21 May Saturday

കോവിഡാനന്തരം 
മുടികൊഴിച്ചിലും ഉറക്കക്കുറവും

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

തലശേരി കോളേജ്‌ ഓഫ്‌ നഴ്‌സിങ്ങിലെ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥികൾ നടത്തിയ കോവിഡാനന്തര ആരോഗ്യ സർവേ റിപ്പോർട്ട്‌ 
കോ–-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ ഫെഡറേഷൻ പ്രസിഡന്റ്‌ കെ ശശിധരൻ നഗരസഭാ വൈസ്‌ ചെയർമാൻ വാഴയിൽ ശശിക്ക്‌ നൽകുന്നു.

തലശേരി
കോവിഡാനന്തരം ക്ഷീണവും കിതപ്പും ഒപ്പം മുടികൊഴിച്ചിലുമുണ്ടാകുന്നതായി കോളേജ്‌ ഓഫ്‌ നഴ്‌സിങ് വിദ്യാർഥികൾ നടത്തിയ ആരോഗ്യസർവേയിൽ കണ്ടെത്തൽ.  കോവിഡ്‌ ബാധിച്ച്‌ രണ്ടാഴ്‌ച കഴിഞ്ഞ 342 പേരിൽ നടത്തിയ സർവേയിലാണ്‌ കോവിഡ്‌ ബാധിതരുടെ ആരോഗ്യപ്രശ്‌നങ്ങളുടെ തീവ്രത പുറത്തുവന്നത്‌. 23.89 ശതമാനം പേർക്കും കോവിഡിനുശേഷം മുടികൊഴിച്ചിലുണ്ടാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. ക്ഷീണവും (37.13 ശതമാനം) കിതപ്പുമാണ്‌ (24.85 ശതമാനം) കൂടുതൽ ആളുകളിൽ കണ്ടത്‌. ഉറക്കക്കുറവ്‌, ചുമ, ശരീരവേദന, സന്ധിവേദന എന്നിവയുള്ളവരും രോഗമുക്തരിലുണ്ട്‌. 
നഗരസഭയിലെ ഒന്നുമുതൽ മൂന്നുവരെ വാർഡിലുള്ളവർക്ക്‌ പ്രത്യേക ചോദ്യാവലി നൽകി കഴിഞ്ഞ ഡിസംബറിലായിരുന്നു സർവേ. 40–-60 പ്രായപരിധിക്കാരിലാണ്‌ ആരോഗ്യപ്രശ്‌നങ്ങൾ കൂടുതലായി കണ്ടത്‌. ഹൃദയസംബന്ധമായ പ്രശ്‌നം, മണമില്ലായ്‌മ, രുചിയില്ലായ്‌മ, നാഡീസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയും രോഗമുക്തരിൽ അനുഭവപ്പെടുന്നു. വാക്‌സിനെടുത്തവരിൽ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ താരതമ്യേന കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. വാർഡ്‌ കൗസിലർമാർ, ആശാ വർക്കർമാർ എന്നിവരുടെ സഹകരണത്തോടെയായിരുന്നു സർവെ. 
 നാലാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥികൾ നടത്തിയ ആരോഗ്യസർവേയുടെ റിപ്പോർട്ട്‌ നഗരസഭക്ക്‌ കൈമാറി. പ്രസ്‌ഫോറം ഹാളിൽ ചേർന്ന ചടങ്ങിൽ കോ–-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ ഫെഡറേഷൻ ചെയർമാൻ കെ ശശിധരൻ നഗരസഭാ വൈസ്‌ചെയർമാൻ വാഴയിൽ ശശിക്ക്‌ റിപ്പോർട്ട്‌ നൽകി. അസി. പ്രൊഫസർ ഷൈനി ചാക്കോ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സ്വപ്‌ന ജോസ്‌,  വൈസ്‌ പ്രിൻസിപ്പൽ പ്രൊഫ. പി വി സജന, കെ വേലായുധൻ, സി മോഹനൻ, എസ്‌ സലിന, എ എസ്‌ ഫിയാസ്‌  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top