ്‌ പറഞ്ഞു. ബിജെപി  നേതാക്കൾ മുഖംതിരിച്ചപ്പോൾ മുഖ്യമന്ത്രിയുടെ നയചാതുര്യത്തോടെയുള്ള ഇടപെടൽ  ബിജെപി പ്രവർത്തകരിൽ വലിയ ചർച്ചയാണ്‌.
പ്രധാന വാർത്തകൾ
 Top