04 June Sunday

പാവപ്പെട്ടവർക്കായി ചട്ടങ്ങളിൽ 
മാറ്റം വരുത്താൻ തയ്യാർ: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

കണ്ണാടിപ്പറമ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മന്ത്രി കെ രാജന്‍ എത്തിയപ്പോള്‍

മയ്യിൽ 

പാവപ്പെട്ടവന് ഭൂമി ലഭ്യമാക്കാൻ മനുഷ്യനിർമിത നിയമത്തിലും ചട്ടത്തിലും ആവശ്യമെങ്കിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ന്യായമായ  ആവശ്യങ്ങൾക്ക് ചട്ടങ്ങളിൽ മാറ്റംവരുത്താൻ സർക്കാരിന് മടിയില്ല. എന്നാൽ, കൊള്ളലാഭം ഉണ്ടാക്കാൻ ബോധപൂർവം നിയമലംഘനം നടത്തുന്നത് ഏത് ഉന്നതനായാലും നടപടിയെടുക്കും. ഓഫീസ് സ്മാർട്ടായാൽ എല്ലാം തികഞ്ഞെന്ന അഭിപ്രായമില്ല. ഇന്ത്യയിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമ്പോഴും സാങ്കേതിക ജ്ഞാനമില്ലാത്തവനും മുഴുവൻ സേവനങ്ങളും ലഭ്യമാക്കാനാകണമെന്നും  മന്ത്രി പറഞ്ഞു. 
  റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.  കാത്തിരിക്കാനുള്ള സ്ഥലം, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ്, റെക്കോഡ് റൂം, ഡൈനിങ്, മീറ്റിങ് റൂമുകൾ, ജീവനക്കാർക്കും അംഗപരിമിതർക്കും പ്രത്യേക ശുചിമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.  കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. നിർമിതി കേന്ദ്രം ഓവർസിയർ ആൻസി സുനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ,  കലക്ടർ എസ് ചന്ദ്രശേഖർ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി റഷീദ,  കാണി ചന്ദ്രൻ, എഡിഎം കെ കെ ദിവാകരൻ, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി, കണ്ണൂർ  തഹസിൽദാർ എം ടി സുരേഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top