26 May Tuesday

പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഡ്രോണ്‍

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

തളങ്കരയിൽ ആരംഭിച്ച ഡ്രോൺ നിരീക്ഷണത്തിൽനിന്ന്

കാസർകോട്‌

പൊലീസിന്റെ നേതൃത്വത്തിൽ ഡബിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയ ആറ്  പഞ്ചായത്തുകളിലും  കാസർകോട് നഗരസഭയിലും പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങൾ പകർത്തി പിടികൂടാൻ ഡ്രോൺ നിരീക്ഷണം ആരംഭിച്ചുവെന്ന്  ഐജി വിജയ് സാഖറെ പറഞ്ഞു. കർശന നിയന്ത്രണങ്ങളുണ്ടായിട്ടും ആളുകൾ പുറത്തിറങ്ങുന്നതിനാലാണ്‌ ഡ്രോൺ നിരീക്ഷണം. പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളും കാസർകോട് നഗരസഭ പ്രദേശങ്ങളിലുമാണ് ഡ്രോൺ നിരീക്ഷണം ശക്തമാക്കിയത്. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ടല്ലാതെ ഈ പ്രദേശങ്ങളിൽ ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കില്ല. ഈ പ്രദേശങ്ങൾ എല്ലാം പൊലീസിന്റെ കർശന നിയന്ത്രണത്തിലാണ്‌. അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ പൊലീസ്‌  സന്നദ്ധമാണ്. നിർദേശം ലംഘിച്ച് ആരെങ്കിലും പുറത്തിറങ്ങിയാൽ അവരുടെ ദൃശ്യങ്ങൾ ഡ്രോണിൽ പതിയും. അവരെ പിടികൂടി സർക്കാരിന്റെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കർശന നിയമ നടപടിയുമുണ്ടാകുമെന്നും  ഐജി അറിയിച്ചു. ഏഴ് ഡ്രോണുകളാണ് നിയന്ത്രണം ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ്‌ ഒരുക്കിയിട്ടുള്ളത്. നിയന്ത്രണങ്ങൾ ലംഘിച്ച്  അവശ്യസാധനങ്ങൾ വാങ്ങാനെന്ന വ്യാജേന പലരും പുറത്തിറങ്ങി നടക്കുന്നുണ്ട്‌. ഇതൊഴിവാക്കാനാണ് പൊലീസ്‌ സാധനങ്ങൾ വീട്ടു പടിക്കൽ എത്തിക്കുന്നതും ഡ്രോൺ നിരീക്ഷണം ആരംഭിച്ചതും.  അവശ്യസാധനങ്ങളുടെ പട്ടിക 9497935780, 9497980940 രാവിലെ വാട്‌സ് ആപ്പ് ചെയ്താൽ  വൈകുന്നേരം സാധനങ്ങൾ പൊലീസ്‌ വീട്ടിലെത്തിക്കും. ഡ്രോൺ നിരീക്ഷണത്തിന്  കോഴിക്കോട് മേഖല ഐജി  അശോക് യാദവ്, ജില്ലാ പൊലീസ്‌ മേധാവി പി എസ് സാബു, ടെലി കമ്മ്യൂണിക്കേഷൻ എസ് പി ഡി ശിൽപ, ഡിവൈഎസ് പി  പി ബാലകൃഷ്ണൻ നായർ, സിഐ അബ്ദുൽ റഹീം എന്നിവർ മേൽനോട്ടം വഹിച്ചു.

 

പ്രധാന വാർത്തകൾ
 Top