07 July Tuesday

ടിവിയിൽ ബെല്ലടിച്ചു; കുട്ടികൾ കൈയടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

വേലേശ്വരം ഇ എം എസ്‌ സ്‌മാരക ഗ്രന്ഥാലയത്തിൽ ഓൺലൈൻ പഠനത്തിലേർപ്പെട്ട കുട്ടികൾ

കാഞ്ഞങ്ങാട്
കോവിഡ്‌ കാലത്തെ പുതുമയായ ഓൺലൈൻ പഠനം ആദ്യദിവസം വിദ്യാർഥികൾ നന്നായി പ്രയോജനപ്പെടുത്തി. രക്ഷിതാക്കളുടെ മൊബൈൽഫോണും മുതിർന്ന കുട്ടികളുടെ ലാപ്‌ടോപ്പും വീട്ടിലെ കംപ്യൂട്ടറുമെല്ലാം ഉപയോഗപ്പെടുത്തിയായിരുന്നു വീടുകളിലെ പഠനം. 
വീടുകൾക്ക്‌ പുറമേ   വായനശാലകളും കലാസമിതികളും കുട്ടികൾക്ക്  വേണ്ടി ക്ലാസ്  ഒരുക്കി. അടുത്ത ദിവസം മുതൽ മുഴുവൻ ഗ്രന്ഥാലയങ്ങളിലും ക്ലാസിനുള്ള സൗകര്യം ഒരുക്കണമെന്ന് ലൈബ്രറി കൗൺസിൽ നിർദേശം നൽകിയിട്ടുണ്ട്.  വീടുകളിൽ ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് സാമൂഹ്യ അകലം പാലിച്ച്  ക്ലാസ് ആസ്വദിക്കാൻ സൗകര്യം ഒരുക്കണമെന്നാണ് നിർദേശം.  
സ്‌കൂളിലെ അധ്യാപകർ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി കുട്ടികളുമായി ആശയ വിനിമയം നടത്താനുള്ള സൗകര്യവും ഉണ്ടാക്കി. സ്മാർട്ട് ഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് അടുത്ത വീടുകളുമായി ബന്ധപ്പെട്ട് പിടിഎ സൗകര്യമൊരുക്കി.  
യുപി ക്ലാസുകളിലെ മലയാളം ക്ലാസുകൾ മികച്ച നിലവാരം പുലർത്തിയതായി അധ്യാപകർ അഭിപ്രായപ്പെടുന്നു. അര മണിക്കൂർ സമയം പര്യാപ്തമല്ല എന്ന അഭിപ്രായമുണ്ടായി.  3, 4 ഭാഷാ ക്ലാസുകളിലെ ചില പദപ്രയോഗങ്ങൾ പൊതുവായി എല്ലാവരും ഉപയോഗിക്കുന്നതാകണമെന്ന നിർദേശമുണ്ടായി. ടീച്ചിങ് എയിഡ് ഉപയോഗിച്ച്  പാട്ടും അഭിനയവും ഒക്കെയായി അവതരിപ്പിച്ച ക്ലാസ് കുട്ടികൾ ആസ്വദിച്ചു.  എല്ലാ ക്ലാസിലും അടുത്ത ദിവസത്തെ  ഒരു പ്രവൃത്തി നൽകിയാണ്‌ അവസാനിപ്പിച്ചത്.   ചിത്രരചന, നിറം നൽകൽ,  ഗാർഡൻ നിർമാണം,   കഥാ പൂരണം, ഒറിഗാമി  എന്നിവ കുട്ടികൾക്ക് ഏറെ ഹൃദ്യമായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top