15 July Wednesday

പ്രവാസികളുടെ ക്വാറന്റൈന്‍ ആദ്യ 7 ദിവസം സ്ഥാപനത്തിൽ; ബാക്കി വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
കണ്ണൂർ
വിദേശ രാജ്യങ്ങളിൽനിന്ന് തിരികെയെത്തുന്ന പ്രവാസികൾ ആദ്യ ഏഴുദിവസം സർക്കാർ നിശ്ചയിക്കുന്ന സ്ഥാപനത്തിലും ബാക്കി ഏഴുദിവസം നിശ്ചിത സൗകര്യങ്ങളുള്ള വീടുകളിലും നിരീക്ഷണത്തിൽ കഴിയണമെന്ന്  കലക്ടർ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദേശപ്രകാരം ഇറക്കിയ പുതിയ ഉത്തരവിലാണ് നിർദേശം. 
ഏഴു ദിവസത്തെ സ്ഥാപന ക്വാറന്റൈൻ പൂർത്തിയാക്കി മാറുന്ന വീടുകൾ ക്വാറന്റൈന് അനുയോജ്യമാണെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം. ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയാമെന്ന് വീട്ടിലേക്ക് മാറുന്നവരിൽനിന്ന്‌ ക്യാമ്പ് മാനേജർ സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങണം. വീട്ടിലേക്ക് മാറുന്നതിനുള്ള യാത്രാ സൗകര്യം ഓരോരുത്തരും സ്വന്തമായി ഒരുക്കണം. വാഹനത്തിന്റെ ഡ്രൈവർ സുരക്ഷാ മുൻകരുതൽ പാലിക്കുകയും യാത്രയ്ക്കുശേഷം വാഹനം അണുമുക്തമാക്കുകയും വേണം.
ഹോം ക്വാറന്റൈനിലേക്ക് മാറുന്ന വ്യക്തിയുടെ പേരുവിവരം വീട് സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയെയും ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറെയും അറിയിക്കണം. കോവിഡ് ജാഗ്രതാ പോർട്ടലിൽ ഇതുമായി ബന്ധപ്പെട്ട കാര്യം അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഹോം ക്വാറന്റൈനിലേക്ക് മാറുന്ന സമയം, തിയതി, വാഹന നമ്പർ, വീട് സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനം, വാർഡ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ക്യാമ്പ് മാനേജർ ഡിസ്ചാർജ് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
പ്രധാന വാർത്തകൾ
 Top