21 February Thursday

പനങ്ങാട് 3000 വര്‍ഷം പഴക്കമുള്ള മുനിയറയും ഗുഹയും കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2016

തായന്നൂര്‍ പനങ്ങാട് കണ്ടെത്തിയ 3000 വര്‍ഷം പഴക്കമുള്ള മുനിയറ

കാഞ്ഞങ്ങാട് > കോടോം ബേളൂര്‍ പഞ്ചായത്തിലെ തായന്നൂര്‍  പനങ്ങാട് മൂവായിരം വര്‍ഷം മുമ്പ് സ്ഥാപിച്ച നിരവധി മുനിയറകള്‍ കണ്ടെത്തി. പനങ്ങാട് ജിയുപിസ്കൂളിനു തെക്ക് ഭാഗത്താണ് മുനിയറയുള്ളത്. വടക്കുഭാഗത്ത് ആള്‍ക്കാര്‍ താമസിച്ചതെന്ന് കരുതുന്ന 150 മീറ്ററോളം നീളത്തിലുള്ള ഗുഹയും കണ്ടെത്തി.
മുനിയറകളെന്നും വെട്ടുകല്ലറകളെന്നും അറിയപ്പെടുന്ന പാറ തുരന്ന് രൂപപ്പെടുത്തുന്ന സ്മാരകങ്ങള്‍ മഹാശിലാ കാലവുമായി ബന്ധപ്പെട്ടതാണ്. മുകള്‍ ഭാഗത്ത് മധ്യത്തില്‍ അടപ്പോടുകൂടിയ ദ്വാരവും ഒരുവശത്ത് കൊത്തിയുണ്ടാക്കിയ കവാടവും ഇവയ്ക്കുണ്ട്. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ചരിത്രാധ്യാപകരായ നന്ദകുമാര്‍ കോറോത്ത്, പ്രൊഫ. സി പി രാജീവന്‍ എന്നിവര്‍ പനങ്ങാട് സ്വദേശിയായ രാമകൃഷണന്റെ സഹായത്തോടെ മുനിയറകള്‍ അടയാളപ്പെടുത്തി.
രാമകൃഷ്ണന്‍ പനങ്ങാടിന്റെ പറമ്പില്‍നിന്ന് കണ്ടെത്തിയ രണ്ട് മുനിയറകളില്‍ ഒന്ന് 30 വര്‍ഷം മുമ്പ് ആള്‍ക്കാര്‍ കുത്തിത്തുറന്നതാണ്. രണ്ടാമത്തെ മുനിയറ ‘ഭാഗികമായി തകര്‍ന്ന നിലയിലാണ്. ഇതിനു പുറമെ കിഴക്കെ പനങ്ങാട് ഒരു മുനിയറയും പനങ്ങാട് സ്കൂളിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് തുറക്കാത്ത നിലയില്‍ നാല് മുനിയറകളുമുണ്ട്.  പനങ്ങാട്, ഉമ്മിച്ചിപൊയില്‍, തലയടുക്കം തുടങ്ങിയ സ്ഥലത്തുനിന്ന് മുനിയറകളുടെ കവാടം നിര്‍മിക്കുന്നതിന്  പാറപ്പാളികള്‍ മുറിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. മൂവായിരം വര്‍ഷം മുമ്പ് പാറമുറിക്കാനുള്ള ആയുധം ഇവിടെയുണ്ടായിരുന്നതിന് തെളിവാണിത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top