20 February Wednesday

സുപ്രീംകോടതി ഉത്തരവ‌് സിബിഐ രാഷ്ട്രീയക്കളിക്കുള്ള മുന്നറിയിപ്പ‌്

കെ ടി ശശിUpdated: Saturday Jul 28, 2018
കണ്ണൂർ
കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്കുള്ള കനത്ത പ്രഹരമാണ് ഷുക്കൂർ കേസിൽ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നുണ്ടായ ഉത്തരവ്. കേസന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടിരിക്കയാണ് പരമോന്നത നീതിപീഠം. സിബിഐ മൂന്നു മാസത്തെ സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല.
അതതുകാലത്തെ കേന്ദ്ര ഭരണാധികാരികളുടെ ചട്ടുകമായി രാഷ്ട്രീയ പ്രതിയോഗികളെ ദ്രോഹിക്കാൻ സിബിഐ ഇത്തരം കേസുകൾ ഉപയോഗിക്കുന്നുവെന്നത് രഹസ്യമല്ല. ഷുക്കൂർ കേസ് മാത്രമല്ല, കതിരൂർ മനോജ് കേസ് ഉൾപ്പെടെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നിരത്താനാകും. കേസുകൾ ഏറ്റെടുക്കുന്നതിൽപോലുമുണ്ട് കൃത്യമായ രാഷ്ട്രീയ താൽപര്യവും വിവേചനവും. മറ്റു സംസ്ഥാനങ്ങളുമായോ, രാജ്യങ്ങളുമായോ ബന്ധമുള്ള, സംസ്ഥാന പൊലീസിന് അന്വേഷിക്കാൻ സാങ്കേതിക പരിമിതികളുള്ള കേസുകൾ ഏറ്റെടുക്കാൻവരെ വൈമുഖ്യം പ്രകടിപ്പിക്കുന്ന സിബിഐ രാഷ്ട്രീയബന്ധമുള്ള കേസുകളാണെങ്കിൽ ചാടിക്കേറി ഏൽക്കും. ഭരണതലത്തിൽനിന്നുള്ള സമ്മർദമാണ് ഇതിനു പിന്നിൽ.
പ്രതിസ്ഥാനത്തുള്ളവരെ ചോദ്യംചെയ്യാനെന്ന പേരിൽ കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ തുടർച്ചയായി വിളിപ്പിക്കുന്നത് വിനോദമാക്കിയിരിക്കയാണ് ചില ഉദ്യോഗസ്ഥർ. ഷുക്കൂർ കേസുമായി ബന്ധപ്പെട്ട് പി ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും ഇതിനകം മൂന്നുതവണ വീതം വിളിപ്പിച്ചു. കേസിലെ മറ്റുള്ളവരെ മാസത്തിലൊരിക്കൽ വിളിപ്പിക്കുന്നുണ്ട്. അന്വേഷണം  ഏറ്റെടുത്ത് മൂന്നു വർഷമായിട്ടും ഒരു പുരോഗതിയുമില്ലതാനും. 
ഗൂഢാലോചന കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് സിബിഐ അവകാശവാദം. നമ്മുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കലാണിത്. പൊടുന്നനെയുള്ള പ്രകോപനത്തെ തുടർന്നുണ്ടായ നിർഭാഗ്യകരമായ ഒരു സംഭവത്തിൽ എവിടെയാണ് ഗൂഢാലോചനയ്ക്ക‌് പ്രസക്തി? നേരത്തെ കേരള പൊലീസ് ആളുകളെ ഇടിച്ചുപിഴിഞ്ഞ് അന്വേഷിച്ചതാണ്. ഒരു യുവാവിന്റെ മലദ്വാരത്തിൽവരെ കമ്പി കയറ്റി. എന്നിട്ടും ഗൂഢാലോചന തെളിഞ്ഞില്ല. ഒടുവിൽ മുൻകൂട്ടി അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന വകുപ്പു ചേർത്താണ് പി ജയരാജനെയും ടി വി രാജേഷിനെയും കേസിൽ കുടുക്കിയത്. അതും വ്യാജ സാക്ഷികളെ സൃഷ്ടിച്ച്. 
കുറ്റംപത്രം സമർപ്പിച്ച് വിചാരണഘട്ടത്തിലെത്തിയ ഷുക്കൂർ കേസ് ഹൈക്കോടതി സിബിഐക്കു വിട്ടതിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ നിഗൂഢ ഇടപെടലുകളുണ്ട്. തലശേരിക്കാരനായ അന്നത്തെ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസായിരുന്നു ഇതിനായി ചരടുവലിച്ചതെന്നതും ആർക്കും നിഷേധിക്കാനാകാത്ത വസ്തുത. യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയയിരുന്നില്ല, മറിച്ച് പി ജയരാജനടക്കമുള്ള രാഷ്ട്രീയ പ്രതിയോഗികളെ പരമാവധി ദ്രോഹിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇപ്പോൾ സിബിഐയും ഇതേ തന്ത്രം അനുവർത്തിക്കുന്നു. 
കേന്ദ്ര അന്വേഷണ ഏജൻസി എന്നതിനപ്പുറം സിബിഐക്ക് വിശേഷാധികാരങ്ങളൊന്നുമില്ല. ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടിച്ചട്ടങ്ങളും അനുസരിച്ചു തന്നെയാണ് അവരും അന്വേഷണം നടത്തി പ്രതികളെ പിടിക്കേണ്ടത്. സിബിഐ അന്വേഷിച്ച് ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണമെടുത്താലും പ്രത്യേക മികവ് അവകാശപ്പെടാനാവില്ല. ഇതിനു പുറമെയാണ് വർഷങ്ങളോളം വലിച്ചുനീട്ടിയുള്ള അന്വേഷണം. അഭയ കേസ് അന്വേഷിക്കാൻ എത്ര വർഷങ്ങളാണെടുത്തത്. ഇതു തിരിച്ചറിയാതെ ജനങ്ങൾ ഇപ്പോഴും 'സിബിഐ, സിബിഐ' എന്ന് ആരവം മുഴക്കുന്നുവെന്നതാണ് ഏറ്റവും വലിയ ദുര്യോഗം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top