08 August Saturday

98.61 ശതമാനം വിജയം

കെ സി ലൈജുമോൻUpdated: Wednesday Jul 1, 2020
കാസർകോട്‌
എസ്‌എസ്‌എൽസി പരീക്ഷയിൽ ഇത്തവണയും ജില്ലയ്‌ക്ക്‌ മികച്ച നേട്ടം. പരീക്ഷയെഴുതിയവരിൽ 98.61 ശതമാനം പേർ ഉപരിപഠനത്തിന്‌ അർഹരായി. 19,599 പേർ പരീക്ഷയെഴുതിയതിൽ 19,326 പേരാണ്‌ ജയിച്ചത്‌. ഇതിൽ 10,197 ആൺകുട്ടികളും 9402 പേർ പെൺകുട്ടികളുമാണ്‌. മോഡറേഷൻ ഇല്ലാതിരുന്നിട്ടും വിജയശതമാനം കഴിഞ്ഞവർഷത്തേക്കാൾ ഉയർന്നു. മുൻവർഷം 97.71 ശതമാനമായിരുന്നു വിജയം. 2018ൽ 97.015 ശതമാനവും 2017ൽ 94.77 ശതമാനവും 2016ൽ 94.8 ശതമാനവുമായിരുന്നു. കാസർകോട്‌ വിദ്യാഭ്യാസ ജില്ലയിൽ 98 ശതമാനവും കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയിൽ 99 ശതമാനവുമാണ്‌ വിജയം. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുള്ള അംഗീകാരംകൂടിയാണ്‌ എസ്‌എസ്‌എൽസി പരീക്ഷയിലെ മിന്നുന്ന നേട്ടം.
നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളിൽ ഇത്തവണ നേരിയ കുറവുണ്ടായി. കഴിഞ്ഞതവണ 90 സ്‌കൂളുകൾ നൂറുമേനി നേടിയപ്പോൾ ഇത്തവണ 81 സ്‌കൂളുകളാണ്‌ ഈ നേട്ടം കൈവരിച്ചത്‌.  ഇവയിൽ സർക്കാർ സ്‌കൂളുകൾതന്നെയാണ്‌ മുന്നിൽ. 49 സർക്കാർ സ്‌കൂളുകളിൽ മുഴുവൻപേരും ഉപരിപഠനത്തിന്‌ അർഹരായി. 12 എയ്‌ഡഡ്‌ സ്‌കൂളുകളും 20 അൺഎയ്‌ഡഡ്‌ സ്‌കൂളുകളിലും നൂറുമേനി നേട്ടമുണ്ട്‌.
1685 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടി. സർക്കാർ വിദ്യാലയങ്ങളിൽ 929 പേരാണ്‌ മുഴുവൻ വിഷയങ്ങളിലും എപ്ലസ്‌ നേടിയത്‌. എയ്‌ഡഡ്‌ സ്‌കൂളുകളിൽ 633 പേരും അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽ 123 പേരും മുഴുവൻ എ പ്ലസ്‌ നേടി. പെൺകുട്ടികളാണ്‌ ഇതിലും മുന്നിലുള്ളത്‌. 1094 പേർ. ആൺകുട്ടികളിൽ 591 പേർക്കാണ്‌ മുഴുവൻ എ പ്ലസ്‌.
ജില്ലയിൽ ആകെ 159 സ്‌കൂളുകളിൽ 96 സർക്കാർ വിദ്യാലയങ്ങളും 33 എയ്‌ഡഡ്‌ വിദ്യാലയങ്ങളും 30 അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളുമാണുള്ളത്‌. കാസർകോട്‌ വിദ്യാഭ്യാസ ജില്ലയിൽ 10,736 പേരും കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയിൽ 8863 പേരുമാണ്‌ പരീക്ഷയെഴുതിയത്‌. കാസർകോട്‌ 10,530 പേരും കാഞ്ഞങ്ങാട്‌ 8796 പേരും ഉപരിപഠനത്തിന്‌ അർഹത നേടി. സർക്കാർ സ്‌കൂളുകളിൽ പരീക്ഷയെഴുതിയ 10,946 കുട്ടികളിൽ 10,780 പേരും ഉപരിപഠനത്തിന്‌ അർഹരായി. എയ്‌ഡഡിൽ പരീക്ഷയെഴുതിയ 6691ൽ 6603 പേരും അൺഎയ്‌ഡഡിൽ 1962ൽ 1943 പേരും ഉപരിപഠനത്തിന്‌ അർഹരായി. 
ഏറ്റവും കൂടുതൽ വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ സർക്കാർ വിദ്യാലയവും ചായ്യോത്ത്‌ ഹയർസെക്കൻഡറിയാണ്‌.  (60പേർ), എയ്‌ഡഡ്‌ വിഭാഗത്തിൽ സിഎച്ച്‌എസ്‌എസ്‌ ചട്ടഞ്ചാൽ സ്‌കൂളും (102 പേർ) ആണ്‌. 
ജില്ലയിൽ സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി നൂറുമേനി വിജയം സ്വന്തമാക്കി ചായ്യോത്ത്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഇത്തവണയും മികവ്‌ ആവർത്തിച്ചു. പരീക്ഷയെഴുതിയ 282 കുട്ടികളും ഉപരിപഠനത്തിന്‌ യോഗ്യത നേടി. പരീക്ഷയെഴുതിയ 408 കുട്ടികളെയും വിജയിപ്പിച്ച്‌ കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ എയ്‌ഡഡ്‌ മേഖലയിൽ മികവുകാട്ടി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top