07 August Friday

വിള ഇൻഷുറൻസ് തുടങ്ങി

പി പി കരുണാകരൻUpdated: Thursday Jul 2, 2020

കാഞ്ഞങ്ങാട‌്

സംസ്ഥാന കൃഷിവകുപ്പ് സുഭിക്ഷ കേരളം  പദ്ധതിയുടെ ഭാഗമായുള്ള ‌ വിള ഇൻഷുറൻസ് ക്യാമ്പയിനിന്‌ ജില്ലയിൽ തുടക്കമായി. 15 വരെയാണ‌്  പഞ്ചായത്തുകളിൽ  വിള ഇൻഷുറൻസ് ക്യാമ്പയിൻ. കൃഷിഭവനുകളിൽ വരാതെ ഓൺലൈനായി  ചേരാനും പോളിസി കരസ്ഥമാക്കാനും സാധിക്കും. ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് www.aims.kerala.gov.in/cropinsurance എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. 
പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നിവയിൽ നിന്ന്‌  കർഷകരെയും കുടുംബത്തെയും രക്ഷിക്കാനാണ്  വിള ഇൻഷുറൻസ് പദ്ധതി.  27 ഇനം വിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ.  പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും  ഈ സീസണിൽ  ചേരേണ്ട അവസാന തീയതി  31 ആണ്. റബ്ബർടാപ്പർമാർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പുതുക്കാൻ  17വരെ അവസരമുണ്ട‌്.  കന്നുകാലികളെ ഇൻഷുർ ചെയ്യുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പ‌് മുഖാന്തരമാണ‌് ‌ നടപ്പാക്കുക.  ഒരു മൃഗത്തിന് മൂന്നു വർഷത്തേക്ക് ഇൻഷുറൻസ് ലഭിക്കും. പ്രീമിയം തുകയുടെ 75 ശതമാനം സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് ഗ്രാന്റ് നൽകും. പ്രീമിയത്തിൽ 25 ശതമാനം  സംഭാവന നൽകിയാണ് കന്നുകാലി ഉടമയ്ക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക.  
കഴിഞ്ഞ വർഷം ജില്ലയിലെ 28,600 കർഷകർ പദ്ധതിയിൽ അംഗങ്ങളായി.  80, 67, 300 രൂപ നഷ്ടപരിഹാരം കർഷകർക്ക‌് ലഭിച്ചു.  പദ്ധതിയിൽ  ചേർന്ന   മുഴുവൻ കൃഷിക്കാർക്കും‌ ആനുകൂല്യം ലഭിച്ചുവെന്നതാണ‌് മുഖ്യ ആകർഷണം. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ കൃഷിക്കാർ വിള ഇൻഷുറൻസ‌് പദ്ധതിയിൽ അംഗങ്ങളാകുമെന്നാണ‌് പ്രതീക്ഷ. 
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കൂടുതൽ സ്ഥലത്ത‌് കൃഷി ചെയ്യുകയും  സംഘങ്ങളായും വ്യക്തികളായും കൂടുതൽ ആളുകൾ കൃഷിയിൽ ഏർപ്പെടുകയും ചെയ‌്തതിനാൽ വിള ഇൻഷുറൻസ‌് പദ്ധതിയിലേക്ക‌്  ചേരാൻ വലിയ താൽപര്യമാണ‌് കൃഷിക്കാർ  കാണിക്കുന്നത‌്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top