27 January Monday
തുളുഭാഷ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തൽ

തീരുമാനമെടുക്കേണ്ടത്‌ കേന്ദ്രമന്ത്രിതല സമിതി

സ്വന്തം ലേഖകൻUpdated: Wednesday Dec 4, 2019
കാസർകോട്‌
തുളുഭാഷയെ  ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനുള്ള നടപടികളിൽ തീരുമാനമായത്‌ മുൻ എംപി പി കരുണാകരന്റെ ഇടപെടലിൽ. മറ്റ്‌ പ്രധാന ഭാഷകൾക്കൊപ്പം തുളുവിനെയും എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന്‌ പി കരുണാകരനാണ്‌ പാർലമെന്റിൽ ആദ്യം ആവശ്യപ്പെട്ടത്‌. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തുളു അറിയുന്ന നാല്‌ എംപിമാർ ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരിക്കെയാണ്‌ അവരൊന്നും ഉന്നയിക്കാത്ത വിഷയം പി കരുണാകരൻ ലോക്‌സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്‌. തുളു ഭാഷാ സമൂഹം അദ്ദേത്തിന്‌ പിന്തുണയുമായി പിന്നിലുണ്ടായിരുന്നു. കാലങ്ങളായുള്ള ആവശ്യമാണ്‌ ദേശീയശ്രദ്ധയിൽ കൊണ്ടുവന്നത്‌. നിരന്തരം വിഷയം ഉന്നയിച്ച്‌  ബന്ധപ്പെട്ട മന്ത്രാലയത്തിൽ സമ്മർദവും ചെലുത്തിയതോടെ തുളു ഭാഷയെ ഉൾപ്പെടുത്തുന്നത്‌ പരിഗണിക്കുകയും കേന്ദ്ര മന്ത്രിമാരുടെ സമിതിയുടെ തീരുമാനത്തിന് വിടുകയും ചെയ്‌തു. 
29 പ്രാദേശിക ഭാഷകൾക്കൊപ്പം തുളുവിനെയും എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന്‌ ഇനി വലിയ നടപടി ക്രമങ്ങൾ ആവശ്യമില്ലെന്ന്‌ അറിയുന്നു. ഇതിനിടയിലാണ്‌ ഇത്‌ പുതിയൊരു സംഭവമായി  രാജ്‌മോഹൻ ഉണ്ണിത്താൻ അവതരിപ്പിക്കുന്നത്‌. പി കരുണാകരൻ നേരത്തെ ചെയ്‌ത കാര്യങ്ങൾ തിരസ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പരിഹാസ്യതയൊടെയാണ്‌  നാട്ടുകാർ കാണുന്നത്‌. കാസർകോട്‌, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും മറ്റുമായി 20 ലക്ഷത്തോളംപേർ സംസാരിക്കുന്ന ഭാഷയാണ്‌ തുളു. തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതോടെ മറ്റ്‌ ഭാഷകൾക്ക്‌ ലഭിക്കുന്ന അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കും. ഭാഷയും സാഹിത്യവും പരിപോഷിപ്പിക്കപ്പെടും. തുളു ഗവേഷണത്തിനും സാഹിത്യ കൃതികൾ വിവർത്തനം ചെയ്‌ത്‌ മറ്റ്‌ ഭാഷകളിൽ പ്രചരിപ്പിക്കാനും അവസരം ലഭിക്കും. 
കാസർകോട്‌ ജില്ലയിലെ ഭാഷാ  ന്യൂനപക്ഷമായ തുളു ഭാഷാ സമൂഹത്തിന്റെ ക്ഷേമത്തിനായി എന്നും മുന്നിൽ നിന്നിട്ടുള്ളത്‌എൽഡിഎഫ്‌ സർക്കാരുകളാണ്‌. മഞ്ചേശ്വരം എംഎൽഎ ആയിരുന്ന സി എച്ച്‌ കുഞ്ഞമ്പുവിന്റെ ഇടപെടലിൽ വിഎസ്‌ സർക്കാരിന്റെ കാലത്താണ്‌ 2007 ൽ കേരള തുളു അക്കാദമി സ്ഥാപിക്കുന്നത്‌. തുളുഭവൻ നിർമിക്കാൻ ഹൊസങ്കടി ദുർഗിപ്പള്ളയിൽ ഒരു ഏക്കർ സർക്കാർ ഭൂമിയും നൽകി. ഇവിടെ 25 ലക്ഷം രൂപ ചെലവിൽ കെട്ടിട നിർമാണം പുരോഗമിക്കുകയാണ്‌. തുളു ഭാഷ ഗവേഷണത്തിനും പ്രചാരണത്തിനുമുള്ള കേന്ദ്രമാകും തുളുഭവൻ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top