30 May Saturday
വായിക്കൂ, വായനക്കുറിപ്പ്‌ എഴുതൂ

വീടുകളിൽ കഴിയുന്നവർക്ക്‌ വായന സാന്ത്വനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
നീലേശ്വരം
ലോക്ക്‌ഡൗൺ കാലത്ത് വീടുകളിൽ കഴിയുന്നവരുടെ സർഗ  പ്രവർത്തനങ്ങൾക്കായി നീലേശ്വരം നഗരസഭ ‘വായന സാന്ത്വനം ’എന്ന  സാംസ്കാരിക പരിപാടിക്ക് തുടക്കം കുറിച്ചു.   വായിച്ചതും വായിച്ചുകൊണ്ടിരിക്കുന്നതുമായ  മലയാള സാഹിത്യ കൃതികളെക്കുറിച്ചുള്ള ആസ്വാദനം എഴുതി മത്സരാർത്ഥികളാവാം.  
ആസ്വാദന കുറിപ്പ് സ്വന്തം കൈയക്ഷരത്തിൽ നാല് പേജിൽ കവിയരുത് . 20 വയസ്സ് വരെയുള്ളവർ , അതിന് മുകളിലുള്ളവർ , മറുനാടൻ മലയാളികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് മത്സരം . സംസ്ഥാന തലം , നീലേശ്വരം നഗരസഭാ തലം , മറുനാടൻ മലയാളികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി സമ്മാനങ്ങൾ നൽകും . ഒരാൾക്ക് രണ്ട് ആസ്വാദന കുറിപ്പുകൾ വരെ  അയക്കാം . ലോക് ഡൗൺ പിൻവലിച്ചതിന് ശേഷം ഒരാഴ്ചക്കകം നേരിട്ടോ തപാൽ മാർഗ്ഗമോ , ഓൺലൈൻ ആയോ ആസ്വാദന കുറിപ്പുകൾ  സമർപ്പിക്കാം.  
സാഹിത്യകാരന്മാരായ എം  മുകുന്ദൻ, സി  വി ബാലകൃഷ്ണൻ, അംബികാസുതൻ മാങ്ങാട് എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് വായന സാന്ത്വനം പരിപാടിക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതെന്ന്  നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി പി  മുഹമ്മദ് റാഫി എന്നിവർ അറിയിച്ചു . നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരം അംഗം പി  വി രാമചന്ദ്രനാണ്  നടത്തിപ്പ് ചുമതല . നഗരസഭയിലെ സീനിയർ ക്ലർക്ക് സി  ജംന ഓഫീസ് നിർവ്വഹണം നടത്തും. ഫോൺ : 9744787504 , 9495723455 ഇ - മെയിൽ: nileshwarammlty @ gmail . com
പ്രധാന വാർത്തകൾ
 Top