23 June Wednesday

തീർഥാടന ടൂറിസത്തിന‌ും ആഭ്യന്തരടൂറിസത്തിനും സാധ്യത ഹൊസ‌്ദുർഗ‌് കോട്ടയിൽ വരുമോ പുരാവസ‌്തു മ്യൂസിയം

ടി കെ നാരായണൻUpdated: Saturday Jun 1, 2019
കാഞ്ഞങ്ങാട‌് 
തീർഥാടന ടൂറിസത്തിനും  ആഭ്യന്തര ടൂറിസത്തിനും  കാഞ്ഞങ്ങാടിന‌്   അനന്ത സാധ്യത.  നിത്യാനന്ദാശ്രമം , ആനന്ദാശ്രമം,പൂങ്കാവനം ക്ഷേത്രം, മഡിയൻ കുലോം,മഞ്ഞംപൊതികുന്ന‌് എന്നിവയെ  ബന്ധിപ്പിച്ച‌് ഹൊസ‌്ദുർഗ‌് കോട്ട പ്രധാന കേന്ദ്രമാക്കി ചരിത്ര മ്യൂസിയത്തിന‌ായി  കാഞ്ഞങ്ങാട‌് നഗരസഭാ ചെയർമാൻ വി വി രമേശൻ അധികൃതർക്ക‌് നിവേദനം നൽകി.നിത്യാനന്ദാശ്രമവും ആനന്ദാശ്രമവും തേടി സ്വദേശികളും വിദേശികളുമായ നൂറുകണക്കിനാളുകളാണ‌് എത്തുന്നത‌്.  കാഞ്ഞങ്ങാടിന്റെ ഇന്നലെകളെ അറിയാനുപകരിക്കുന്നവിധത്തിൽ ഹൊസ‌്ദുർഗ‌് കോട്ടയിൽ പുരാവസ‌്തു മ്യൂസിയം  തയ്യാറാക്കാനാവും. 
 നിത്യാനന്ദാശ്രമത്തിനടുത്തുള്ള താമരക്കുളത്തിന‌്ചുറ്റം ഉദ്യാനമുണ്ടാക്കി  വലിയ മുതൽമുടക്കില്ലാതെ  ഉല്ലാസ കേന്ദ്രം    ആരംഭിക്കാനുള്ള സൗകര്യവുമുണ്ട‌്. 
നിത്യാനന്ദാശ്രമം 
സ്വാമി നിത്യാനന്ദനാണ‌്   ആശ്രമം സ്ഥാപിച്ചത്. പാറതുരന്ന‌്  45 ഗുഹകൾ നിർമിച്ചു.  1963-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ ക്ഷേത്രവും നിർമിച്ചു. സ്വാമിയുടെ പഞ്ചലോഹത്തിലുള്ള പൂർണകായ പ്രതിമയും കാണാം. ഹൊസ്ദുർഗ്ഗ് കോട്ടയ്ക്ക് സമീപത്തെ  25 ഏക്കർ സ്ഥലത്താണ‌് ആശ്രമം. ഭഗവത‌് ഗീത വിഭാവന ചെയ്യുന്ന ചില മനോഹര ശില്പങ്ങളും ആശ്രമത്തിലുണ്ട‌്. ആശ്രമത്തിന്റെ ഭാഗമായുള്ള ഗുരുവനം ജൈവവവിധ്യസമ്പന്നമാണ‌്. ആശ്രമത്തിനോട‌് ചേർന്നാണ‌് ഹൊസ‌്ദുർഗ‌് കോട്ട. ബേക്കൽ കോട്ട പോലെ ഇതും  ഇക്കേരി രാജാക്കന്മാരുടെ ഭരണകാലത്ത് പണികഴിപ്പിച്ചതാണ‌്.  സോമശേഖര നായ്‌ക്കിന്റെ രാജകീയപ്രതാപം വെളിപ്പെടുത്തുന്നതാണ്‌ കോട്ടയിലെ  വട്ടത്തൂൺ കൊത്തളങ്ങൾ. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ബേക്കൽ കോട്ടയും ഹൊസ്‌ദുർഗ് കോട്ടയും പണി കഴിപ്പിച്ചത് ഡച്ചുകാരാണ്‌. ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകളും ഹൊസ്‌ദുർഗ്‌ കോട്ടയും കോലത്തിരിയുടെ കാലത്തു  കെട്ടിയതാണെന്ന് സൗത്ത് കാനറാ ഡിസ്ട്രിക്റ്റ് മാന്വൽ ഒന്നാം വോള്യത്തിൽ സ്റ്റാറക് രേഖപ്പെടുത്തിയിരിക്കുന്നു. കോലത്തിരി രാജാവിന്റെ കീഴിൽ പയ്യന്നൂർ കഴകകാര്യങ്ങൾ നോക്കി നടത്തിയിരുന്ന കാഞ്ഞൻ എന്ന ഇടപ്രഭു കാഞ്ഞൻകാട് ഒരു കോട്ട സ്ഥാപിച്ച് ഭരണം നടത്തിയിരുന്നു. അതാണ‌്പിന്നീട് കാഞ്ഞൻ‌കാട് ആയത്. ഈ കോട്ടയുടെ രണ്ടു കിലോമീറ്റർ വടക്കുഭാഗത്തായി കോട്ടച്ചേരി എന്ന സ്ഥലത്തായിരുന്നുവത്രേ കോട്ട നിർമാണത്തിന്‌ നിയുക്തരായ തൊഴിലാളികൾ താമസിച്ചിരുന്നത്. ആ സ്ഥലമാണ‌് ഇന്നത്തെ കൊട്ടച്ചേരി. 
ആനന്ദാശ്രമം
നഗരത്തിൽ ിന്നും നാല‌് കിലോ മീറ്റർ അകലെയായി മഞ്ഞമ്പൊതിക്കുന്നിന്റെ താഴ‌്‌വാരത്താണ‌്  ആനന്ദാശ്രമം. 1931 ൽ സ്വാമി രാംദാസും മാതാ കൃഷ്ണാഭായിയും ചേർന്ന് സ്ഥാപിച്ചതാണീ ആശ്രമം. കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ നിന്നും അഞ്ച‌് കിലോമീറ്റർ സഞ്ചരിച്ചാൽ ആശ്രമത്തിൽ എത്താം. ആശ്രമത്തിനകത്ത് ഇൻഫർമേഷൻ സെന്റർ, പുസ്തകശാല, ലൈബ്രറി, ഗോശാല എന്നിവ പ്രവർത്തിക്കുന്നുണ്ട്.
മഡിയൻ കൂലോം
 കാഞ്ഞങ്ങാട‌് നിന്നും വിളിപ്പാടകലെയാണ‌് അജാനൂർ പഞ്ചായത്തിലെ  മഡിയൻ  കൂലോം എന്ന ആരാധനാലയം. ഉത്തര കേരളത്തിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ്  മടിയൻ കൂലോം.  നീലേശ്വരം രാജവംശത്തിന്റെ ഉത്ഭവത്തോട് കൂടി കാവ് ഒരു ക്ഷേത്രമായി മാറി എന്നാണ് അനുമാനിക്കുന്നത്. വടക്ക് ചിത്തിരി പുഴ മുതൽ തെക്ക് ഒളവറ  പുഴ വരെ വ്യാപിച്ച് കിടന്ന അള്ളട സ്വരൂപമായിരുന്നു ഈ പ്രദേശം.  ഏകദേശം അഞ്ഞൂറിലധികം വർഷത്തെ പഴക്കമാണ് കണക്കാക്കുന്നത് .  1936 ലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പ് തന്നെ ഈ ക്ഷേത്രത്തിൽ നാന ജാതി മതസ്ഥർക്കും കർഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ  പ്രവേശനം ഉറപ്പാക്കിയിരുന്നു. കേരളത്തിൽ  അബ്രാഹ്മണർ  പൂജ ചെയ്യുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണ്.  ഉഷ:പൂജയും. സന്ധ്യാ പൂജയും  യാദവർ  (മണിയാണി ) ചെയ്യുമ്പോൾ ഉച്ചപൂജ ബ്രാഹ്മണർ  ചെയ്യുന്നു.   ക്ഷേത്രത്തിലെ   ദാരുശിൽപങ്ങൾ ലോകപ്രശസ‌്തമാണ‌് .  കാളിയമർദനം,  അനന്തശയനം,  വാസുകിയെ കയറാക്കി പാലാഴി കടയുന്നതും  വിചിത്ര ജീവികളും, മൃഗങ്ങളും   രതിക്രീഡകളുമടങ്ങുന്ന ദാരുശിൽപങ്ങൾ വിസ‌്മയിപ്പിക്കുന്നവയാണ‌്.   ക്ഷേത്രപാലകനും  കാളരാത്രിയമ്മയും  പ്രധാന മൂർത്തിയായിട്ടുള്ള  മടിയൻ കുലോത്തിന്റെ   വ്യത്യസ്തമായ ചരിത്രം  ഐതീഹ്യങ്ങളിൽ പറയുന്നു.  
ഭദ്രകാളിയെ ആരാധിക്കുന്ന മഡിയൻ കൂലോത്ത‌്  ഭഗവതി, ക്ഷേത്രപാലകൻ എന്നിവയാണ‌് പ്രധാന ആരാധനാമൂർത്തികൾ . മെയ്, ജൂൺ മാസങ്ങളിൽ കലശമഹോത്സവം,  ഡിസംബർ, ജനുവരി മാസത്തിൽ പൂരമഹോത്സവം എന്നിങ്ങനെയാണ‌് ഉത്സവനാളുകൾ.  മടിക്കൈയിൽ മാത്രം കണ്ടുവരുന്ന കണ്ടംഭന്ദ്ര, രുദ്രാമണി, ഉമ്മച്ചി തെയ്യം   സദാസമയവും നിലവിളക്കിന്റെ ശോഭയിൽ പ്രശോഭിക്കുന്ന കന്നാടം മുസ്ലീം പള്ളി  എന്നിങ്ങനെ ചരിത്ര വിശേഷങ്ങളാൽ സമ്പന്നമാണ‌് മടിക്കൈ ഏച്ചിക്കാനം തറവാട‌്.  എരിക്കുളം മൺപാത്ര നിർമാണ ഗ്രാമം  തുടങ്ങിയവയെയും ടുറീസത്തിന്റെ ഭാഗമാക്കാവുന്നതാണ‌്.   കാഞ്ഞങ്ങാടിന്റെ തീരദേശസൗന്ദര്യവും പടന്നക്കാട‌് തീർഥങ്കരകുളത്തിന്റെ സാധ്യതകളും ടൂറിസം വികസനത്തിനായി ഉപയോഗപ്പെടുത്താം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top