26 September Saturday

ബീച്ചാരക്കടവിൽ വിരുന്നെത്തി നീലമുഖി കടൽപക്ഷി

പി മഷൂദ്Updated: Saturday Aug 8, 2020

വലിയപറമ്പ് ബീച്ചാരക്കടവിൽ കാണപ്പെട്ട നീലമുഖി കടൽപക്ഷി

തൃക്കരിപ്പൂർ
ഉൾക്കടലിൽമാത്രം കാണുന്ന കടൽപ്പക്ഷി ബീച്ചാരക്കടവ് ഗ്രാമത്തിന് അതിഥിയായി. കൊവിഡ് 19 പിടിമുറുക്കിയ കാലത്ത് വലിയപറമ്പിലെ ഈ കടലോരഗ്രാമത്തിലേക്ക് കടന്നുവന്നത് മാസ്ക്ക്ഡ് ബൂബി എന്ന മുഖംമൂടി ധരിച്ചതു പോലെയുള്ള നീലമുഖി കടൽ വാത്ത് ആണെന്നതാണ് കൗതുകകരം. കടലോരത്തെ ഓലപ്പന്തലിൽ നാട്ടുകാരുടെ പരിചരണത്തിലാണ്‌  കടൽപ്പറവ.
സുലിഡെ കുടുംബത്തിൽപ്പെട്ട സുല ഡാക്ടിലാട്ര എന്ന ശാസ്ത്രീയ നാമമുള്ള ഈ പക്ഷി സാധാരണയായി കടൽക്ഷോഭത്തിലോ കൊടുങ്കാറ്റിലോ പരിക്കുപറ്റി മാത്രമാണ് കരയിൽ എത്തിപ്പെടുകയെന്ന് പക്ഷിയെ തിരിച്ചറിഞ്ഞ പക്ഷി നിരീക്ഷകൻ ശശിധരൻ മനേക്കര പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം  പക്ഷി നിരീക്ഷനായ റഹീം മുണ്ടേരി, പരിസ്ഥിതി പ്രവർത്തകൻ പി വേണുഗോപാലൻ എന്നിവരും നിരീക്ഷണത്തിൽ ഒപ്പം നിന്നു. മൂന്നുനാൾ മുമ്പെ ബീച്ചാരക്കടപ്പുറം യുവചേതന ക്ലബ്ബിനടുത്ത കടലോരത്തെത്തിയ ഈ അപൂർവ പറവയെ ക്ലബ്ബ് പ്രവർത്തകർ മീനും വെള്ളവും നൽകി കടലോരത്തു തന്നെ കൃത്രിമാന്തരീക്ഷമൊന്നുമൊരുക്കാതെ സംരക്ഷിക്കുകയാണ്‌. 
കെ അനിൽകുമാർ, കെ മുഹമ്മദ്കുഞ്ഞി, കെ ദിനേശൻ, കെ വി സജിത്ത്, പി വി ഷാജു, പി പി സുഗുണൻ എന്നിവർക്കാണ് സംരക്ഷണത്തിന്റെ  നേതൃത്വം.പ്രായപൂർത്തിയെത്താത്ത നീലമുഖിക്ക് കറുപ്പും മഞ്ഞയും കലർന്ന മുഖംമൂടി വച്ചതു പോലുള്ള നീണ്ടു കൂർത്ത കൊക്കാണുള്ളത്. ഇരുണ്ട തവിട്ടു നിറമാണ് ചിറകിന് .വയറിലും കഴുത്തിലും വെള്ള നിറവും കാണാം. കടൽപ്പരപ്പിൽ സഞ്ചരിക്കാനുതകുന്ന വിരലുകൾ ചർമത്താൽ ബന്ധിതമായതാണ് കാൽപ്പാദങ്ങൾ. നന്നായി പറക്കാൻ കഴിവുള്ള ഏതാണ്ട് ഒന്നര കിലോ തൂക്കം വരുന്ന മുക്കാൽ മീറ്ററോളം നീളമുള്ള പക്ഷി ചിറകുവിടർത്തിയാൽ ഒരു മീറ്ററോളം വരും.പ്രജനനകാലത്തുപോലും ഇവ പ്രധാന കരയെ ആശ്രയിക്കാറില്ല. കടൽ ദ്വീപുകളെയാണ് ഇവ അതിനായി തെരഞ്ഞെടുക്കുന്നത്. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top