20 October Tuesday

തദ്ദേശ തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങി

പ്രത്യേക ലേഖകൻUpdated: Tuesday Sep 29, 2020
കണ്ണൂർ
വീണ്ടുമൊരു രാഷ്‌ട്രീയ ബലാബലത്തിനു കളമൊരുങ്ങുകയാണ്‌. സംവരണ വാർഡ്‌ നിർണയത്തിന്‌ തിങ്കളാഴ്‌ച തുടക്കം കുറിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പ്‌ ഒരുക്കം അവസാനഘട്ടത്തിലേക്കു കടന്നു. കോവിഡ്‌ നിയന്ത്രണം കാരണം പുറമെ ആരവം കുറയുമെങ്കിലും തീപാറുന്ന പോരാട്ടത്തിന്റെ നാളുകളാണ്‌ ഇനി. 
കണ്ണൂരിന്റെ രാഷ്‌ട്രീയ പ്രബുദ്ധതയുടെയും വികസന രാഷ്‌ട്രീയത്തോടുള്ള  പ്രതിബദ്ധതയുടെയും സാക്ഷ്യപത്രമെന്നോണം ഓരോ തദ്ദേശ തെരഞ്ഞെടുപ്പും ഇടതുപക്ഷമുന്നേറ്റത്തിന്റെ വിളംബരമാവുകയാണ്‌ പതിവ്‌‌. 2015ൽ  92 പ്രാദേശിക സർക്കാരുകളിൽ മുക്കാൽ പങ്കിന്റെയും ഭരണസാരഥ്യം എൽഡിഎഫിനു ലഭിച്ചു. 
ജില്ലാ പഞ്ചായത്തും 11 ബ്ലോക്ക്‌ പഞ്ചായത്തുകളും  71 പഞ്ചായത്തുകളിൽ 53 ഉം ഒമ്പതു നഗരസഭകളിൽ ആറും എൽഡിഎഫ്‌ നിയന്ത്രണത്തിലാണ്‌. പുതുതായി രൂപംകൊണ്ട കണ്ണൂർ കോർപറേഷനിൽ ആദ്യ നാലുവർഷത്തോളം ഭരണച്ചുമതല വഹിക്കാനും എൽഡിഎഫിനു കഴിഞ്ഞു. മൂന്നു നഗരസഭകളും 18 പഞ്ചായത്തുകളുംമാത്രമാണ്‌ യുഡിഎഫിനു ലഭിച്ചത്‌. ബിജെപിക്ക്‌ ഒരു പഞ്ചായത്തുപോലും നേടാനായില്ല. വിജയം വിരലിലെണ്ണാവുന്ന വാർഡുകളിൽ ഒതുങ്ങി. 
    ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകളിൽ 16 എണ്ണം എൽഡിഎഫ്‌ പക്ഷത്താണ്‌. യുഡിഎഫിന്‌ ഒമ്പതെണ്ണം . ബ്ലോക്കു പഞ്ചായത്തുകളിൽ 2010ലെ തെരഞ്ഞെടുപ്പിൽ നഷ്ടമായിരുന്ന കണ്ണൂർകൂടി പിടിച്ചെടുത്ത്‌ എൽഡിഎഫ്‌ സമ്പൂർണ വിജയം കരസ്ഥമാക്കി. നഗരസഭകളിൽ തലശേരി, കൂത്തുപറമ്പ്‌, മട്ടന്നൂർ, ഇരിട്ടി, ആന്തൂർ, പയ്യന്നൂർ എന്നിവ എൽഡിഎഫിനും തളിപ്പറമ്പ്‌, ശ്രീകണ്‌ഠപുരം, പാനൂർ എന്നിവ യുഡിഎഫിനും ലഭിച്ചു. മട്ടന്നൂർ നഗരസഭയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ്‌ നടക്കുന്നില്ല. 
പഞ്ചായത്തുകളിൽ ചെറുതാഴം, ഏഴോം, ചെറുകുന്ന്‌, കണ്ണപുരം, കല്യാശേരി, നാറാത്ത്‌, പെരിങ്ങോം–-വയക്കര, എരമം കുറ്റൂർ, കാങ്കോൽ–-ആലപ്പടമ്പ്‌, കരിവെള്ളൂർ–-പെരളം, കുഞ്ഞിമംഗലം, രാമന്തളി, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കടന്നപ്പള്ളി–-പാണപ്പുഴ, മലപ്പട്ടം, മയ്യിൽ, പടിയൂർ–-കല്ല്യാട്‌, കുറ്റ്യാട്ടൂർ, ചിറക്കൽ, അഴീക്കോട്‌, പാപ്പിനിശേരി, മുണ്ടേരി, ചെമ്പിലോട്‌, കടമ്പൂർ, പെരളശേരി, മുഴപ്പിലങ്ങാട്‌, വേങ്ങാട്‌, ധർമടം, എരഞ്ഞോളി, പിണറായി, ന്യൂമാഹി, അഞ്ചരക്കണ്ടി, ചിറ്റാരിപ്പറമ്പ്‌, പാട്യം, മാങ്ങാട്ടിടം, കോട്ടയം, ചൊക്ലി, പന്ന്യന്നൂർ, കുന്നോത്തുപറമ്പ, മൊകേരി, കതിരൂർ, കീഴല്ലൂർ, തില്ലങ്കേരി, കൂടാളി, പായം, കേളകം, മുഴക്കുന്ന്‌, കോളയാട്‌, മാലൂർ, പേരാവൂർ എന്നിവയിലാണ്‌ ‌ നിലവിൽ എൽഡിഎഫ്‌ ഭരണം. മാടായി, മാട്ടൂൽ, ഉദയഗിരി, ആലക്കോട്‌, നടുവിൽ, ചപ്പാരപ്പടവ്‌, ഇരിക്കൂർ, ഏരുവേശി, പയ്യാവൂർ, ഉളിക്കൽ, വളപട്ടണം, കൊളച്ചേരി, തൃപ്പങ്ങോട്ടൂർ, ആറളം, അയ്യൻകുന്ന്‌, കണിച്ചാർ, കൊട്ടിയൂർ, ചെറുപുഴ പഞ്ചായത്തുകൾ യുഡിഎഫ്‌ നിയന്ത്രണത്തിൽ.
കഴിഞ്ഞതിനേക്കാൾ തിളക്കമാർന്ന വിജയമാണ്‌ ഇക്കുറി എൽഡിഎഫ്‌ ലക്ഷ്യമാക്കുന്നത്‌. സംസ്ഥാന‌ സർക്കാരിന്റെ അത്ഭുതാവഹമായ വികസന പ്രവർത്തനങ്ങളും പ്രാദേശിക സർക്കാരുകളെ ശാക്തീകരിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയും  രാഷ്‌ട്രീയ സാഹചര്യങ്ങളിൽവന്ന ഗുണപരമായ മാറ്റങ്ങളും ഇതിന്‌ സാധുതയേകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top