03 August Monday

സുഭിക്ഷ കേരളം വിതയ്‌ക്കാൻ, വിളയാൻ 2800 ഏക്കർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

പുല്ലൂർ കൊടവലത്ത് നെൽകൃഷി ആരംഭിച്ചപ്പോൾ

കാസർകോട്‌
കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യഭദ്രത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ഒന്നരമാസത്തിനുള്ളിൽ  ലഭിച്ചത്‌ 2800 ഏക്കർ ഭൂമി. അഞ്ച് വർഷമായി കാർഷിക പ്രവർത്തനം നടത്താത്ത തരിശുഭൂമിയാണ്‌  പദ്ധതിക്ക്‌ പരിഗണിച്ചത്‌. ഇതല്ലാതെയുള്ള ഭൂമിയിലും കൃഷി നടക്കുന്നുണ്ട്‌. വ്യക്തികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർടികൾ,  പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യുവിഭാഗം തുടങ്ങിയവയുടെ അധീനതയിലുള്ള തരിശ് ഭൂമിയാണ്‌ പദ്ധതിക്കായി ലഭിച്ചതെന്ന്‌ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എം പി സുബ്രഹ്മണ്യൻ പറഞ്ഞു.      തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, ഉൽപാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്‌  യുവജനങ്ങളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ്‌ പദ്ധതി. 
കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം വകുപ്പുകൾ ഒരുമിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. വായ്‌പകൾക്ക്‌ സഹകരണവകുപ്പിന്റെ പിന്തുണയുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി എന്നിവയുമായി യോജിച്ചാണ് പ്രവർത്തനം. നെല്ല്, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങിയ എല്ലാതരം കൃഷിയും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. പൗൾട്രി ഫാം, മത്സ്യകൃഷി, ആട് വളർത്തൽ തുടങ്ങിയവയും ആരംഭിക്കും.  പദ്ധതി  ഏകോപിക്കുന്നത്‌ ഹരിതകേരളം മിഷനാണ്. തരിശുഭൂമി കണ്ടെത്തുന്നതിനായി ഓരോ വാർഡിലും സർവേ നടത്തുന്നുണ്ട്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top