19 September Thursday

നാളെമുതൽ വാഹന പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019
കാസർകോട്‌
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ അഞ്ചുമുതൽ 31 വരെ കർശന വാഹന പരിശോധനയും ബോധവൽക്കരണ പരിപാടികളും നടത്തും. റോഡ് സേഫ്റ്റി ആക്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം നടത്തുന്ന സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലയിലും പരിശോധനയും ബോധവൽക്കരണവും നടത്തുന്നത്. 
കലക്ടർ  ഡോ. ഡി സജിത് ബാബു ചെയർമാനായ റോഡ് സേഫ്റ്റി ആക്ഷൻ പ്ലാൻ കമ്മിറ്റി യോഗം ചേർന്നു. ഈ മാസം അഞ്ചു മുതൽ 31 വരെ ഓരോ തരം നിയമലംഘനങ്ങൾക്കായി മുൻകൂട്ടി നിർണയിച്ച ദിവസങ്ങളിൽ കർശനവും വ്യാപകവുമായ പരിശോധന നടത്തും. 
നഗരപ്രദേശങ്ങളിൽ മാത്രമാണ് ഇരുചക്ര വാഹന യാത്രക്കാർ കൂടുതലായും ഹെൽമെറ്റ് ഉപയോഗിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഹെൽമെറ്റ് പരിശോധന കർശനമാക്കും. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവരും ഹെൽമെറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. 
സമീപ ഭാവിയിൽ തന്നെ ഇത് നിർബന്ധമാക്കുമെന്നതിനാൽ പൊതു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തും. കാറുകളിൽ പുറകിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും നല്ല ഡ്രൈവിങ്  സംസ്‌കാരം വളർത്തിയെടുക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. പാതയോരങ്ങളിൽ ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. പ്രവർത്തന രഹിതമായ ട്രാഫിക് സിഗ്നലുകൾ നന്നാക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. യോഗത്തിൽ ആർടിഒ എസ് മനോജ്, അഡീഷണൽ എ‌സ്‌പി പി പ്രശോഭ് എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top