തൃക്കരിപ്പൂർ
തീരദേശ പരിപാലനനിയമം അന്തിമമാക്കുന്നതിനുമുമ്പ് തുടർപഠനമുണ്ടാകുമെന്ന സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ അറിയിപ്പിൽ പ്രതീക്ഷയോടെ ജനം. 2019 വിജ്ഞാപനപ്രകാരമുള്ള പ്ലാൻ അന്തിമമാക്കുന്നതിന് മുന്നോടിയായി കലക്ടറേറ്റിൽ സംഘടിപ്പിച്ച അദാലത്തിൽ തീരത്തെ പ്രയാസങ്ങൾ അറിയിച്ചവരോട് അനുഭാവപൂർണമായ നിലപാടാണ് അതോറിറ്റി അംഗങ്ങൾ സ്വീകരിച്ചത്.
പരാതികൾ കൃത്യമായി പരിഗണിക്കുമെന്ന് അതോറിറ്റി ലീഗൽ എക്സ്പേർട്ട് അംഗം അമൃത സതീശൻ പറഞ്ഞു. ഓരോ പരാതിയും പ്രത്യേകം പരിഗണിക്കും. തുടർപഠനങ്ങൾ ഉണ്ടാകും. മാപ്പിൽ ആവശ്യമായ തിരുത്തലുമുണ്ടാവും. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ പരിധിയിൽ നിന്നുകൊണ്ട് പരാതികൾ പരിഗണിച്ച് കേന്ദ്ര പരിസ്ഥിതി വകുപ്പിന് സമർപ്പിക്കും. അദാലത്തിൽ കൂടുതൽ പേരെത്തിയത് വലിയപറമ്പ് പഞ്ചായത്തിൽനിന്നായിരുന്നു. നിയമം മൂലം വീട് നിർമ്മിക്കാനാവാതെ പലായനം ചെയ്യേണ്ട അവസ്ഥയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ പറഞ്ഞു.
കേരളത്തിലെ ഏറ്റവും നീളംകൂടിയ വീതി കുറഞ്ഞ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ വീടിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ് പലരും. ലൈഫ് പദ്ധതി ആശ്വാസമാവുമ്പോഴും അനുമതികിട്ടാത്ത സാഹചര്യമാണ്. റോഡ്, സ്‌കൂൾ, ആശുപത്രികൾ, ശൗചാലയങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിനും പുതുക്കിപ്പണിയുന്നതിനും അനുമതിക്ക് കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. നമ്പർ കിട്ടാത്ത വീടുകളുടെ കാര്യം പ്രത്യേകം പരിഗണിക്കണമെന്നും സജീവൻ പറഞ്ഞു. തീരദേശ പരിപാലന നിയമം മൂലം മൂന്ന് ബിയിൽ ഉൾപ്പെട്ട പടന്ന പഞ്ചായത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലമും കർമസമിതി കൺവീനർ ടി പി കുഞ്ഞബ്ദുള്ളയും പറഞ്ഞു.
മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട രണ്ട് വില്ലേജ് ഉൾപ്പെടുന്ന പടന്ന പഞ്ചായത്തിനെ പൂർണ്ണമായും കാറ്റഗറി രണ്ടിൽ ഉൾപ്പെടുത്തണം. പുതുതായി രണ്ട് കാറ്റഗറിയായ തൃക്കരിപ്പൂർ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന ആയിറ്റി വാർഡിൽ എല്ലാ ഇളവും ലഭിക്കുമ്പോൾ തൊട്ടടുത്ത പടന്ന കൊക്കക്കടവ് വാർഡിൽ 100 മീറ്റർ പരിധിയിൽ കെട്ടിടം നിർമിക്കാനാവുന്നില്ല. ടൂറിസത്തിന് ഏറെ സാധ്യതയുള്ള പഞ്ചായത്തിന് പൂർണമായും ഇളവ് അനുവദിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..