28 September Tuesday
പുതിയ കീടത്തിന്റെ സാന്നിധ്യം കണ്ടെത്തി

കവുങ്ങുകള്‍ക്ക്‌ രോഗഭീതി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

തളിപ്പറമ്പ്

കണ്ണൂരിലെ കവുങ്ങ്‌ തോട്ടങ്ങളിൽ  ഇളം തണ്ടിനെ ആക്രമിക്കുന്ന പുതിയ കീടത്തിന്റെ സാന്നിധ്യം കണ്ടെത്തി. വണ്ട് വിഭാഗത്തിലുള്ള യൂപ്ലാറ്റിപസ് പരാലലസ് എന്ന  കീടമാണിത്. രണ്ടുവർഷംവരെ പ്രായമുള്ള കവുങ്ങിന്റെ  മണ്ടയിൽനിന്നും ഒരടി താഴെ തടിയിൽ മൊട്ടുസൂചി വലിപ്പത്തിൽ ദ്വാരങ്ങളുണ്ടാക്കുന്ന കീടങ്ങളെയാണ്  പടിയൂർ പഞ്ചായത്തിൽ  കണ്ടെത്തിയത്.  
 പടിയൂരിലെ എ വി സിബി, വർഗീസ് പുന്നത്താനത്ത് എന്നീ കർഷകരുടെ തോട്ടത്തിലാണ് തടിതുരപ്പന്റെ  വ്യാപക ആക്രമണം ഉണ്ടായത്. ജില്ലയിൽ ആദ്യമായാണ് ഇത്‌ പ്രത്യക്ഷപ്പെടുന്നത്. കവുങ്ങിന്റെ തലഭാഗത്തെ തടിയുടെ ദ്വാരങ്ങളിലൂടെ ഇളംമഞ്ഞ നിറം കലർന്ന തവിട്ടു നിറത്തിലുള്ള പശ പോലുള്ള ദ്രാവകം ഒലിച്ചിറങ്ങി കട്ടപിടിക്കും.  രൂക്ഷമായ ആക്രമണമുള്ള തൈകൾ  മഞ്ഞളിച്ച് വളർച്ച മുരടിച്ച്‌ നശിക്കും. രോഗവ്യാപനം തിരിച്ചറിഞ്ഞ് പ്രതിവിധി നടത്തിയില്ലെങ്കിൽ കവുങ്ങുകളുടെ വ്യാപക നാശത്തിന് ഇടയാക്കും. നേരത്തേ റബർ തടിയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 2018ൽ കാസർകോട് ജില്ലയിൽ ഇതേ കീടത്തെ കണ്ടെത്തിയിരുന്നു. കണ്ണൂർ ആത്മ, കൃഷി വകുപ്പ്, പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം എന്നിവിടങ്ങളിലെ വിദഗ്‌ധരടങ്ങിയ സംഘം  കൃഷിയിടം സ്ഥലം സന്ദർശിച്ചു. 
ഇരിക്കൂർ ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ കെ കെ ആദർശ്, കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫസർമാരായ വി അനു, ഡോ. കെ പി മഞ്ജു, ഫാം മാനേജർ കെ പി എം ഷഹനാസ്, പടിയൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് പി അജീഷ്, പി വി അഖിൽ എന്നിവരുൾപ്പെട്ട സംഘമാണ്‌ പരിശോധനക്കെത്തിയത്‌. 
നിയന്ത്രണ മാർഗങ്ങൾ 
രാസ കീടനാശിനികളായ  ക്വിനാൽഫോസ് 25 ഇസി (രണ്ട് മില്ലി) അല്ലെങ്കിൽ ക്ലോർപൈറിഫോസ് 20 ഇസി (2.5 മില്ലി) എന്നിവയിൽ ഏതെങ്കിലും കവുങ്ങിൽ തേച്ചുകൊടുക്കാം.  തടിയിലെ സുഷിരങ്ങളിലൂടെ സിറിഞ്ചുപയോഗിച്ചു കുത്തിവയ്‌ക്കുന്നതും നല്ലതാണെന്ന്‌ പടന്നക്കാട് കാർഷിക കോളേജ് പ്രൊഫസർ ഡോ. കെ എം ശ്രീകുമാർ  പറഞ്ഞു.
കീടാക്രമണംമൂലമുണ്ടാവുന്ന മുറിവുകൾമൂലം കവുങ്ങിന്  കുമിൾ രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. 
നൈട്രജൻ അടങ്ങിയ ജൈവവളം കൂടുതലായി നൽകിയതും മണ്ണിലെ പുളിരസവും പൊട്ടാഷ്, കാൽസ്യം, മഗ്‌നീഷ്യം തുടങ്ങി മറ്റു മൂലകങ്ങളടങ്ങിയ വളത്തിന്റെ കുറവുമുള്ള തോട്ടങ്ങളിൽ ഈ കീടത്തിന്റെ ആക്രമണ സാധ്യത കൂടുതലാണെന്ന്‌ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി ജയരാജ് പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top