25 August Sunday

കതിരുകൾ കുറയും പതിരുകൾ നിറയും; കാലപ്പിഴ കർഷകന്റെ നട്ടെല്ലൊടിക്കും

പി പി കരുണാകരൻUpdated: Tuesday Jul 2, 2019

 കാഞ്ഞങ്ങാട‌്

കുരുമുളകുവള്ളി സായിപ്പ‌് കൊണ്ടുപോയതറിഞ്ഞപ്പോൾ സാമൂതിരി പറഞ്ഞു.-‘‘നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ ഒക്കില്ലല്ലോ’’ എന്ന‌്.ഇന്നിപ്പോൾ അതും സംഭവിച്ചിരിക്കുന്നു. തിരിമുറിയാമഴ പെയ്യുന്ന തിരുവാതിര ഞാറ്റുവേല എങ്ങോ പോയ‌്മറഞ്ഞിരിക്കുന്നു. വയൽവരമ്പിലെ ചെളിവെള്ളത്തിൽ തുള്ളിമറിഞ്ഞ‌് ഓടിക്കളിച്ചിരുന്ന പരൽമീനുകൾ ചത്തു മലച്ചു.
ഞാറ്റടികളിൽനിന്ന‌് പിഴുതുനട്ട നെൽചെടികൾ പഴുത്തു തുടങ്ങി.
വയലുകളിൽനിന്ന‌് ഞാറ്റുപാട്ടുകൾക്കു പകരം കേൾക്കുന്നത‌് കൃഷിക്കാരന്റെദീനരോദനം.  പുതുവെള്ളത്തിൽ കാറ്റേറ്റ‌് ഇളകിയാടിക്കളിക്കേണ്ടനെൽചെടികൾക്ക‌് പുതുനാമ്പു പൊട്ടിയില്ല. വയലൊരുക്കി  മുറിച്ചു നട്ട ചെടി അതേപോലെ കരിയാൻ പാകത്തിൽ നിൽക്കുന്നു.  വയലിലെ കാഞ്ഞ വെള്ളത്തിൽകാലുവയ‌്ക്കാൻ പറ്റുന്നില്ല. ഇത്തവണ ഞാറ്റുവേലയ‌്ക്ക‌്വേരുപിടിപ്പിച്ച നടീൽ വസ‌്തുപോലും കരിഞ്ഞുണങ്ങുകയാണ‌്. മഴയുടെ കുറവ‌് 40 ശതമാനത്തിലധികമാണ‌്. ഇടവപ്പാതിയിൽ ഇടമുറിയാതെ മഴ പെയ്യുന്ന മാസമാണ‌്.  ഇടവപ്പാതി ഇക്കുറി കാക്കയ‌്ക്കും പൂച്ചയ‌്ക്കുമായി കഴിഞ്ഞു. മിഥുനം വരുമല്ലോ എന്നായി പിന്നെ സമാധാനം. മിഥുനമാസവുംതീരാറായി. മഴമാത്രം വന്നില്ല. ഇനി നഷ്ടപ്പെട്ട മഴയും ഞാറ്റുവേലയുമെല്ലാംഎങ്ങനെ തിരിച്ചു ലഭിക്കുമെന്ന ആധിയാണ‌് കൃഷിക്കാരന‌്. വരുംകാലം നമ്മെകാത്തിരിക്കുന്ന കടുത്ത വരൾച്ചയും കൃഷിനാശവും പേടിപ്പെടുത്തുകയാണ‌്.
മഴകാത്തു വാങ്ങിവച്ചിരുന്ന കുരമ്പയും കൊട്ടൻപാളയും മാറാല കെട്ടി. പുതുവെള്ളത്തിൽ ഓടിച്ചാടി വരുന്ന മീൻ പിടിക്കാൻ കരുതിവെച്ച കുത്തൂടും മീൻകൂടും നോക്കുകുത്തിയായി. മലയിറങ്ങിവരുന്ന മഞ്ഞളേട്ടയെ കത്ത്യാൾകൊണ്ട‌് കൊത്തിപ്പിടിക്കാൻ കാത്തുനിന്നതും വെറുതെയായി. വയൽവരമ്പു നിറഞ്ഞുകവിഞ്ഞ വെള്ളം ഇക്കുറി സ്വപ‌്നത്തിൽപോലുമുണ്ടായില്ല.
കഴിഞ്ഞ നൂറ്റാണ്ടിൽപോലും ജൂൺ ഇങ്ങനെ വരണ്ടുപോയിട്ടില്ല. 151. 1 മില്ലീമീറ്റർ മഴ ലഭിച്ചിരുന്ന ജൂൺ ഇത്തവണ തന്നത‌് 97. 9 മില്ലീ മീറ്റർ മഴയാണ‌്. വെള്ളം തേവി കൃഷിയിടം നനക്കേണ്ടി വന്ന മിഥുനമാസം സങ്കൽപിക്കാൻ പോലുമാകില്ല. മഴ കാര്യമായി പെയ‌്തതിനു ശേഷം കൃഷിയിറക്കാമെന്നു കാത്തിരുന്നവർക്ക‌് ഒന്നാം വിളമാത്രമല്ല, രണ്ടാം വിളയും നഷ്ടമാകും. മഴയില്ലായ‌്മ നെല്ലിന്റെ നുരി കുറയാൻ ഇടയാക്കും. ഒരു ചതുരശ്ര അടിയിൽ 33 നുരിയെങ്കിലും ഉണ്ടാകണം. വരൾച്ച കാരണം ഇത‌് കുറയുന്നു. പാടം നിറഞ്ഞ‌് ചിനപ്പുകൾ ഉണ്ടാകുന്നതും കുറയും 34 ചിനപ്പുകളെങ്കിലും ഒരു നെൽച്ചെടിയിൽ ഉണ്ടാകണം. ഒരോ ചിനപ്പിൽനിന്നും കതിരുകൾ ഉണ്ടാകണം. കതിരുകൾ കുറയുന്നതോടൊപ്പം  പതിരുകൾ നിറയുമെന്നതാണ‌് കാലാവസ്ഥാവ്യതിയാനത്തിന്റെ മറ്റൊരു ദുരന്തം.  കീടങ്ങളുടെ ആക്രമണവും കൂടും. നെല്ലിൽ പാലുറയ‌്ക്കുന്നതും കുറയും. പരാഗണവും നടക്കില്ല. രാസവളവും മറ്റും ചേർക്കുന്നതിനും വെള്ളമില്ലായ‌്മ തടസ്സമാകും. ചുരുക്കത്തിൽ കൃഷിയുടെ സീസൺ പൂർണമായി നഷ്ടപ്പെടും. അടുത്ത സീസൺ കൃഷിയെയും ഇത‌് സാരമായി ബാധിക്കും. കരപ്പറമ്പുകളിൽ കപ്പ, മധുരക്കിഴങ്ങ‌്, ചേമ്പ‌് തുടങ്ങിയ കൃഷികളും മഴക്കാലത്തെ ആശ്രയിച്ച‌് നടത്തുന്നതാണ‌്. ഇവയെല്ലാം കടുത്ത വേനലിൽ നശിക്കുന്ന കാഴ‌്ചയാണ‌്.  കരപ്പറമ്പിൽ നട്ട മധുരക്കിഴങ്ങുവള്ളി വെള്ളമൊഴിച്ചിട്ടും പഴുത്തുപോയി. വാഴകൃഷിയും വെള്ളമൊഴിക്കാതെ കർക്കടകമെത്താൻ സാധ്യതയില്ല.  കാലാവസ്ഥ വഴിമാറിനടന്നപ്പോൾ ബാക്കിയാക്കിയത‌് ചുമയും പനിയും പകർച്ചവ്യാധിയും. 
മഴ പെയ്യേണ്ട കാലത്ത‌് തീ പോലെ വെയിലുദിച്ചപ്പോൾ പനി ബാധിതരെക്കൊണ്ട‌് ആശുപത്രിക്കോലായ നിറഞ്ഞു. ആവശ്യത്തിന‌് മരുന്നും വൈകിട്ടോളം ഡോക്ടറുമുള്ളതുകൊണ്ട‌് സാധാരണക്കാർക്ക‌് തുണയായി.  ഗ്രാമമൊന്നാകെ നെഞ്ചത്തുവച്ചു നിലവളിക്കുന്നു, എന്തൊരു കാലമിത‌്. കാക്ക കണ്ണു മിഴിക്കാതെ മഴ പെയ്യേണ്ട കാലം.
പ്രധാന വാർത്തകൾ
 Top