09 August Sunday

കനക്കണം ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
കണ്ണൂർ
ഞായറാഴ്‌ച മാത്രം 26 കോവിഡ്‌ രോഗികൾ. ഇതിനകം 431 പേർക്ക്‌ രോഗം പിടിപെട്ടു. ഏറെ ആശങ്കയുളവാക്കുന്നുണ്ട്‌ ജില്ലയിലെ സ്ഥിതിവിശേഷം. ആകെ രോഗികളിൽ 361 പേരും (83.76 ശതമാനം) പുറമെനിന്നുവന്നവരാണെന്നതും 70 പേർക്കു മാത്രമേ (16.24 ശതമാനം) സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിട്ടുള്ളൂവെന്നതും ആശ്വാസം പകരുമ്പോഴും അതീവ ജാഗ്രതയിലേക്കും  കരുതലിലേക്കുമാണ്‌ ഈ കണക്കുകൾ നമ്മെ നയിക്കുന്നത്‌. 
പൂർണമായ അടച്ചിടലുണ്ടായ ഘട്ടത്തിൽ ജില്ലയിൽ 118 രോഗികളാണ്‌ ഉണ്ടായിരുന്നത്‌. അവരെയെല്ലാം ചികിത്സിച്ചു ഭേദമാക്കാനായി. പ്രത്യേക വിമാന –-ട്രെയിൻ സർവീസുകൾ  ആരംഭിച്ച്‌ വിദേശങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും സഹോദരങ്ങൾ എത്തിത്തുടങ്ങിയതോടെയാണ്‌ രോഗികളുടെ എണ്ണം കുത്തനെ വർധിച്ചത്‌. 
ഇളവാണ്‌,
ദുരുപയോഗമരുത്‌
രോഗവ്യാപനം കുറഞ്ഞതുകൊണ്ടല്ല, ജനങ്ങളുടെ ഉപജീവനമാർഗം അടഞ്ഞുപോകരുതെന്നതുകൊണ്ടാണ്‌ ഘട്ടംഘട്ടമായി ലോക്ക്‌ഡൗണിൽ ഇളവ്‌ വരുത്തിയത്‌.  ഒടുവിൽ ഞായറാഴ്‌ച അടച്ചുപൂട്ടലും ഒഴിവാക്കിയിട്ടുണ്ട്‌. ഈ സൗകര്യം ദുരുപയോഗിച്ച്‌ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്‌ കാര്യങ്ങൾ  സങ്കീർണമാക്കും.  ഇതിനകം വിദേശരാജ്യങ്ങളിൽനിന്ന്‌ പതിനാറായിരത്തോളം പേരാണ്‌ ജില്ലയിൽ മടങ്ങിയെത്തിയത്‌. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ 25,000ലധികം പേർ. ചാർട്ടേഡ്‌ വിമാനങ്ങളിലും ടെയിനുകളിലും മറ്റുമായി ആയിരങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. 
വിമാനത്താവളങ്ങളിൽ റാപ്പിഡ്‌ ആന്റിബോഡി  പരിശോധന ഏർപ്പെടുത്തിയതിനാൽ രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നു തന്നെയാണ്‌ അധികൃതർ നൽകുന്ന സൂചന.  
കൂടുതൽ സംവിധാനങ്ങൾ
രോഗികളുടെ എണ്ണം ഇനിയും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ അധികൃതർ ഉണർന്നുപ്രവർത്തിക്കുന്നുണ്ട്‌. പുതുതായി ആറ്‌ ഫസ്‌റ്റ്‌ലൈൻ ചികിത്സാ കേന്ദ്രങ്ങൾ തയ്യാറാക്കി കൂടുതൽ ബെഡ്‌ സൗകര്യങ്ങൾ ഒരുക്കിയത്‌  ഇതിന്റെ ഭാഗമാണ്‌. ഞായറാഴ്‌ചയും ഒരു കെട്ടിടം ഏറ്റെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top