17 January Sunday

മുഴങ്ങുന്നത്‌ ഇടതിന്റെ വിജയഭേരി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020
കണ്ണൂർ
ഉലയാത്ത ഇടതുകോട്ടയായ പയ്യന്നൂർ ബ്ലോക്കിൽ ഇത്തവണയും എൽഡിഎഫ്‌ വിജയം സുനിശ്ചിതം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13ൽ പത്തിലും നേടിയ ഉജ്വല വിജയം കൂടുതൽ ഡിവിഷനുകളിലേക്ക്‌ വ്യാപിപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ്‌ എൽഡിഎഫ്‌. എണ്ണിയെണ്ണിപ്പറയാവുന്ന വികസനനേട്ടങ്ങളുടെ കരുത്തിൽ ഇടതുപക്ഷം വോട്ടുതേടുമ്പോൾ  വിമതശല്യത്തിന്റെ ഊരാക്കുടുക്കുകളിലാണ്‌ യുഡിഎഫ്‌.
    ബ്ലോക്കിനുകീഴിലെ പെരിങ്ങോം–വയക്കര, എരമം–കുറ്റൂർ, കാങ്കോൽ–- ആലപ്പടമ്പ്‌, കരിവൈള്ളൂർ–പെരളം, കുഞ്ഞിമംഗലം, രാമന്തളി പഞ്ചായത്തുകളിൽ എൽഡിഎഫും ചെറുപുഴ പഞ്ചായത്തിൽ യുഡിഎഫുമാണ്‌ ഭരിക്കുന്നത്‌. കരിവെള്ളൂർ, പെരളം, ചൂരൽ, പാടിയോട്ടുചാൽ, പുളിങ്ങോം, പ്രാപ്പൊയിൽ, പെരിന്തട്ട, വെള്ളോറ, മാതമംഗലം, കാങ്കോൽ, കുഞ്ഞിമംഗലം, കുന്നരു, രാമന്തളി എന്നിവയാണ്‌ ബ്ലോക്ക്‌ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഡിവിഷനുകൾ. ആകെ വോട്ടർമാർ 1,38,531. 
ബ്ലോക്ക്‌ രൂപീകരിച്ച കാലംമുതൽ ഭരണം എൽഡിഎഫിനാണ്‌. കഴിഞ്ഞ ഭരണസമിതിയുടെ ആദ്യ പ്രസിഡന്റായിരുന്ന സി സത്യപാലന്റെയും തുടർന്നുവന്ന എം ടി പി നൂറുദ്ദീന്റെയും നേതൃത്വത്തിൽ ഒട്ടനവധി  ജനക്ഷേമപദ്ധതികൾ യാഥാർഥ്യമായി. സൗജന്യ ചികിത്സയും ജീവൻ രക്ഷാമരുന്നുകളും നൽകുന്ന സമഗ്ര ആരോഗ്യപദ്ധതിയും വീട്ടുപടിക്കൽ ചികിത്സയെത്തുന്ന മൊബൈൽ ക്ലിനിക്കും കരിവെള്ളൂർ പിഎച്ച്സി മുഖേന കിടപ്പുരോഗികൾക്ക് സാന്ത്വന പരിചരണം നൽകുന്ന സ്നേഹസ്പർശം പദ്ധതിയും  ശ്രദ്ധേയമായി.
    ‘തെളിമ 'മാലിന്യ നിർമാർജന പദ്ധതി വിജയം കണ്ടു. ക്ഷീരോൽപാദന സ്വയം പര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതിയും കർഷകർക്ക് ആശ്വാസമായി. ‘അലമാരയിൽനിന്ന് അകതാരിലേക്ക്’ വായന പ്രോത്സാഹന പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ എഴുത്തുകാരൻ എം മുകുന്ദനായിരുന്നു.
   മുഴുവൻ ഡിവിഷനിലും ഇത്തവണ ത്രികോണ മത്സരമാണ്. എല്ലായിടത്തും എൽഡിഎഫ് പ്രചാരണം സജീവം. ചെറുപുഴ പഞ്ചായത്തിൽ വിമതർ രംഗത്തുള്ളത് യുഡിഎഫിൽ ആശങ്കയുയർത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ്‌ ജമീല കോളയത്തുതന്നെ കോൺഗ്രസ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്നു. ഒരു വാർഡിൽ കോൺഗ്രസും ലീഗും നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫിന് നഷ്ടമായ ഒരു സീറ്റിൽ വിജയിച്ചത് കേരള കോൺഗ്രസ് എം ആയിരുന്നു.കേരള കോൺഗ്രസ് –-എമ്മിന്റെ വരവും എൽഡിഎഫിന് കൂടുതൽ സീറ്റുനേടാൻ സഹായകമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top