30 January Monday

അമ്മയുടെ പണവും 
രേഖയും എവിടെ?

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

കാസർകോട്‌

എൻഡോസൾഫാൻ വിഷയത്തിൽ തിരുവനന്തപുത്ത്‌ സെക്രട്ടറിയറ്റ്‌ നടയിൽ സമരമിരിക്കുമ്പോൾ നഷ്ടമായ 70,000 രൂപയും മറ്റു രേഖകളും തിരിച്ചുകിട്ടിയേ തീരൂവെന്ന്‌ പൊതുപ്രവർത്തക ദയാബായി. ഒക്‌ടോബറിൽ സമരം കഴിഞ്ഞ ശേഷം ആദ്യമായി ജില്ലയിലെത്തിയ ദയാബായി തന്നെയാണ്‌ സമരസ്ഥലത്ത്‌ പണവും രേഖകളും നഷ്ടമായതായി വെളിപ്പെടുത്തിയത്‌.
അവാർഡുതുകയായി ലഭിച്ച അരലക്ഷവും, കാസർകോട്ട്‌ നിന്നും സമരം ചെയ്യാൻ വന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം നൽകാൻ ചിലർ തന്ന 20,000 രൂപയുമാണ്‌ നഷ്ടമായത്‌. പൊലീസ്‌ ആശുപത്രിയിലേക്ക്‌ മാറ്റുമ്പോൾ സമരപ്പന്തലിൽ വച്ച ഹാൻഡ്‌ ബാഗിലാണ്‌ പണം ഉണ്ടായിരുന്നത്‌. ആശുപത്രിയിൽനിന്നും തിരിച്ചെത്തി ബാഗ്‌ പരിശോധിച്ചപ്പോൾ മൊബൈൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനൊപ്പം നിരവധി വിദേശ നമ്പറുകളടക്കം എഴുതിവച്ച ഡയറിയും കാണാതായി. വിദേശത്തെ സുഹൃത്ത്‌, അവരുടെ മരിച്ച മകളുടെ സ്‌മരണയ്ക്കായി നല്ലൊരു ബ്ലാങ്കറ്റ്‌  തന്നിരുന്നു. അതും കാണാതായി–- ദയാബായി പറയുന്നു.
ദയാബായിക്ക്‌ സംശയം ഒപ്പമുള്ളവരെ
കളവ്‌ നടന്നപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെടാൻ ദയാബായി ഒരുങ്ങിയതാണ്‌. എന്നാൽ അമ്പലത്തറ കുഞ്ഞികൃഷ്‌ണനടക്കമുള്ള സഹപ്രവർത്തകർ വിലക്കി. അത്‌ ആരെയെങ്കിലും രക്ഷിക്കാനാണോയെന്നതിൽ സംശയവും ദയാബായി പ്രകടപ്പിക്കുന്നു.
സമരപ്പന്തലിൽ കാണാൻ വരുന്നവർ ആയിരവും അഞ്ഞൂറുമായി നോട്ടുകൾ ചുരുട്ടിക്കൂട്ടിപ്പിടിച്ച്‌ തന്റെ കൈയിൽ തന്നതായി ദയാബായി ഓർക്കുന്നു!. എന്നാൽ ആ പൈസയും എങ്ങനെയാണ്‌ ചെലവിട്ടത്‌ എന്നതും ആ പണം എങ്ങോട്ടുപോയി എന്നതും ആർക്കുമറിയില്ല. സമരച്ചെലവ്‌ സംബന്ധിച്ച കണക്ക്‌ അവതരിപ്പിക്കണമെന്നും യോഗം ചേരണമെന്നും പറഞ്ഞിട്ടും ആരും കേട്ടില്ലെന്നാണ്‌ ദയാബായി പറയുന്നത്‌. ഓൺലൈനിൽ യോഗം ചേരാമെന്നൊക്കെ അമ്പലത്തറ കൃഞ്ഞികൃഷ്‌ണൻ പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്ന്‌ നിസ്സഹായയായി ദയാബായി പറയുന്നു. 
സിസിടിവി പരിശോധിച്ചാൽ തെളിയും
എല്ലായിടത്തും സിസിടിവി സാന്നിധ്യമുള്ള മേഖലയാണ്‌ തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റ്‌ നട. അവിടെ മോഷണം നടന്നത്‌ അപ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട്‌ ചെയ്‌തിരുന്നെങ്കിൽ പണവും രേഖകളും തിരിച്ചു പിടിക്കാമായിരുന്നു. അനവധി പേരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറടങ്ങിയ ഡയറി നഷ്ടപ്പെട്ടതിലാണ്‌ ദയാബായിക്ക്‌ ഏറെ സങ്കടം.
എന്നാൽ പൊലീസിൽ പരാതി നൽകരുത്‌ എന്ന്‌ അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ ദയാബായിയോട്‌ പറഞ്ഞതാണ്‌ ഏറെ ദുരൂഹം. സമരം കഴിഞ്ഞിട്ടും ഇക്കാര്യം അന്വേഷിച്ചില്ല. ദയാബായി തന്നെ രണ്ടുമാസം കഴിഞ്ഞ്‌ കാസർകോട്ട്‌ വന്ന്‌ മാധ്യമങ്ങളോട്‌ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ്‌ പുറംലോകം സംഭവമറിയുന്നത്‌. കാസർകോട്ടെ പൊതുസമൂഹത്തിന്‌ തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമായി.
കേസ് കൊടുക്കേണ്ടെന്ന്‌ പറഞ്ഞിരുന്നു
സമരപ്പന്തലിൽനിന്ന്‌ പണം കാണാതായപ്പോൾ കേസ്‌ കൊടുക്കേണ്ടെന്ന്‌ ദയാബായിയോട്‌ പറഞ്ഞിരുന്നു. സമരത്തിന്റെ പ്രാധാന്യം നഷ്ടപ്പെടേണ്ടന്ന്‌ കരുതിയാണത്‌. കേസ്‌ കൊടുത്താൽ സമരപ്പന്തലിലെത്തിയ എല്ലാവരും സംശയദൃഷ്ടിയിലാകും. പൊലീസ്‌ നടപടി വരും. ദയാബായിക്ക്‌ ഏത്‌ നിലക്കുള്ള അന്വേഷണത്തിനും ആവശ്യപ്പെടാം.  
അമ്പലത്തറ  കുഞ്ഞികൃഷ്‌ണൻ, എൻഡോസൾഫാൻ ജനകീയ പീഡിത മുന്നണിനേതാവ്‌ 
നാട്ടിലില്ലാത്തതിനാൽ 
ഒന്നും അറിയില്ല
ദയാബായിയുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ പൊലീസിൽ പരാതി നൽകണമായിരുന്നു. ഇപ്പോൾ ചെന്നൈയിലായതിനാൽ ഒന്നരവർഷമായി എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി യോഗങ്ങളിൽ പങ്കെടുക്കാറില്ല. ഒക്‌ടോബറിൽ തിരുവനന്തപുരത്ത്‌ നടന്ന ദയാബായിയുടെ സമരത്തിൽ പങ്കെടുത്തിരുന്നു. പക്ഷെ അവിടെ പണം നഷ്ടപ്പെട്ട കാര്യം അറിഞ്ഞിരുന്നില്ല. സമരവേദിയിലെ സാമ്പത്തിക കാര്യങ്ങളൊന്നും തനിക്കറിയില്ല.
അംബികാസുതൻ മാങ്ങാട്‌, എഴുത്തുകാരൻ, എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നേതാവ്‌
ശക്തമായ അന്വേഷണം വേണം
ദയാബായിയുടെ പണം നഷ്ടപ്പെട്ടതിൽ ശക്തമായി പൊലീസ്‌ അന്വേഷണം വേണം. എൻഡോസൾഫാൻ സമരത്തിന്റെ പേരിൽ സാമ്പത്തിക താൽപര്യമുള്ളവരുടെ സമാന്തര നീക്കങ്ങൾ ഉണ്ടോയെന്ന്‌ മുമ്പു തന്നെ സംശയം ഉയർന്നതാണ്‌. ഇരകൾക്ക്‌ അഞ്ചുലക്ഷം വീതം സംസ്ഥാന സർക്കാർ നൽകിയപ്പോൾ, തങ്ങൾ ഇടപെട്ടാണ്‌ പണം കിട്ടിയത്‌ എന്ന നിലയിൽ, ചിലർ പിരിവിന്‌ ഇറങ്ങിയതായി വാർത്തയുണ്ടായിരുന്നു. ഇപ്പോൾ തന്നെ ദയാബായിയെ കേസ്‌ കൊടുക്കരുത്‌ എന്ന്‌ വിലക്കിയത്‌ എന്തിനാണെന്നും അന്വേഷിക്കണം. സമരം കഴിഞ്ഞ്‌ ഇത്രകാലമായിട്ടും പണം മോഷണം പോയവിവരം ദയാബായിക്കൊപ്പം അന്നുണ്ടായിരുന്നവർ പുറത്തുപറയാൻ തയ്യാറാകാതിരുന്നതും സംശയകരമാണ്‌. 
രജീഷ്‌ വെള്ളാട്ട്‌, 
ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി
സമരം സർക്കാരിനെതിരെ 
തിരിക്കാൻ ഗൂഢശ്രമം
തിരുവനന്തപുരത്തെ ദയാബായി സമരം എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെതല്ല. സമരം സർക്കാരിനെതിരെ തിരിക്കാനുള്ള ഗൂഡനീക്കം നടക്കുമ്പോൾ തന്നെ അത്‌ ശരിയല്ലായെന്ന്‌ അമ്പലത്തറ കുഞ്ഞികൃഷ്‌ണനോട്‌ പറഞ്ഞതാണ്‌. എയിംസ്‌ സംബന്ധിച്ച്‌ സംസ്ഥാന സർക്കാരിനെതിരെ സമരത്തിനൊന്നും പീഡിത മുന്നണി തീരുമാനിച്ചിട്ടില്ല. വല്ലപ്പോഴും ഓൺലൈനിൽ യോഗം ചേരുമെന്നല്ലാതെ വിശദവിവരങ്ങളൊന്നും അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ ഞങ്ങളെ അറിയിക്കാറില്ല. തിരുവനന്തപുരം സമരം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ എതിരായി മാധ്യമങ്ങൾക്ക്‌ പ്രസ്‌താവന നൽകുമെന്ന്‌ ഞങ്ങളെല്ലാം അമ്പലത്തറയെ വിളിച്ച്‌ അറിയിച്ചതാണ്‌. 
(പേര്‌ വെളിപ്പെടുത്താൻ തയ്യാറാകാത്ത എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നേതാവ്‌)
ദയാബായി സമരവുമായി 
ബന്ധമില്ല
ദയാബായി സമരത്തിന്‌ എയിംസ്‌  കാസർകോട്‌ ജനകീയ കൂട്ടായ്‌മയുമായി ബന്ധമില്ല. എയിംസിനായുള്ള സമരത്തിൽ ആരുമായും സഹകരിക്കും. എൻഡോസൾഫാൻ പീഡിത മുന്നണി നേതാവ്‌ അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ  എയിംസ്‌ കൂട്ടായ്‌മയുടെ പരിപാടികളിൽ പങ്കെടുക്കാറില്ല. ദയാബായിയുടെ പണം കാണാതായ കാര്യത്തിൽ തങ്ങൾക്ക്‌ ഉത്തരവാദിത്തമില്ല. എയിംസ്‌  കൂട്ടായ്‌മ കൃത്യമായി രജിസ്‌ട്രേഷനുള്ള പാൻകാർഡും ഇന്റേണൽ ഓഡിറ്റും കൃത്യമായി  നടക്കുന്ന സംഘടനയാണ്‌.
നാസർ ചെർക്കളം, ജനറൽ സെക്രട്ടറി, എയിംസ്‌ കാസർകോട്‌ കൂട്ടായ്‌മ
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top