15 July Wednesday

പിഴയീടാക്കുന്നതിൽ അനാസ്ഥ: നഗരസഭയ്‌ക്ക്‌ നഷ്ടം ലക്ഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

കാസർകോട്‌

ഹെൽത്ത്‌ സൂപ്പർവൈസറുടെ  അനാസ്ഥ കാരണം നഗരസഭക്ക്‌ ലക്ഷക്കണക്കിന്‌ രൂപ നഷ്ടമാവുന്നു.  പിഴയിനത്തിൽ മാത്രം അഞ്ചുലക്ഷത്തോളം രൂപ ഈടാക്കാനുണ്ട്‌.  കഴിഞ്ഞ വർഷം അവസാനം മാത്രം രണ്ടുലക്ഷത്തോളം രൂപ നഗരസഭാ സെക്രട്ടറി പിഴ ചുമത്തിയിട്ടുണ്ട്‌.  പിഴത്തുക ഈടാക്കേണ്ട ചുമതല ഹെൽത്ത്‌ സൂപ്പർവൈസർക്കാണ്‌.  ഹെൽത്ത്‌ സൂപ്പർവൈസർ ഇക്കാര്യത്തിൽ കടുത്ത അലംഭാവമാണ്‌ കാട്ടുന്നത്‌. 
ചില അവിഹിത ഇടപാടുകൾ ഇതിന്‌ പിന്നിലുണ്ടെന്ന ആരോപണവുമുണ്ട്‌.  നഗരത്തിലെ ചില ബഹുനില കെട്ടിടങ്ങളിൽ നിന്ന്‌  കക്കൂസ്‌ മാലിന്യങ്ങൾ ഉൾപ്പെടെ  റോഡിലേക്ക്‌ ഒഴുക്കിവിട്ടതിന്‌  ഒരു ലക്ഷം രൂപയ്‌ക്ക്‌ മുകളിൽ പിഴ ചുമത്തി പ്രശ്‌നം പരിഹരിക്കാൻ സെക്രട്ടറി നിർദേശിച്ചിരുന്നു. ഇപ്പോഴും കക്കൂസ്‌ മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യം കെട്ടിടത്തിൽ ഒരുക്കിയിട്ടില്ല എന്ന്‌ മാത്രമല്ല പിഴയും ഈടാക്കിയിട്ടില്ല. നഗരഭരിക്കുന്ന മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ സ്വന്തക്കാരാണ്‌ കെട്ടിട ഉടമകൾ എന്നതാണ്‌ ഇതിന്‌ കാരണം. 
പിഴയിട്ട  സെക്രട്ടറി സ്ഥലംമാറിയതോടെ കെട്ടിട ഉടമകളെ സഹായിക്കാനുള്ള നീക്കമാണ്‌ ഹെൽത്ത്‌ സൂപ്പർവൈസർ നടത്തുന്നത്‌. ഇതിനുപുറമെ ഹോട്ടലുകൾ, വൻകിട കെട്ടിടങ്ങൾ തുടങ്ങിയവ അടക്കാനുള്ള പിഴയും  മനഃപൂർവം വൈകിപ്പിക്കുകയാണ്‌. നഗരത്തിലെ കടകളിൽനിന്ന്‌ ലഹരിവസ്‌തുക്കൾ പിടികൂടിയ കേസുകളിൽ പോലും പ്രതികളെ രക്ഷിക്കാൻ ഹെൽത്ത്‌ സൂപ്പർവൈസർ കൂട്ടുനിൽക്കുകയാണ്‌ എന്നാണ്‌ ആരോപണം.
പ്രധാന വാർത്തകൾ
 Top