15 May Saturday
കിതച്ച്‌ യുഡിഎഫും ബിജെപിയും

കരുത്തുകാട്ടി 
എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
കാസർകോട്‌ 
വികസനവും മതനിരപേക്ഷതയും ഉയർത്തി  എൽഡിഎഫ്‌ നടത്തിയ പ്രചാരണത്തിന്‌ ജില്ലയിലും ജനങ്ങളുടെ അംഗീകാരം.  അഞ്ച്‌ മണ്ഡലങ്ങളിലും എൽഡിഎഫിന്‌  വോട്ട്‌ വർധിച്ചു. വിജയിച്ച മണ്ഡലങ്ങളിൽ മിന്നുന്ന ഭൂരിപക്ഷവും സ്വന്തമാക്കി. അതേസമയം  യുഡിഎഫിനും  ബിജെപിക്കും പറയത്തക്ക നേട്ടമുണ്ടാക്കാനായില്ല എന്നാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം കാണിക്കുന്നത്‌.  
മുന്നേറാനാവാതെ 
യുഡിഎഫും ബിജെപിയും
2016ൽ എൽഡിഎഫിന്റെ വോട്ടിങ് ശതമാനം 37.72 ആയിരുന്നുവെങ്കിൽ അത്‌ ഇത്തവണ  40 ശതമാനത്തിന്‌ മുകളിലായി. യുഡിഎഫിന്‌ കഴിഞ്ഞ തവണ ലഭിച്ച 39.08 ശതമാനത്തിൽ വലിയ വർധനയുണ്ടായില്ല. ബിജെപിക്കും 21 ശതമാനത്തിൽ നിന്ന്‌ മുന്നോട്ടുപോകാനായില്ല. എൽഡിഎഫ്‌ 2016 നെ അപേക്ഷിച്ച്‌ 23,689 വോട്ട്‌ അധികം നേടി. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാൾ 42,448 വോട്ട്‌ കൂടുതലാണിത്‌.  
മഞ്ചേശ്വരത്ത്‌  2406 വോട്ടും കാസർകോട്‌ 6708 വോട്ടും ഉദുമയിൽ 7985 വോട്ടും കാഞ്ഞങ്ങാട്‌ 4057 വോട്ടും തൃക്കരിപ്പൂരിൽ 6865 വോട്ടുമാണ്‌ എൽഡിഎഫ്‌ കഴിഞ്ഞ തവണത്തേക്കാൾ അധികമായി  നേടിയത്‌.    
എൽഡിഎഫ്‌ 
ഭൂരിപക്ഷം ഉയർത്തി
എൽഡിഎഫ്‌ വിജയിച്ച മൂന്ന്‌ മണ്ഡലങ്ങളിലും ഭൂരിപക്ഷം വർധിച്ചു.  ഉദുമയിൽ കഴിഞ്ഞ തവണ കെ കുഞ്ഞിരാമൻ നേടിയ 3832 വോട്ടിനെ അപേക്ഷിച്ച്‌  സി എച്ച്‌ കുഞ്ഞമ്പുവിന്റെ ഭൂരിപക്ഷം 13,332ലെത്തി. കാഞ്ഞങ്ങാട്‌ കഴിഞ്ഞ തവണ ഇ ചന്ദ്രശേഖരൻ നേടിയ 26,011 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹം 27,139 ആയി‌ ഉയർത്തി‌. തൃക്കരിപ്പൂരിൽ  എം രാജഗോപാലൻ തന്റെ ഭൂരിപക്ഷം16,959 ൽ നിന്ന്‌ 26,137ആയാണ്‌ ഉയർത്തിയത്‌. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്‌.
കോൺഗ്രസിന്‌ മൂന്നിടത്ത്‌  
വോട്ട്‌ കുറഞ്ഞു
അതേസമയം കോൺഗ്രസിന്‌ മൂന്ന്‌ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ  വോട്ട്‌ കുറഞ്ഞു. കാസർകോട്‌  4,431 വോട്ടും ഉദുമയിൽ 1,505 വോട്ടും, തൃക്കരിപ്പൂരിൽ 2,313 വോട്ടുമാണ്‌ കുറഞ്ഞത്‌.  മഞ്ചേശ്വരത്ത്‌ 8,888 വോട്ടും കാഞ്ഞങ്ങാട്‌ മണ്ഡലത്തിൽ 2929 വോട്ടും വർധിച്ചു.  6568 വോട്ടാണ്‌  കോൺഗ്രസിന്‌ അഞ്ച്‌ മണ്ഡലങ്ങളിലായി ആകെ വർധിച്ചത്‌.   
ബിജെപിക്ക്‌ വൻ തിരിച്ചടി
കനത്ത തിരിച്ചടിയുണ്ടായത്‌ ബിജെപിക്കാണ്‌. മത്സരിച്ച സംസ്ഥാന അധ്യക്ഷനും ജില്ല പ്രസിഡന്റും മറ്റു പ്രധാന ഭാരവാഹികളും കരപിടിച്ചില്ല. അവർക്ക്‌  2296 വോട്ടാണ്‌ ജില്ലയിൽ ആകെ  വർധിപ്പിക്കാനായത്‌. കാസർകോട്‌ 5725 വോട്ടും ഉദുമയിൽ 871 വോട്ടും കുറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top