25 May Monday

മാക്കൂട്ടംവഴി ചരക്കുഗതാഗതം ഉടൻ പുനഃസ്ഥാപിക്കണം: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
കണ്ണൂർ
തലശേരി–- കുടക്‌ ദേശീയപാതയിൽ മാക്കൂട്ടത്ത് മണ്ണിട്ടുയർത്തി ചരക്ക് ഗതാഗതം പോലും തടഞ്ഞ കർണാടകത്തിന്റെ നടപടി പ്രതിഷേധാർഹവും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയാസവുമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉടൻ ഇടപെടണം. 
പ്രധാന അന്തർസംസ്ഥാനപാതയാണ് തലശേരി–- കുടക്‌  റോഡ്. കർണാടകത്തിൽനിന്ന് കേരളത്തിലേക്കും കേരളത്തിൽനിന്ന് കർണാടകത്തിലേക്കും ചരക്ക് ഗതാഗതത്തിനടക്കം ധാരാളം വാഹനങ്ങൾ പോകുന്നുണ്ട്‌. 
കോവിഡ് 19 മഹാമാരിയുടെ സാമൂഹ്യവ്യാപനം തടയാൻ അങ്ങോട്ടോമിങ്ങോട്ടുമുള്ള യാത്രക്കാരെ നിയന്ത്രിച്ചത് ഇരു സംസ്ഥാനങ്ങളും അംഗീകരിച്ചതാണ്.   ചരക്ക് ഗതാഗതം തടയില്ലെന്നാണ് പ്രധാനമന്ത്രിയടക്കം വ്യക്തമാക്കിയത്. ഇതുവരെ രണ്ടുഭാഗത്തും ബാരിക്കേഡുകൾ ഉണ്ടായിരുന്നു. 
യാത്രവാഹനങ്ങളെ നിയന്ത്രിക്കാൻ അതുവഴി കഴിഞ്ഞു. ഇപ്പോൾ ചരക്ക് ഗതാഗതം മാത്രമാണുള്ളത്. കർണാടകത്തിൽനിന്ന് 40 വാഹനങ്ങളിൽ പച്ചക്കറിയും ഏഴു ലോറികളിൽ ഗ്യാസ് സിലിൻഡറുകളും മണ്ണിട്ടുയർത്തിയതിന്റെ ഫലമായി കണ്ണൂരിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. 
പച്ചക്കറിയുടെ വരവ് നിലച്ചതോടെ രൂക്ഷമായ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ സംസാരിച്ചതിനെതുടർന്ന് മണ്ണ് നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കുമെന്ന് കർണാടകം സമ്മതിച്ചതാണെങ്കിലും 24 മണിക്കൂർ കഴിഞ്ഞിട്ടും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലെന്ന്‌ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
പ്രധാന വാർത്തകൾ
 Top