22 February Friday
കുടുംബശ്രീയുമായി സഹകരിച്ച് വിവിധ പദ്ധതികൾ

കാഞ്ഞങ്ങാട് തിളങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കാഞ്ഞങ്ങാട്‌
കുടുംബശ്രീയുമായി സഹകരിച്ച് കാഞ്ഞങ്ങാട് നഗരസഭയില്‍ നിരവധി ജനക്ഷേമ പരിപാടികള്‍ ആരംഭിക്കുന്നതിന് ടൗണ്‍ഹാളില്‍ ചേർന്ന 'സ്വീപ് 2020 'ശില്‍പശാല തീരുമാനിച്ചു. വീടുകളില്‍നിന്നും പ്ലാസ്റ്റിക്മാലിന്യം നേരിട്ട് ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തിലെത്തിക്കാന്‍ സംവിധാനമൊരുക്കുന്ന ഹരിതകര്‍മസേന ജില്ലയിലാദ്യമായി കാഞ്ഞങ്ങാട് നഗരസഭയില്‍ പ്രവര്‍ത്തനമാരംഭിക്കും. സ്ത്രീസുരക്ഷയ്ക്ക്‌ പ്രാധാന്യംനല്‍കി പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ നിര്‍മാണം പൂര്‍ത്തിയാക്കിയ വനിതകള്‍ക്കായി വനിതകള്‍ന ടത്തുന്ന ഷീലോഡ്ജും കൂടാതെ ഷീടാക്‌സിയും. കുടുംബശ്രീ ഉൽപന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിനും വിവിധ ഉപജീവന പരിശീലന പരിപാടികള്‍ക്കുമായി പ്രത്യേകകേന്ദ്രം ഈവര്‍ഷം ആരംഭിക്കും.
നിർമാണമേഖലയില്‍ സ്ത്രീസാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെട്ടിടനിർമാണത്തില്‍ ശാസ്ത്രീയപരിശീലനം നല്‍കി കുടുംബശ്രീയുടെ കീഴിലുള്ള കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് രൂപീകരണം നടന്നുവരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭവനനിർമാണ പദ്ധതികളുടെ പ്രവൃത്തികൾ ഇവരുടെ കൈകളിലെത്തും.  സൗന്ദര്യപരിചരണത്തില്‍ ഭിന്നലിംഗക്കാരുടെ പ്രത്യേക നൈപുണ്യം ജനത്തിന് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ബ്യൂട്ടി ക്ലിനിക്‌ ആരംഭിക്കും. ഇത്‌ സംസ്ഥാനത്തെ അപൂർവം സംരംഭങ്ങളിലൊന്നാണ്. കാലത്തിനനുസരിച്ച് മാറിയിരിക്കുന്ന കാഞ്ഞങ്ങാട്‌ നഗരത്തിലെ നിരത്തുകളോട് ചേര്‍ന്നുള്ള പാര്‍ക്കിങ്‌ സംവിധാനം ഇനി കുടുംബശ്രീ വനിതകളുടെ കൈകളിലാകും. 
 ഒരു ഫോണ്‍നമ്പറില്‍ വിളിച്ചാല്‍ കൂലിപ്പണി, ഇലക്ട്രീഷ്യന്‍, കംപ്യൂട്ടര്‍ സർവീസിങ്‌, ഗൃഹോപകരണ റിപ്പയറിങ്‌ തുടങ്ങി വിവിധ സേവനങ്ങള്‍ നല്‍കുന്നവരെ ആവശ്യമുള്ള സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നപരിപാടി ദിവസങ്ങൾക്കുള്ളിൽ തുടങ്ങും. വയോജനങ്ങള്‍ക്ക് വീടുകളിലെത്തി പരിചരണവും ആശുപത്രി വാസത്തിനോ യാത്രകള്‍ക്കോ മറ്റാവശ്യങ്ങള്‍ക്കോ തുണയും നല്‍കുന്ന ഹര്‍ഷം പദ്ധതിയിലേക്ക് കെയര്‍ഗിവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി ഉടന്‍ സേവനസന്നദ്ധരാക്കും.
ശിൽപശാല നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാമിഷൻ ‍കോ‐ ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ അധ്യക്ഷനായി. വൈസ്‌ ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സൺ ‍ഗംഗ രാധാകൃഷ്ണന്‍, നഗരസഭാ സെക്രട്ടറി പി എൻ അനീഷ്‌, ഹെല്‍ത്ത് സൂപ്പർവൈസര്‍ പി ആർ രാജശേഖരന്‍നായര്‍, കുടുംബശ്രീ എഡിഎംസി ജോസഫ് പെരുകില്‍, സി ഹരിദാസന്‍, മെമ്പർ ‍സെക്രട്ടറി പി വി ജയചന്ദ്രന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ടി വി പ്രേമ, സുജിനി എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top