മട്ടന്നൂർ
കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ നാലായിരം മീറ്ററായി വികസിപ്പിക്കുന്നതിന് കാനാട്, നല്ലാണി, കോളിപ്പാലം എന്നിവിടങ്ങളിൽ 245 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു. വെള്ളിയാംപറമ്പിൽ സുഹൃദ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിമാനത്തിന്റെ തുടർവികസത്തിന് സ്ഥലം ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. കല്ലേരിക്കര ലൈറ്റ്നിങ് ഏരിയയിൽ അഞ്ച് വീടും കാനാട് മണ്ണിടിഞ്ഞ് നാശമുണ്ടായ ഏഴ് വീടും കൊതേരിയിൽ 92 ഏക്കർ ഭൂമിയും ഏറ്റെടുക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. വിമാനത്താവള വികസനത്തിന്റെയോ സ്ഥലമെടുപ്പിന്റെയോ കാര്യത്തിൽ ഒരു ആശങ്കയും ആർക്കും വേണ്ട. കേരളത്തിന്റെ സമഗ്ര വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. കിഫ്ബിയിലൂടെ വൻ വികസനമാണ് നാലര വർഷം കേരളത്തിലുണ്ടായത്. ഇതിൽ യുഡിഎഫിന് വെപ്രാളമാണ്. അതുകൊണ്ടാണ് കിഫ്ബിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്.
കേരളത്തിലെ വികസനവും എൽഡിഎഫ് മുന്നേറ്റവും കണ്ട് തുല്യ ദുഃഖിതരായ കോൺഗ്രസും ബിജെപിയും ഒന്നിച്ച് നീങ്ങുന്ന കാഴ്ചയാണുള്ളതെന്നും ഇ പി പറഞ്ഞു. എം രാജൻ അധ്യക്ഷനായി. എൻ വി ചന്ദ്രബാബു, എം രതീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..